ദേവാലയ ശുദ്ധീകരണം

ജോണ്‍സണ്‍ മനയാനി

പ്രധാനാചാര്യന്മാരെയും മറ്റു പുരോഹിതന്മാരെയും ദേവാലയപ്രമാണികളെയും യേശുവിന്‍റെ ദേവാലയ ശുദ്ധീകരണം പ്രകോപിപ്പിച്ചു. എല്ലാ ദേവാലയ കച്ചവടക്കാരും ഒരംശം, പുരോഹിതര്‍ക്കും സില്‍ബന്ധികള്‍ക്കും നല്കിയിരുന്നു. അഹറോന്‍റെ പിന്തുടര്‍ച്ചക്കാരായ ലേവ്യരെ കൂടാതെ, ഏകദേശം ഇരുപതിനായിരത്തോളം പുരോഹിതരും അവരുടെ കുടുംബക്കാരും ജെറുസലേം ദേവാലയത്തില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടു ജീവിച്ചിരുന്നവരായിരുന്നു. ജെറുസലേം നിവാസികളുടെ പ്രധാന വരുമാന മാര്‍ഗം മതത്തില്‍ നിന്നായിരുന്നു. റോമാ സാമ്രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു വരുന്ന വിശ്വാസികളുടെ – സന്ദര്‍ശകരുടെ സംഖ്യ, വര്‍ഷം തോറും ഏകദേശം 40 ലക്ഷത്തിനു മുകളിലായിരുന്നു. അവരുടെ ആവശ്യങ്ങള്‍ക്കായി ദേവാലയത്തിലോ ദേവാലയ മതില്‍ക്കെട്ടിനകത്തോ ദേവാലയ പരിസരത്തോ സ്ഥിരമായി വിവിധ വ്യാപാര കേന്ദ്ര ങ്ങള്‍ ഉണ്ടായിരുന്നു. കന്നുകാലി കച്ചവടക്കാരും പലചരക്കു വ്യാപാരികളും നാണയമാറ്റക്കാരും മദ്യശാലപ്രവര്‍ത്തകരും പ്രാവുകച്ചവടക്കാര്‍, കൈത്തൊഴിലാളികള്‍ തുടങ്ങി വിവിധ തരത്തിലുള്ള ധനാഗമ മാര്‍ഗങ്ങള്‍ ദേവാലയത്തെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു.

യഥാര്‍ത്ഥത്തില്‍ യേശുവിന്‍റെ പഠനത്തേക്കാള്‍, പ്രസംഗത്തേക്കാള്‍ മഹാപുരോഹിതരെ പ്രകോപിപ്പിക്കാന്‍ ഇടവരുത്തിയത്, അവരുടെ ധനാഗമസ്രോതസ്സില്‍ യേശു കൈവച്ചതാണ്.

ഇതുതന്നെയാണു സന്ന്യാസിയായിരുന്ന സാവനറോളയുടെ കാര്യത്തിലും സംഭവിച്ചത്. അന്നത്തെ പോപ്പിന്‍റെയും (പോപ്പ് അലക്സാണ്ടര്‍- 1492-1503) അനുയായികളുടെയും അസാന്മാര്‍ഗിക ജീവിതത്തെ സാവനറോള വെല്ലുവിളിച്ചു. സാവനറോളയെ സഭാകോടതി, സഭാവിരോധിയായി കണ്ട് തൂക്കിലേറ്റി, ശരീരം കത്തിച്ചുകളഞ്ഞു. ഇപ്പോള്‍ സാവനറോളയെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ കത്തോലിക്കാസഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ട്ടിന്‍ ലൂഥറിന്‍റെ കാര്യത്തിലും സംഭവിച്ചതു മറ്റൊന്നല്ല. വി. പത്രോസിന്‍റെ ദേവാലയം പുതുക്കിപ്പണിയുന്നതിന്, അന്നത്തെ പോപ്പായിരുന്ന ലിയോ പത്താമന്‍ (1513-1521) ദണ്ഡവിമോചനം ഒരു വിപണനവസ്തുവാക്കി. ജര്‍മന്‍ അഗസ്റ്റീനിയന്‍ സന്ന്യാസിയായിരുന്നമാര്‍ട്ടിന്‍ ലൂഥറെ മതവിരുദ്ധനായി പ്രഖ്യാപിച്ച്, മതകോടതി തൂക്കിലേറ്റുവാന്‍ ശ്രമിച്ചു. മാര്‍ട്ടിന്‍ ലൂഥറിന്‍റെ ജനപിന്തുണയും ജര്‍മന്‍ രാജകുമാരന്മാരുടെ പിന്തുണയുംമാര്‍ട്ടിന്‍ ലൂഥറിനെ ഒരു ശക്തിയാക്കി മാറ്റി. ഇന്നും കത്തോലിക്കാസഭയിലെ പ്രശ്നം, യേശു അടിച്ചോടിച്ച ദേവാലയത്തിലെ പ്രാവു കച്ചവടക്കാര്‍ തന്നെ. ഇന്നും ദേവാലയം, കച്ചവടസ്ഥലമാക്കി പുരോഹിതവൃന്ദവും അവരുടെ ദല്ലാളന്മാരും അവയെ ദുഷിപ്പിക്കുന്നു.

നാലു സുവിശേഷകരും ദേവാലയ ശുദ്ധീകരണത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. സുവിശേഷകനായ യോഹന്നാന്‍ മാത്രം യേശു ചമ്മട്ടികൊണ്ട് അടിച്ചു കച്ചവടക്കാരെ പുറത്താക്കി എന്നാണു പറയുന്നത്. എന്നാല്‍ മറ്റു സുവിശേഷകരായ മത്തായിയും ലൂക്കായും മാര്‍ക്കോസും ചമ്മട്ടിയുടെ കാര്യം പരാമര്‍ശിക്കുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org