ജോസ് തോമസ്
പാലാരിവട്ടം
2020 മേയ് 13 ലെ സത്യദീപത്തില്‍ വന്ന 'മണ്ണിലുറപ്പിക്കുന്ന മഹാ മാരി' എന്ന എഡിറ്റോറിയല്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു. കാഴ്ചപ്പാടിന്‍റെ വ്യക്തത കൊണ്ടും ആശയങ്ങളുടെ ആഴം കൊണ്ടും അവതരണത്തിന്‍റെ ചാരുത കൊണ്ടും അത് അതീവ ശ്രദ്ധ ആകര്‍ഷിക്കുന്നു. കോവിഡാനന്തര കാലത്തില്‍ എവിടെയാണ് ഊന്നല്‍ നല്‍കേണ്ടത്, എവിടെ പിടിച്ചാണ് കരകയറേണ്ടത് എന്ന് വ്യക്തമായ ദിശാബോധം നല്‍കുന്ന ഒരു ലേഖനമായിട്ടാണ് ഇത് എനിക്ക് അനുഭവപ്പെട്ടത്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും തൊഴിലാളികളുടെ അവകാശങ്ങളെ പരിധിക്കുള്ളിലാക്കി വ്യാവസായിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ഓര്‍ഡിനന്‍സുകള്‍ പാസ്സാക്കുന്നത് കഴിഞ്ഞ ആഴ്ച നമ്മള്‍ കണ്ടു. തികച്ചും വ്യത്യസ്തമായി കേരള സര്‍ക്കാര്‍ കൃഷിക്ക് ഊന്നല്‍ കൊടുത്തു കൊണ്ട് 10 സെന്‍റിലും കൃഷി ചെയ്യാന്‍ നാട്ടുകാരെ ഉദ് ബോധിപ്പിക്കുന്നു. കര്‍ണ്ണാടകയോ തമിഴ്നാടോ അതിര്‍ത്തിയില്‍ മണ്ണിട്ടാല്‍ അത് എന്‍റെ ചോറില്‍ വീഴുന്ന മണ്ണാണെന്ന് മനസ്സിലാക്കി ആ വിപത്തിനെ മുന്‍കൂട്ടി കണ്ട് കൃഷിയിലേക്ക് എല്ലാവരെയും പ്രത്യേകിച്ച് യുവ ജനങ്ങളെ ശക്തമായി ആകര്‍ഷിക്കണം എന്ന അടിസ്ഥാന ആശയം പങ്കുവയ്ക്കുന്ന എഡിറ്റോറിയല്‍ കേരളത്തിന് നല്‍കുന്ന ദിശാബോധം വളരെ വിലപ്പെട്ടതാണ്. തുണ്ടു തുണ്ടു ഭൂമിയില്‍ കൃഷി ചെയ്തു ധാരാളം സ്ഥലങ്ങള്‍ വെറുതെയിട്ട് എന്‍ആര്‍ഐ വരവില്‍ കണ്ണും നട്ടിരിക്കുന്ന കേരളത്തിന് കണ്ണു തുറപ്പിക്കുന്ന ഒരു പാഠമാണ് ഈ കോവിഡ് 19 നല്‍കുന്നത്. മാറി വരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് അനേകര്‍ തൊഴിലില്ലാതെ മടങ്ങുമ്പോള്‍ പുതിയ കാഴ്ചപ്പാടുകളോടെ കൃഷി എങ്ങനെ ആകര്‍ഷകമാക്കാം, എന്തൊക്കെ, ആരൊക്കെ ചെയ്യണം എന്നിവയിലേക്കു വിരല്‍ ചൂണ്ടുന്ന മുഖപ്രസംഗം വളരെ ഹൃദ്യമായി.