|^| Home -> Letters -> കോവിഡ് നല്കേണ്ട വീണ്ടുവിചാരങ്ങള്‍

കോവിഡ് നല്കേണ്ട വീണ്ടുവിചാരങ്ങള്‍

ജോസ് കാനാട്ട്
കടവന്ത്ര

കോവിഡ് 19 എന്ന മഹാമാരി കാരണം വീട്ടി ലിരുന്നുകൊണ്ടാണ് നമ്മള്‍ ഇത്തവണ നോമ്പുകാലം ചെലവഴിച്ചത്. ഒരുപക്ഷേ നമ്മുടെയൊക്കെ ഓര്‍മയില്‍ ഇങ്ങനെ ഒരു വലിയ ആഴ്ച ഉണ്ടായിട്ടുണ്ടാവില്ല. വീടുകളി ലിരുന്നു കൊണ്ട് നമ്മള്‍ വലിയ ആഴ്ചയിലെ കര്‍മങ്ങ ളില്‍ പങ്കുചേര്‍ന്നു. അകലങ്ങളില്‍ ഇരുന്നു കൊണ്ട് മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ചു നമ്മള്‍ മനസ്സ് കൊണ്ട് കൂടുതല്‍ അടുത്തു. ഈ കോവിഡ് 19 അതിന്‍റെ അവസാനഘട്ടത്തിലാണെന്ന് നമ്മള്‍ പ്രത്യാശിക്കുമ്പോഴും കുറേ ചിന്തകള്‍ ഈ കാലം മുന്നില്‍ തുറന്നുവയ്ക്കുന്നുണ്ട്.

ഞാന്‍ ഒരു കത്തോ ലിക്കാസഭ വിശ്വാസിയാ ണ്. ജനിച്ചു ഒരു മാസത്തിനുള്ളില്‍ മാമോദീസ മുങ്ങി ക്രിസ്തീയവിശ്വാസ നിയമങ്ങള്‍ അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തി… പക്ഷെ ഇന്ന് ചുറ്റും നോക്കുമ്പോള്‍ എനിക്ക് തോന്നിയ ഒരു കാര്യമിതാണ്… നമ്മുടെ വിശ്വാസം വെറും അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും മാത്രമായി ഒതുങ്ങി പോകുന്നുണ്ടോ?

