കാഴ്ചകള്‍ ഒരുക്കുന്ന കാഴ്ചപ്പാടുകള്‍

ജെയിംസ് മണവാളന്‍, പുത്തന്‍പള്ളി

2018 ഏപ്രില്‍ 25-ലെ എഡിറ്റോറിയല്‍ നമ്മെ ഇരുത്തിചിന്തിപ്പിക്കുന്ന ഒന്നായിരുന്നു. സ്ത്രീയെ അമ്മയെപ്പോലെ ബഹുമാനിക്കുന്ന രാജ്യമെന്നു മേനി നടിക്കുന്ന ഭാരതത്തിന്‍റെ പ്രധാനമന്ത്രി സന്ദര്‍ശിച്ച വിദേശരാജ്യങ്ങളിലെല്ലാം നടന്ന പ്രതിഷേധജ്വാലകള്‍ നാം കണ്ടില്ലെന്നു നടിക്കരുത്. ജമ്മുവിലെ കഠ്വായില്‍ പീഡിപ്പിച്ചു കൊന്ന എട്ട് വയസ്സുകാരിയുടെ ചിതയെരിഞ്ഞു തീരുംമുമ്പേ ഇതാ മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലും അതിലുംക്രൂരമായ സംഭവം അരങ്ങേറിയിരിക്കുന്നു. അമ്മയോടൊപ്പം ഉറങ്ങിയ നാലു മാസം പ്രായുള്ള പെണ്‍കുഞ്ഞിനെ 25 വയസ്സുള്ള അമ്മയുടെ ബന്ധുതന്നെ പീഡിപ്പിച്ചുകൊന്നു.

"ഈ ക്രൂരകൃത്യം ചെ യ്തവരെ മൃഗങ്ങള്‍" എന്നുപോലും വിളിക്കാന്‍ അറപ്പ് തോന്നുന്നു. ഇതു ചെയ്തതു "മനുഷ്യരൂപം വരിച്ച ഏതോ വിചിത്രജീവികളാണ്." എങ്ങനെ നമ്മുടെ രാജ്യത്ത് ഇങ്ങനെ ചിലരുണ്ടായി എന്നു നാം ചിന്തിക്കണം? എഡിറ്റോറിയല്‍ പറഞ്ഞതു 100 ശതമാനം ശരിയാണ്. അടിക്കടി പെരുകുന്ന ഇത്തരം ഹീനകൃത്യങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ നമ്മുടെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സന്നദ്ധസംഘടനകളും കലാ സാഹിത്യകാരന്മാരും നന്മ ഉള്ളില്‍ സൂക്ഷിക്കുന്നവരുമായ എല്ലാവരുംതന്നെ ഈ സാമൂഹികവിപത്തിനെതിരെ രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു മെഴുകുതിരി പ്രകടനത്തിലും ഹര്‍ത്താലിലും ഒതുങ്ങുന്നതാകരുത് നമ്മുടെ പ്രതി ഷേധം. "മൃഗത്തേക്കാള്‍ ബുദ്ധിയും വിവേകവും ഉണ്ടെന്ന്" അഭിമാനിക്കുന്ന മനുഷ്യാ, കഠ്വായിലെയും ഇന്‍ഡോറിലെയും കുഞ്ഞുങ്ങളുടെ കണ്ണീരില്‍ ഒലിച്ചുപോകാതിരിക്കാന്‍ ഒരുങ്ങിയിരിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org