തിരുനാള്‍ ആഘോഷങ്ങളിലെ ആഡംബരങ്ങള്‍ക്ക് ആരു മണികെട്ടും?

ജോസ് പോളയ്ക്കല്‍, പുത്തന്‍കുരിശ്

തിരുനാളുകള്‍ പലയിടത്തും ഭക്തിയുടെ വിരോധാഭാസങ്ങളായി മാറിയിരിക്കുകയാണ്. ഈ വിരോധാഭാസത്തില്‍ നിന്നു ശരിയായ പാതയിലേക്കുള്ള വഴി ദുര്‍ഘടമാണ്. ഇടവകയുടെ നടത്തിപ്പിനു വൈദികരോടൊപ്പം അല്മായ ശുശ്രൂഷകര്‍ നല്ല നേതൃത്വശൈലിയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യം നമ്മുടെ സഭയിലുണ്ട്. അതെന്നും നിലനില്ക്കേണ്ടതുമാണ്. എന്നാല്‍ അങ്ങനെയുള്ളവരില്‍ ചിലര്‍ ബാഹ്യാഘോഷങ്ങള്‍ക്കുവേണ്ടി ശക്തമായി വാദിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ എതിര്‍ത്തു ലൗകികതയ്ക്കു വേണ്ടി നിലകൊള്ളുകയും ചെയ്യുന്നത് തിരുനാളുകളുടെ നവീകരണത്തിനു തടസ്സമാണ്. പൊതുവായ ആശയരൂപീകരണത്തിനു പള്ളി പൊതുയോഗങ്ങളും കമ്മിറ്റികളും ഭക്ത സംഘടനകളും ഉറക്കെ ചിന്തിച്ച് തീരുമാനങ്ങളെടുക്കേണ്ടിയിരിക്കുന്നു.

1. വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളൊഴിച്ചുള്ള മറ്റ് ദേവാലയങ്ങളിലെ തിരുനാളുകളും കൊടിയേറ്റ് തുടങ്ങിയ ചടങ്ങുകളും മാധ്യമങ്ങളില്‍ പരസ്യം കൊടുത്ത് ലോകരെ മുഴുവന്‍ അറിയിക്കുന്ന പതിവ് ഒഴിവാക്കുക.

2. ഇടവകക്കാര്‍ക്ക് തിരുനാളിന്‍റെ പ്രോഗ്രാമിനെ ക്കുറിച്ച് വിശദവിവരങ്ങള്‍ നല്‍കുന്നതിനായി അച്ചടിക്കുന്ന നോട്ടീസിന് ആര്‍ട്ട് പേപ്പറും കളര്‍ പ്രിന്‍റിംഗും ഒഴിവാക്കി സാധാരണ പേപ്പര്‍ ഉപയോഗിക്കുക. ആവശ്യത്തിനു മാത്രമായി എണ്ണം പിരിമിതപ്പെടുത്തുകയും ചെയ്യുക.

3. തിരുനാളിനോടനു ബന്ധിച്ച് നടത്തപ്പെടുന്ന നവീകരണ ധ്യാനത്തിന് ധ്യാനഗുരുവും ടീമംഗങ്ങളും ഗായകസംഘവും ഒക്കെ ഉള്‍പ്പെട്ട വിപുലമായ പ്രൊഫഷണല്‍ സംഘത്തെത്തന്നെ കൊണ്ടു വരണമെന്ന വാശി ഉപേക്ഷിക്കുക. ആത്മീയ ഉണര്‍വു പകരുന്ന നല്ല പ്രഭാഷണം നല്‍കാന്‍ കഴിവുള്ള ഒരു ധ്യാനഗുരുവിനെ മാത്രം വരുത്തിയാല്‍ മതി.

4. നവനാള്‍ ആചരണം കൂടാതെയുള്ള തിരുനാളാഘോഷം ഇപ്പോഴില്ലല്ലോ. ഓരോ ദിവസവും പുറത്തുനിന്ന് മാറിമാറി വൈദികരെ ടി.എ.യും ഡി.എ.യും. കൊടുത്തു കൊണ്ടുവന്ന് ശുശ്രൂഷകള്‍ നടത്തുകയാണു പതിവ്. ഇതിനു പകരം ഇടവകയിലെ വൈദികര്‍ തന്നെ ഈ ദിവസങ്ങളിലെ ശുശ്രൂഷകള്‍ നടത്തിയാല്‍ എന്താണു കുഴപ്പം?

5. തിരുനാള്‍ ദിനങ്ങളില്‍ ദേവാലയം കൊടി തോരണങ്ങള്‍ കൊണ്ടും ദീപാലങ്കാരങ്ങള്‍കൊണ്ടും വലിയ മായികദൃശ്യവിസ്മയമാക്കി മാറ്റുന്നത് ആളുകള്‍ക്ക് ഒരു ഹരമായി മാറിയിട്ടുണ്ട്. ഭീമമായ തുകയാണ് ഇതിനു വേണ്ടിവരുന്നത്. നിര്‍ബന്ധമായും ഇക്കാര്യത്തില്‍ സംയമനം പുലര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അലങ്കാരങ്ങള്‍ തീര്‍ത്തും ഉപേക്ഷിക്കണമെന്നല്ല, അങ്ങേയറ്റം ലളിതമായിരിക്കണം.

