ഒരു നല്ല നേതാവാകാന്‍

ജോസ് കരിക്കംപള്ളില്‍, ആലുവ

സത്യദീപം ലക്കം 32-ല്‍ "ആധികാരികതയുടെ അധികാരദൂരം" എന്ന ലേഖനം വളരെ പണ്ഡിതോചിതമായിരിക്കുന്നു. വഴി അറിയുന്നവനും വഴി കാണിക്കുന്നവനും വഴിയെ പോകുന്നവനുമാണു നേതാവ് എന്ന പഴയ നിര്‍വചനത്തിന്‍റെ ചുവടുപിടിച്ചു കൊണ്ടു ക്രിസ്തുമതത്തിന്‍റെ നേതൃഗുണങ്ങള്‍ വളരെ വ്യക്തമായി ബഹു. തോമസ് വള്ളിയാനിപ്പുറത്തച്ചന്‍ വിശദീകരിക്കുന്നു.

ഒരു നേതാവ് ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങള്‍ – ദര്‍ശനം, സംഘം, വ്യക്തി എന്നിവയാണ്. ദര്‍ശനംകൊണ്ട് ഉദ്ദേശിക്കുന്നതു ദൈവത്തിന്‍റെ പിതൃത്വവും മാനവസാഹോദര്യവുമടങ്ങിയ ഒരു പുതിയ വ്യവസ്ഥിതിയാണ്. അതു ഭൂമിയില്‍ ആ രംഭിച്ച്, യുഗാന്ത്യത്തിലേ പൂര്‍ണമാവുകയുള്ളൂ. ഉത്തമനായ ഒരു നേതാവ് ടീം വര്‍ക്കിലൂടെ ദര്‍ശനസാക്ഷാത്കാരത്തിന് ഒരു സമര്‍പ്പിതസംഘത്തെയും രൂപപ്പെടുത്തുന്നു. ദര്‍ശനവും സംഘവും വളര്‍ത്തുമ്പോള്‍ നേതാവ് വ്യക്തികളെയും വളര്‍ത്തും. ദര്‍ശനം, സംഘം, വ്യക്തി എന്നിവയെ വളര്‍ത്തുന്ന നേതൃത്വശൈലിയാണു യേശുക്രിസ്തു പിന്തുടര്‍ന്നത്.

ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും വന്ന നല്ല ഇടയനാണ് അവിടുന്ന്. ആടുകള്‍ക്കുവേണ്ടി അവിടുന്നു ജീവനര്‍പ്പിച്ചു (യോഹ. 10:11). സ്ഥാപനപരതയില്‍ നിന്നും കൂട്ടായ്മയിലേക്കു സഭാനേതൃത്വം തിരിച്ചുവരണം; അപ്പോള്‍ മാത്രമേ നേതൃ ശുശ്രൂഷയായി മാറുകയുള്ളൂ. ശുശ്രൂഷാനേതൃത്വത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത ധാര്‍മ്മികപ്രഭാവമാണ്. അധികാരം സ്ഥാനത്തിന്‍റെ ഔന്നത്യത്തില്‍നിന്നല്ല, ധാര്‍മികചൈതന്യമാര്‍ന്ന നിര്‍മല ജീവിതത്തില്‍ നിന്നാണു പുറപ്പെടുന്നത്. അധികാരവും ആധികാരികതയും തമ്മില്‍ ഒത്തിരി വ്യത്യാസമുണ്ട്. ബാഹ്യമായി ലഭിക്കുന്നതാണ് അധികാരം; ഉള്ളില്‍ നിന്നു പൊട്ടിപ്പുറപ്പെടുന്നതാണ് ആധികാരികത. സഭാനേതൃത്വത്തിന് ഈ ആധികാരികതയാണ് ഇന്നാവശ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org