കൊന്നാല്‍ പാപം തിന്നാല്‍ തീരുമോ?

ജോണ്‍ മാത്യു കാട്ടുകല്ലില്‍, തിരുവനന്തപുരം

സുദീര്‍ഘമായ 315 ദിനരാത്രങ്ങള്‍ നാം ആഗ്രഹിച്ചു കാത്തിരുന്ന ആ സുദിനം മാര്‍ച്ച് ആദ്യവാരം വന്നെത്തി. അതെ, വലിയ നോമ്പുതന്നെ. 48-ാം നാള്‍ അത് അവസാനിക്കുകയും നാം നോമ്പുവീടല്‍ ആഘോഷിക്കുകയും ചെയ്യും. പതിവുപോലെ, ഏറ്റവും വലിയ ആഘോഷം തീന്‍ മേശയില്‍ തന്നെ. അതു നമ്മുടെ അവകാശവുമാണ്. എങ്കിലും ഒരു മൃഗത്തിന്‍റെയോ പക്ഷിയുടെയോ ജീവനെടുത്തെങ്കില്‍ മാത്രമേ നമ്മുടെ ആഘോഷം പൂര്‍ണമാകൂ എന്നുണ്ടോ? ഈ കത്തെഴുതുന്ന ആള്‍ മാംസാഹാര വിരോധിയല്ല. ആണ്ടുവട്ടത്തില്‍ മൂന്നോ നാലോ തവണ മാട്ടിറച്ചിയും ആറോ ഏഴോ തവണ കോഴിയിറച്ചിയും വാങ്ങി പാകം ചെയ്യുന്ന കുടുംബമാണെന്‍റേത്. കൂടാതെ വിരുന്നുസത്കാരങ്ങളിലും ആവേശപൂര്‍വം പങ്കെടുക്കാറുണ്ട്.

എന്നാല്‍, ഈ കുറിപ്പെഴുതാന്‍ കാരണം അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ ഒരംഗം മൃഗവധത്തിനെതിരെ നടത്തിയ ഒരു പ്രസംഗം കേള്‍ക്കാനിടയായതാണ്. അദ്ദേഹം പറഞ്ഞ ഒരു വാചകം മാത്രം ഇവിടെ ഉദ്ധരിക്കാം: "അറവുശാലകള്‍ക്കു സ്വീകാര്യമായ ചില്ലുചുമരുകള്‍ ഉണ്ടായിരുന്നെങ്കില്‍, സുഹൃത്തുക്കളെ നിങ്ങളാരും മൃഗമാംസം കഴിക്കുമായിരുന്നില്ല. അതെ, അത്രമേല്‍ ക്രൂരമായിട്ടാണ് അവ കശാപ്പ് ചെയ്യപ്പെടുന്നത്. ടി.വി.യില്‍പ്പോലും ആ ദൃശ്യം കാണാന്‍ ഞാന്‍ ഭയപ്പെടുന്നു." സത്യദീപം വായനക്കാരില്‍ 90 ശതമാനം പേരും അതു കണ്ടിട്ടുണ്ടാവാന്‍ ഇടയില്ല.

ഗോവധനിരോധനം രാഷ്ട്രീയായുധമാക്കിയിട്ടുള്ളവരെ പ്രീതിപ്പെടുത്താന്‍വേണ്ടിയല്ല ഈ കത്ത്. അതു പ്രായോഗികമല്ലായെന്നും ബോദ്ധ്യമുണ്ട്. എങ്കിലും, നാം മദ്ധ്യമാര്‍ഗം സ്വീകരിക്കണം. കഴിയുന്നിടത്തോളം പക്ഷി-മൃഗാദികളുടെ മാംസം തീന്മേശയില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കണം. "ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ." അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org