6. വെടിപടക്കങ്ങളുടെ അതിപ്രസരം ഇപ്പോള്‍ പൊതുവെ കുറഞ്ഞിട്ടുണ്ട്. അതും പരമാവധി ഒഴിവാക്കിയാല്‍ ശബ്ദമലിനീകരണവും അന്തരീക്ഷ മലിനീകരണവും ധൂര്‍ത്തും കുറഞ്ഞുകിട്ടും.

7. ബാന്‍റുമേളം, ചെണ്ട വാദ്യം തുടങ്ങിയ വാദ്യമേളങ്ങളില്ലെങ്കില്‍ തിരുനാള്‍ തിരുനാളാകുകില്ല എന്ന ചിന്താഗതിയിലേക്കു ജനം മാറിപ്പോയിക്കഴിഞ്ഞിരിക്കുന്നു. തിരുനാള്‍ പെരുന്നാളാക്കാമെന്നല്ലാതെ ഇവയൊന്നും തിരുനാളിന്‍റെ ആത്മീയ ചൈതന്യത്തിനും സ്വസ്ഥമായി പ്രാര്‍ത്ഥിക്കാനുള്ള സൗകര്യത്തിനും അല്പം പോലും സഹായകമല്ല എന്ന സത്യം നാം മറന്നു കഴിഞ്ഞിരിക്കുന്നു.

8. പൊന്നാലക്കുടകളുടെയും പൊന്നിന്‍കുരിശുകളുടെയും ബാഹുല്യവും ബാന്‍റുമേളം, ചെണ്ടവാദ്യം തുടങ്ങിയവയുടെ അകമ്പടിയുമില്ലാതെ പ്രദക്ഷിണം. പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് അലങ്കരിച്ച ഒരു വാഹനത്തില്‍ ദേവാലയത്തിലെ ഗായകസംഘം അകമ്പടി സേവിച്ചാല്‍ മറ്റു മേളങ്ങളൊക്കെ ഒഴിവാക്കാന്‍ പറ്റുകയില്ലേ?

9. ഒരു ദേവാലയത്തില്‍ നേര്‍ച്ച സദ്യയോ സ്നേഹവിരുന്നോ നടത്തിയാല്‍ അടുത്ത പള്ളിയിലും അതു വേണം എന്നു ശഠിക്കുന്നതെന്തിന്? അന്ധമായ അനുകരണ ഭ്രമവും മത്സരബുദ്ധിയും എന്തിന്? ലഘുവായ ഭക്ഷണമോ ചായയോ ആയാലെന്താ പോരായ്മ? അതുപോലെ ഒരു പ്രത്യേക ആഘോഷാവസരം എന്നതു കണക്കിലെടുത്ത് അതിന്‍റെ ഭാഗമായി ചെറിയ തോതില്‍ കലാപരിപാടികള്‍ നടത്തുന്നതില്‍ തെറ്റില്ല. പുറത്തുനിന്ന് പ്രാഫഷണല്‍ സംഘങ്ങളെ കൊണ്ടുവന്ന് നാടകവും ഗാനമേളയും മറ്റും നടത്തുന്നത് വലിയ പണച്ചെലവുള്ള കാര്യമായതു കൊണ്ട് ഇടവകക്കാരുടെ തന്നെ പരിപാടികളില്‍ അത് ഒതുക്കുന്നതാണ് ഉത്തമം.

11. അമ്പെഴുന്നള്ളിക്കല്‍, അടിമ വയ്ക്കല്‍ തുടങ്ങി തിരുനാളുകളുമായി ബന്ധപ്പെട്ടു നടത്തപ്പെടുന്ന ചടങ്ങുകള്‍ക്ക് പണം ഈടാക്കി പള്ളിക്കു മുതല്‍ കൂട്ടുന്ന അനാചാരം നിര്‍ത്തലാക്കണം.

12. പുറമെനിന്നു കച്ചവടക്കാരെ ആകര്‍ഷിച്ചു കൊണ്ടു വന്നു സ്ഥല വാടകയീടാക്കി കച്ചവടം പ്രോത്സാഹിപ്പിക്കുകയും പള്ളിപ്പരിസരങ്ങള്‍ കച്ചവട കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്യുന്ന പതിവും തിരുത്തപ്പെടേണ്ടതാണ്.

തിരുനാളുകളുമായി ബന്ധപ്പെട്ട ഏതാനും ചില പൊതുമേഖലകളാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ടത്. ഇനിയും പലതും കാണും. ഓരോ ഇടവകയ്ക്കും വ്യത്യസ്ത സാഹചര്യങ്ങളാണല്ലോ ഉള്ളത്. അവരവര്‍തന്നെ അതാത് ഇടവകകളുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഉചിതമായ തിരുത്തലുകള്‍ വരുത്തുകയാണു വേണ്ടത്.

– ഇങ്ങനെ ചെലവു ചുരുക്കി മിച്ചം വയ്ക്കുന്ന പണം പോക്കറ്റിലിടാനല്ല കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുന്നതിനാണ് ഉപയോഗിക്കേണ്ടത്. ആണ്ടുതോറും നിര്‍ബന്ധ പിരിവു വഴിയും നേര്‍ച്ചയായി ലഭിക്കുന്നതു വഴിയും സ്വരൂപിക്കുന്ന വന്‍ തുക പെരുന്നാളുകള്‍ക്കു വേണ്ടി ധൂര്‍ത്തടിക്കാതെ പരോപകാര പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റി വയ്ക്കുന്നതു വഴി നിരവധി പേരുടെ കണ്ണീരൊപ്പാന്‍ ഓരോ ഇടവകയ്ക്കും കഴിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org