അതിസമ്പന്നമായ സ്ഥാപനങ്ങളുടെ ലോകമാകമാനമുള്ള ഒരു കണക്കെടുക്കുകയാണെങ്കില്‍ അതില്‍ പകുതിയോളം ക്രിസ്തീയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുമെന്നാണ് എനിക്ക് തോന്നുന്നത്. ഉദാഹരണമായി പറയുകയാണെകില്‍ വത്തിക്കാന്‍ സിറ്റി. അവിടെ സൂക്ഷിച്ചിരിക്കുന്ന കലാരൂപങ്ങളും ചരിത്ര രേഖകളും ചിത്രങ്ങളും ഒക്കെ വിലമതിക്കാന്‍ പോലുമാവാത്ത അത്ര വലുതാണ്. കേരളത്തിലെ കാര്യം തന്നെ ഒന്ന് ചിന്തിച്ചു നോക്കുക. നമ്മുടെ ക്രിസ്തീയസ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ എത്ര ശതമാനം ഭൂമിയുണ്ടാകും? നമ്മുടെ സഭ നടത്തുന്ന ഒരു റിസോര്‍ട് ഉണ്ട്. ഏക്കര്‍ കണക്കിന് സ്ഥലമാണ് അതിനു കീഴിലുള്ളത്. കൃഷി മുതല്‍ മീന്‍ വളര്‍ത്തല്‍ പശുക്കളുടെ ഫാം, ചന്ദനമരങ്ങള്‍ എല്ലാം കൂടി ചേര്‍ന്ന അതിമനോഹരമായൊരിടം. ഞാന്‍ ഇതെഴുതുമ്പോള്‍ ക്രിസ്തീയ സഭകള്‍ ഇത്തരം സ്ഥാപനങ്ങളോ സ്കൂളുകളോ ആശുപത്രികളോ കോളജുകളോ തുടങ്ങുന്നതിനു എതിരാണ് എന്ന് വിചാരിക്കരുത്. നമ്മുടെ ക്രിസ്തീയതയെ ഇതിലേയ്ക്ക് മാത്രമായി ചുരുക്കുന്നുണ്ടോ അതോ ചുരുക്കിയോ എന്നതാണ് എന്‍റെ സംശയം. നമ്മുടെ കൊച്ചുകേരളം തന്നെ നോക്കൂ, എത്ര പള്ളികളുണ്ട് നമുക്ക്. കേരളത്തില്‍ ഉടനീളം അതില്‍ കൊട്ടാരങ്ങളെ പോലും വെല്ലുന്ന രീതിയിലുള്ള എത്രയെത്ര പള്ളികള്‍… ക്രിസ്തു ശിഷ്യന്മാരെ സുവിശേഷം പ്രസംഗിക്കാന്‍ വേണ്ടി അയച്ചപ്പോള്‍ ഇപ്രകാരം പറഞ്ഞു, യാത്രയ്ക്ക് വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്, രണ്ടു ഉടുപ്പും ഉണ്ടായിരിക്കരുത്. ഇതാണ് കര്‍ത്താവു നമ്മളോടും ആവശ്യപ്പെടുന്നത്. ഇന്ന് നമ്മള്‍ ഈ ആഹ്വാനമനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നത്? നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ പെരുന്നാളുകള്‍ നേര്‍ച്ചസദ്യകള്‍ ഒക്കെ എത്രയേറെ കച്ചവടവല്‍ക്കരിക്കപ്പെട്ടു; ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും.

വേദനിക്കുന്നവന്‍റെയും കഷ്ടപ്പെടുന്നവന്‍റെയും കണ്ണീരൊപ്പാന്‍ സാധിക്കാത്ത അല്ലെങ്കില്‍ അതിനു മനസ്സില്ലാത്ത നമ്മളാണ് ഇങ്ങനെയു ള്ള പെരുന്നാളുകള്‍ക്കു കോടികള്‍ ചെലവഴിക്കാന്‍ ഒരു മടിയും കാണിക്കാത്തത് എന്ന് ഓര്‍മിച്ചാല്‍ നല്ലത്. RCC പോലെയുള്ള ആശുപത്രികളില്‍ ഒന്ന് പോയി നോക്കണം ചികിത്സയ്ക്ക് വേണ്ടി ബുദ്ധിമുട്ടുന്ന എത്ര രോഗികളുണ്ടാകും അവിടെ? അവരെ സഹായിക്കാന്‍ നമ്മള്‍ക്കീ പണം ഉപയോഗിച്ച് കൂടേ? നമ്മുടെ നേര്‍ച്ചപ്പെട്ടികളിലെ അളവില്ലാത്ത സമ്പത്തു നമ്മളെ നോക്കി പരിഹസിക്കുന്നുണ്ട്. ദരിദ്രയായ ആ വിധവയുടെ നേര്‍ച്ചയുടെ മൂല്യത്തിന്‍റെ ഒരംശംപോലും കര്‍ത്താവു നമ്മുടെ നേര്‍ച്ചപ്പെട്ടിയിലെ നോട്ടുകെട്ടുകള്‍ക്കു കൊടുക്കുന്നുണ്ടാവില്ല തീര്‍ച്ച. നിന്നെപ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിച്ച കര്‍ത്താവ്. സ്നേഹമാണ് സര്‍വോത്കൃഷ്ടം എന്ന് പഠിപ്പിച്ച കര്‍ത്താവിന്‍റെ പാദമുദ്രകള്‍ പിന്തുടരാന്‍ ഈ കോവിഡ് കാലം നമ്മളെ പ്രേരിപ്പിച്ചിട്ടുണ്ടെങ്കില്‍ നമ്മളില്‍ ക്രിസ്തു ഇന്നും ജീവിക്കുന്നുണ്ട്.

