Latest News
|^| Home -> Letters -> ‘മണ്ണിലുറപ്പിക്കുന്ന മഹാമാരി’

‘മണ്ണിലുറപ്പിക്കുന്ന മഹാമാരി’

ജോജി സേവ്യര്‍ പൈനുങ്കല്‍
കാക്കനാട്

‘മണ്ണിലുറപ്പിക്കുന്ന മഹാ മാരി’ എന്ന സത്യദീപം എഡിറ്റോറിയല്‍ ഈ ദുരിതകാലം മലയാളിയില്‍നിന്നും ആവശ്യപ്പെടുന്ന കരുതലിന്‍റെ സന്ദേശമാണ്. ഭക്ഷ്യസുരക്ഷയിലെ സ്വയംപര്യാപ്തത കേരളം കൈവരിക്കണമെങ്കില്‍ ഈ എഡിറ്റോറിയലില്‍ പറഞ്ഞിരിക്കുന്ന ദിശാബോധമുള്ള നിര്‍ദേശങ്ങളില്‍ പകുതിയെങ്കിലും നടപ്പാക്കിയാല്‍ മതി. എന്നാല്‍ യാഥാര്‍ഥ്യബോധത്തോടെ ചിന്തിക്കുമ്പോള്‍ പ്രതീക്ഷയ്ക്കു വകയൊന്നും തോന്നിയില്ല. കാരണം നമ്മുടെ സിസ്റ്റവും ഇതില്‍ പ്രതിപാദിക്കുന്ന സ്വപ്നവും ഒട്ടും ചേര്‍ന്നു പോകുന്നതല്ല എന്ന ഉറച്ച ബോധ്യം തന്നെ. ഇത്ര രൂക്ഷമായ അനുഭവങ്ങളിലൂടെ കടന്നു പോയിട്ടും മലയാളി പഠിക്കുന്നില്ല.

കാരണം മറ്റൊന്നുമല്ല; കാര്‍ഷികവൃത്തിയോടുള്ള പ്രതിബദ്ധത, അതു പകരുന്ന സംതൃപ്തി, ആരോഗ്യം, അഭിമാനം ഇവ മൂന്നും മലയാളിക്ക് കൈമോശം വന്നിട്ട് എത്രയോ കാലമായി! നല്ല ഒരു ജനതയുടെ നിലനില്പിന്‍റെ തന്നെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ് കൃഷിയെന്നു നമ്മുടെ കാരണവന്മാര്‍ പണ്ടേ തിരിച്ചറിഞ്ഞിരുന്നു. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ ആ തിരിച്ചറിവ് നമുക്കെന്നു നഷ്ടമായോ അന്ന് തുടങ്ങി തമിഴന്‍റെ വിഷമടിച്ച പച്ചക്കറികള്‍ വാളയാര്‍ ചുരം കടന്നു വരാനായി മലയാളിയുടെ കാത്തിരിപ്പ്…

പുതിയ തലമുറയ്ക്ക് കൃഷി എന്ന പദം തന്നെ അന്യമായിക്കഴിഞ്ഞു എന്ന ദുഃഖസത്യം മനസ്സിലാക്കണം. അവര്‍ നന്നായി പഠിച്ച കൃഷി social media-whatsapp farming ആണ്. അതാണെങ്കില്‍ അവരെ നാശത്തിലേക്കാണു നയിക്കുന്നതെന്നു നമ്മുടെ മക്കള്‍ അറിയുന്നില്ല.

മലയാളി കാര്‍ഷികമേ ഖലയോട് പതുക്കെ വിട പറയുന്ന ഘട്ടത്തിലാണ് ‘പത്തായം പെറും ചക്കി കുത്തും അമ്മ വയ്ക്കും ഞാന്‍ ഉണ്ണും’ എന്ന ഒരു പതിരില്ലാച്ചൊല്ല് നാട്ടിലുണ്ടായത്.

ഉത്പാദന സംസ്കാരത്തില്‍ നിന്നും ഉപഭോഗ സംസ്കാരത്തിലേക്ക് വഴുതിവീണ നാം കയ്യില്‍ പണമുണ്ടെങ്കില്‍ എന്തും വാങ്ങാന്‍ കിട്ടുമല്ലോ എന്ന അഹങ്കാരത്തിലാണിന്നു മണ്ണിലേക്കിറങ്ങാതെ മൊബൈലില്‍ കണ്ണു നട്ടിരിക്കുന്നത്.

പഴയ നല്ല കാലത്തേയ്ക്കൊരു തിരിച്ചുപോക്കിനു സമയമായി. പുതിയ തലമുറയ്ക്കു കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചു മനസ്സിലാക്കാന്‍ ചില ഗൃഹപാഠങ്ങള്‍ പറഞ്ഞു കൊടുക്കേണ്ടതുണ്ട്.

തുടക്കം വിദ്യാലയങ്ങളില്‍ നിന്നാകട്ടെ. പാഠ്യ ഭാഗങ്ങളിലൊന്ന് കൃഷിയാവണം. കൃഷിയറിവുകള്‍ പാഠപുസ്തകത്തില്‍ നിന്നും പ്രവൃത്തി പരിചയത്തില്‍ നിന്നും നേടണം. മണ്ണിലേക്കിറങ്ങാന്‍ ആഴ്ചയില്‍ അര ദിവസമെങ്കിലും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. അവര്‍ വിത്തും കൈക്കോട്ടുമായി പഠനം ഒരുത്സവമാക്കട്ടെ. കാര്‍ത്തിക ഞാറ്റുവേലയും ‘ഞാറില്ലെങ്കില്‍ ചോറില്ല’ എന്ന പഴഞ്ചൊല്ലിന്‍റെ പൊരുളും അവര്‍ അറിയട്ടെ.

കൃഷി വിഷയത്തില്‍ തോല്‍ക്കുന്നവര്‍ മറ്റേതു വിഷയത്തില്‍ ജയിച്ചിട്ടും കാര്യമില്ലെന്നു വന്നാല്‍ നമ്മുടെ കുട്ടികള്‍ കൃഷി ചെയ്യാന്‍ പഠിക്കും; കാര്‍ഷികവൃത്തിയിലധിഷ്ഠിതമായ ഒരു മഹത്തായ സംസ്കാരത്തിന്‍റെ വീണ്ടെടുപ്പിന്‍റെ ദീപശിഖാ വാഹകരാവും. അവരുടെ മനസ്സില്‍ കൃഷിയുടെ രുചിയും മണവുമുള്ള നല്ല വിത്തുകള്‍ പാകിക്കൊണ്ടാകട്ടെ കോറോണ വൈറസ് നീട്ടിക്കൊണ്ടുപോയ പുതിയ അധ്യയനവര്‍ഷത്തിന്‍റെ തുടക്കം.

സര്‍ക്കാരിനായില്ലെങ്കില്‍ സഭയ്ക്കെങ്കിലും അതിനു തുടക്കമിടാന്‍ കഴിയണം. വികാരിയച്ചന്‍റെയും അധ്യാപകരുടെയും പിന്തുണയോടെ നമ്മുടെ ഓരോ പളളിയിലും ഒരു ചെറിയ പച്ചക്കറിത്തോട്ടമെങ്കിലും ഒരുക്കാന്‍ നമ്മുടെ വേദോപദേശ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയില്ലേ? അങ്ങനെ നമ്മുടെ സഭയ്ക്ക് ഭരണാധികാരികള്‍ക്കു മുമ്പില്‍ നല്ലൊരു മാതൃക മുന്നോട്ടുവയ്ക്കാന്‍ കഴിയില്ലേ?