ഇനിയും സന്ന്യാസസഭകളോ?

ജോസ് ഐക്കരേട്ട്, സുല്‍ത്താന്‍ബത്തേരി

സെഹിയോന്‍ മിനിസ്ട്രീസിന്‍റെ ഡയറക്ടര്‍മാരായ ബഹു. സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍റെയും ബഹു. ബിനോയ് കരിമരുതിങ്കലച്ചന്‍റെയും നേതൃത്വത്തില്‍ പുതിയൊരു സന്ന്യാസസഭ രൂപീകരിക്കുന്നതായി വാര്‍ത്ത കണ്ടു. കേരളസഭയില്‍ ഇപ്പോള്‍ തന്നെ തദ്ദേശീയവും വൈദേശികവുമായ നിരവധി സന്ന്യാസസഭകള്‍ പ്രശംസാര്‍ഹമായ രീതിയില്‍ വചനപ്രഘോഷണം, ആതുരസേവനം, അഗതിശുശ്രൂഷ, വിദ്യാഭ്യാസം, സാമൂഹ്യപ്രവര്‍ത്തനം, എയ്ഡ്സ്- കുഷ്ഠരോഗി ശുശ്രൂഷ, പ്രോ-ലൈഫ് പ്രവര്‍ത്തനം, തെരുവുമക്കളുടെ കൂട്ടായ്മ തുടങ്ങി അനേകം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഇവരെല്ലാം ചെയ്യുന്നതു വചനപ്രഘോഷണമാണ്. പിന്നെ എന്തിനാണു വചനം പ്രസംഗിക്കാന്‍ വേണ്ടി മാത്രം ഒരു പുതിയ സന്ന്യാസസഭ – പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി എന്നു പേരില്‍ സ്ഥാപിക്കുന്നത്? വചനപ്രഘോഷണത്തിനു മാത്രമായി വി. ഡൊമിനിക് 13-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച പ്രസംഗകരുടെ സമൂഹം – "Order of the Preachers" എന്ന സന്ന്യാസസഭ കത്തോലിക്കാസഭയില്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. കേരളത്തിലെ വിന്‍സെന്‍ഷ്യന്‍ സഭയും മറ്റു സന്ന്യാസ- ഇടവക വൈദികരും ഇതുതന്നെയല്ലേ ചെയ്യുന്നത്?

അര്‍ത്ഥിനികളുടെ അഭാവം മൂലം രണ്ടു കര്‍മ്മലീത്ത സന്ന്യാസിനീസഭകള്‍ ലയിച്ച് ഒന്നായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതു നമ്മുടെ മുമ്പിലുണ്ട്.
ആഗോള കത്തോലിക്കാസഭയെത്തന്നെ പ്രവര്‍ത്തനമണ്ഡലമാക്കുന്ന ഈ പുതിയ സന്ന്യാസസഭയുടെ സ്ഥാപനത്തിന് ഒരു പ്രാദേശിക മെത്രാന്‍റെ അനുവാദം മാത്രം മതിയോ? കുറഞ്ഞ പക്ഷം സീറോ മലബാര്‍ സിനഡിന്‍റെ അനുമതി ആവശ്യമില്ലേ? ഇക്കാര്യത്തില്‍ സഭാനേതൃത്വത്തിന്‍റെയും വായനക്കാരുടെയും പ്രതികരണം അറിയാന്‍ താത്പര്യപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org