എതിര്‍പ്പുള്ളവരിലെ കുറ്റം മാത്രം ചികയുന്നവര്‍…

ജയിംസ് പി. ദേവസ്യ

2019 ജൂലൈ 31-ലെ സത്യദീപത്തിലെ കാലവും കണ്ണാടിയും എന്ന പംക്തിയില്‍ മാര്‍ ജോസഫ് പാംപ്ലാനി എഴുതിയ 'കാക്കിയില്‍ ചോര തെറിച്ചപ്പോള്‍' എന്ന ലേഖനം വായിച്ചു. സംസ്ഥാനത്തെ ക്രമസമാധാന (Law and order) ചുമതല വഹിക്കുന്ന പൊലീസ് ഫോഴ്സിലെ ചില ഗൗരവമേറിയ ആരോപണങ്ങള്‍ തുറന്നെഴുതി പ്രസിദ്ധീകരിച്ച ലേഖനത്തില്‍, പിതാവ് പറഞ്ഞു വച്ച കാര്യങ്ങള്‍ കാലിക പ്രാധാന്യമുള്ള വാര്‍ത്തകളുടെ ഉള്ളടക്കം മാത്രമാണ്.

സംസ്ഥാന സര്‍ക്കാരിന്‍റെ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന പൊലീസ് സേനയെക്കുറിച്ച് പത്രവാര്‍ത്തകളില്‍ കൂടി മാത്രം അറിഞ്ഞിരിക്കുന്ന കുറവുകള്‍ തുറന്ന് കാണിച്ച് ക്രിസ്തീയ വിശ്വാസികളെ ഉദ്ബോധിപ്പിക്കുവാന്‍ ശ്രമിച്ച പിതാവിന്‍റെ ആത്മരോഷത്തെയും സാമൂഹിക പ്രതിബദ്ധതയെയും അഭിനന്ദിക്കണമെന്നുണ്ട്. എന്നാല്‍ ഇതെഴുതിയ ബിഷപ് പ്രതിനിധാനം ചെയ്യുന്ന സഭയില്‍ അധികാരികളില്‍ നിന്നും അല്മായര്‍ നേരിടുന്ന നീതി നിഷേധത്തെയും നിയമലംഘനങ്ങളെയും പിതാവ് ആദ്യം എതിര്‍ക്കണമായിരുന്നു.

പ്രിയ പിതാവേ, ഞങ്ങള്‍ അല്മായര്‍ക്കുള്ള ചില സംശയങ്ങള്‍ ചോദിച്ചോട്ടേ?

1. കേരളത്തില്‍വച്ച് ഒരു ബിഷപ്പിനാല്‍ ബലാല്‍സംഗം ഏറ്റുവാങ്ങിയെന്ന് പരാതി പറഞ്ഞ സഭയിലെ ഒരു സന്യാസിനി നേരിട്ട ദുഃഖത്തിന് സഭയുടെ ഭാഗത്തുനിന്നു നീതിപൂര്‍വമായ എന്തു പ്രതികരണമാണുണ്ടായത്?

2. താരതമ്യേന ഒരു ഉള്‍പ്രദേശത്തുള്ള ഇരുപത്തിമൂന്നേകാല്‍ ഏക്കര്‍ സ്ഥലം വാങ്ങിക്കുവാന്‍ ബാങ്കില്‍ നിന്ന് കടം വാങ്ങിയ വകയില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ, എറണാകുളം നഗരത്തിലെ പതിനഞ്ചര ഏക്കര്‍ സ്ഥലം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്?

3. എറണാകുളം രൂപതയ്ക്ക് വേണ്ടി വൈദികരായി അതേ രൂപതയിലെ ബിഷപ്പായി തീര്‍ന്ന രണ്ടു പേരെ സ്വന്തം രൂപതാ ആസ്ഥാനത്തു നിന്ന് ഇറക്കിവിട്ടത് ഏത് ക്രിസ്തീയ മാര്‍ഗത്തിലാണ് ന്യായീകരിക്കുന്നത്?

4. അല്മായരുടെ സംഭാവനകള്‍കൊണ്ട് മാത്രം കെട്ടിപ്പൊക്കിയ സഭയിലെ പ്രസ്ഥാനങ്ങളിലെ വരവ് ചെലവ് കണക്കുകള്‍ അല്മായരെ ബോധ്യപ്പെടുത്താത്തത് ഏത് ന്യായം വച്ചാണ്?

5. സ്വന്തം ഭാഗത്തുണ്ടായ പാകപ്പിഴകളെ ക്രിസ്തീയ മാര്‍ഗത്തില്‍ പൊറുക്കണമെന്ന് ആവശ്യപ്പെടുന്ന സഭാതലവന്‍, തന്നെ ചോദ്യം ചെയ്തവര്‍ക്കെതിരെയുളള കേസ്സുകളില്‍ നിയമ പ്രകാരം തീര്‍പ്പ് കല്പിക്കപ്പെടണം എന്നാവശ്യപ്പെടുമ്പോള്‍ ഇവ തമ്മിലുള്ള പൊരുത്തക്കേട് ചൂണ്ടിക്കാണിക്കാന്‍ സാധിക്കാതിരുന്നത് എന്തുകൊണ്ടാണ്?

6. എറണാകുളം രൂപതയിലെ ഭൂമി വില്പന നടത്തിയതിലൂടെ നികുതി വെട്ടിപ്പ് നടത്തി സര്‍ക്കാരിനെ പറ്റിച്ചത് ഏത് നീതിയും നിയമവും അനുസരിച്ചാണ്?

7. ഒരു രൂപതയിലെ ബഹുഭൂരിഭാഗം വൈദികരും ഒരു കാര്യത്തെക്കുറിച്ച് ഒരേ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ ശ്രവിക്കാത്തത് ഏത് നീതി അനുസരിച്ചാണ്?

ഇതു സത്യദീപത്തില്‍ വരികയില്ല എന്നറിയാം എങ്കിലും എഴുതുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org