സ്വര്‍ണത്തില്‍ തീര്‍ത്ത പള്ളിയും തനി തങ്കത്തിലുള്ള ക്രിസ്തുവും

ജെയിംസ് കണ്ടത്തില്‍, കണ്ടനാട്

ക്രിസ്തു ചിരിക്കുകയാണ്. സന്തോഷത്തിന്‍റേതല്ല പക്ഷേ, ആ ചിരി; സംതൃപ്തിയുടേതുമല്ല. പരിഹാസത്തിന്‍റെ ചിരി. തീവ്രനൊമ്പരത്തിന്‍റെ ചിരി.

ആഘോഷങ്ങളൊക്കെയും പെരുന്നാളുകള്‍, നൊവേനകള്‍, കൂട്ടായ്മകള്‍, പ്രാര്‍ത്ഥനാവാരങ്ങള്‍, എന്തിന് ഓര്‍മ്മയ്ക്കായി അര്‍പ്പിക്കപ്പെടുന്ന ബലിപോലും ആഘോഷമാണിന്ന്. നല്ല രീതിയില്‍ ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാന്‍ പ്രാപ്തിയില്ലാത്തവര്‍ക്ക് ഒരു നേരത്തെ നല്ല ഭക്ഷണം എന്ന ദൈവികമായ കാഴ്ചപ്പാടില്‍നിന്ന് പിറവിയെടുത്തതാണു കണ്ണമാലിയിലെ ഊട്ടുനേര്‍ച്ച. മൂന്നു നേരവും സമൃദ്ധമായി ഊണ് കഴിക്കുന്നവന് ഊണ് വിളമ്പി ആ പുണ്യപ്രവൃത്തി ഇന്നു പല പള്ളികളും ആഘോഷമാക്കി മാറ്റിത്തീര്‍ത്തു. സദ്യയ്ക്കു മുന്നില്‍ എന്തെങ്കിലും വിശേഷണങ്ങള്‍ ചേര്‍ത്താല്‍ അതു പുണ്യവും ക്രൈസ്തവവുമായി മാറുമെന്ന് ആരാണിവര്‍ക്കു പറഞ്ഞുകൊടുത്തത്?

പള്ളികള്‍തന്നെ ഒരു ആഘോഷവസ്തുവായി പരിണമിക്കുകയാണ്. പണക്കൊഴുപ്പിന്‍റെ ധാര്‍ഷ്ട്യം വിളിച്ചറിയിക്കുന്നവയായി നിലകൊള്ളുന്നു പല പള്ളികളും. സെമിനാരികളില്‍ ഇപ്പോള്‍ ദൈവശാസ്ത്രത്തിനു പകരം തച്ചുശാസ്ത്രവും ധനാകര്‍ഷണ ശാസ്ത്രവുമാണോ പഠിപ്പിക്കുന്നതെന്നു ശങ്കിച്ച രസികനെ ഇതൊക്കെ കാണുമ്പോള്‍ ആര്‍ക്കു കുറ്റപ്പെടുത്താനാകും? കാരുണ്യപ്രവൃത്തികളാകട്ടെ, ഭൗതികതയിലേക്ക് ഏറെ ചാഞ്ഞുനില്ക്കുന്ന തങ്ങളുടെ പ്രവൃത്തികള്‍ക്കു ന്യായം കാണുന്നതിനുള്ള ഉപായമായിട്ടാണു പലരും ഉപയോഗിക്കുന്നത്.

ചെറിയവര്‍ക്കുവേണ്ടി നീ എന്തു ചെയ്തു എന്ന അന്തിമവിധിയിലെ ക്രിസ്തുവാക്യം, എന്തായിരിക്കണം തന്‍റെ സഭയുടെ പ്രഥമവും അന്തിമവുമായ താത്പര്യം എന്ന് അര്‍ത്ഥശങ്കയില്ലാതെ വെളിപ്പെടുത്തുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org