അഗതികള്‍ക്ക് ഒരു നേരം ഭക്ഷണം കൊടുക്കുന്നതിന്‍റെ ഭാഗമായി ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ ഒരു പള്ളിയെ ഒരിക്കല്‍ സമീപിച്ചു. ഞായറാഴ്ചകളിലും മറ്റു വിശേഷ ദിവസങ്ങളിലും കുര്‍ബാനയ്ക്കു മാത്രം പതിനായിരങ്ങള്‍ നേര്‍ച്ചയായി ലഭിക്കുന്ന ഒരു വലിയ ദേവാലയമാണ്. ആയിരം രൂപ തന്നിട്ട് പറഞ്ഞു ഇതേയുള്ളൂ എന്ന്. ഭയങ്കര ടൈറ്റ് ആണ് എന്ന്. നമ്മിലെ ക്രിസ്തു ചൈതന്യം ഇന്നെവിടെ നില്‍ക്കുന്നു എന്നതിന്‍റെ ദൃഷ്ടാന്തങ്ങളിലൊന്നാണ് ഇത്.

ഫരിസേയരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കര്‍ത്താവ് അങ്ങേയറ്റം എതിര്‍ത്തിരുന്നു. മനുഷ്യപുത്രന്‍ സാബത്തിന്‍റെയും കര്‍ത്താവാണ് എന്ന് അസന്ദിഗ്ധമായി പ്രസ്താവിച്ചവന്‍… അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വെച്ച് കൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍ പോലും തയ്യാറാവുന്നില്ല എന്ന് കുറ്റപ്പെടുത്തിയ കര്‍ത്താവ് ഇന്ന് ഇതേ ചോദ്യം നമ്മുടെ നേര്‍ക്കാണ് തൊടുക്കുന്നത്. നമ്മുടെ വിശ്വാസം കുര്‍ബാനയില്‍ പങ്കുകൊള്ളുന്നതും കൊന്ത ചൊല്ലുന്നതും അതുപോലെയുള്ള അനുഷ്ഠാനകര്‍മങ്ങളില്‍ മാത്രം ഒതുങ്ങി പോകരുത്. ഇവയെല്ലാം നമ്മെ ക്രിസ്തുവിലേയ്ക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനോടൊപ്പം വേദനിക്കുന്ന, കഷ്ടതയനുഭവിക്കുന്ന നമ്മുടെ സഹോദരരുടെ കണ്ണീരൊപ്പാന്‍ അവരുടെ വേദനകളില്‍ ചേര്‍ന്നു നിന്നുകൊണ്ട് അവരെ സഹായിക്കാന്‍ നമ്മെ പ്രാപ്തരാക്കണം, നമ്മുടെ വിശ്വാസം. അങ്ങനെ അനുഷ്ഠിക്കുമ്പോള്‍ കര്‍ത്താവ് നമ്മെ നോക്കി പറയും, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തു കൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തുതന്നത്.

ഈ കോവിഡ് കാലം ഒരു വീണ്ടെടുപ്പിന്‍റെ കാലമാകട്ടെ. മനുഷ്യത്വത്തിന്‍റെ, സ്നേഹത്തിന്‍റെ, കാരുണ്യത്തിന്‍റെ ഒക്കെ ഒരു വീണ്ടെടുപ്പു കാലം…. ഗാഗുല്‍ത്തായില്‍ നമുക്ക് വേണ്ടി മരിച്ചവന്‍റെ സ്നേഹം നമ്മിലേക്ക് വീണ്ടും ഉള്‍ക്കൊള്ളാം. അപ്പോള്‍ ആ മുള്‍ക്കിരീടം പുഷ്പിക്കും. നൈര്‍മല്യത്തിന്‍റെയും സ്നേഹത്തിന്‍റെയും വെളുത്തപൂക്കളായി അതു മാറും.