ലോക്ക്ഡൗണിനുശേഷമുള്ള കൂദാശാസ്വീകരണങ്ങള്‍

ജോസ് തോമസ്
പാലാരിവട്ടം

പരിശുദ്ധ മാര്‍പാപ്പയും കര്‍ദിനാളന്മാരും മെത്രാപ്പോലീത്താമാരുമെല്ലാം വീട്ടില്‍ വന്നു ബലിയര്‍പ്പിക്കുന്നുണ്ടെങ്കിലും തമ്പുരാനെ നാവില്‍ രുചിക്കാന്‍ പറ്റാത്തതിന്‍റെ വിഷമത്തില്‍ എഴുതുന്നതാണ്. പള്ളികള്‍ അടച്ചിട്ടിട്ടും നേരാംവണ്ണം സഭയോടൊത്തു തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തിട്ടും രണ്ട് മാസത്തിലേറെയായി. ശരിയാണ് അരൂപിയി ലുള്ള ദിവ്യകാരുണ്യസ്വീകരണവും ഓണ്‍ലൈന്‍ കണ്‍വെന്‍ഷനുകളും യുട്യൂബ് പ്രഭാഷണങ്ങളുമൊക്കെയായി lockdown മുന്നോട്ടു തന്നെ; കൂട്ടത്തില്‍ ചില ഹിഡന്‍ അജണ്ടകളും. നേരേചൊവ്വെ മൃതസംസ്കാരം പോലും അസാദ്ധ്യമായൊരവസ്ഥ.

ഒരു വാര്‍ത്താസമ്മേളനത്തില്‍ സൂചന വന്നു, 20 പേരെ ഉള്‍ക്കൊള്ളിച്ചു പള്ളിയില്‍ വിവാഹ കൂദാശ പാരികര്‍മം ചെയ്യാന്‍ അനുമതി നല്‍കാമെന്ന്. ക്രമാനുഗതമായ ഇളവുകളോടെ ലോക്ക് ഡോണ്‍ നമ്മുടെ കൂടെ കാണും; യുഗാന്ത്യത്തോളമല്ലെങ്കിലും. അതുകൊണ്ടു പഴയ നിലയിലേക്കു മടങ്ങാന്‍ കാത്തുനില്‍ക്കാതെ വിശ്വാസികള്‍ക്ക് അവനവന്‍റെ ഇടവകപ്പള്ളിയില്‍ കൂദാശകള്‍ സ്വീകരിക്കുന്നതിനെപ്പറ്റി ബലിയര്‍പ്പിക്കുന്നതിനെപ്പറ്റി സഭയ്ക്ക് ചിന്തിച്ചു കൂടെ? സഭയെന്നു ഉദ്ദേശിക്കുന്നത് രാജകീയ പൗരോഹിത്യം കൈമുതലായിട്ടുള്ള എല്ലാവരെയുമാണ് ശുശ്രൂഷ പൗരോഹിത്യധാരികളെ മാത്രമല്ല. ഇപ്പോള്‍ നിലവിലുള്ള എല്ലാ നിയമങ്ങളും നിബന്ധനകളും പാലിച്ചു കൊണ്ടുതന്നെ ഇടവക ദേവാലയത്തില്‍ വിശുദ്ധ ബലിയര്‍പ്പിക്കാം. സാമൂഹിക അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍, കൈകഴുകല്‍ ഇവ മൂന്നുമാണ് പ്രധാനമായും പാലിക്കേണ്ട നിര്‍ദേശങ്ങള്‍. ആയിരം ചതുരശ്രയടി വിസ്തീര്‍ണമെങ്കിലും ഉള്ള ഒരു ദേവാലയ ഹാളില്‍ ഒരേ സമയം നൂറു പേര്‍ക്കെങ്കിലും ദിവ്യബലിയില്‍ സാമൂഹിക അകലം പാലിച്ചു പങ്കെടുക്കാനാവുമെന്നു തോന്നുന്നു. വി. കുര്‍ബാന സ്വീകരണവും അതുപോലെതന്നെ. ആ ദേവാലയത്തിന്‍റെ എല്ലാ പ്രവേശനകവാടങ്ങളിലും sanitizer കരുതാം; വേണമെങ്കില്‍ കൈ കഴുകാനുള്ള സൗകര്യവുമൊരുക്കാം. പക്ഷേ ബലിയര്‍പ്പണത്തിന്‍റെ തവണകള്‍ കൂട്ടേണ്ടി വരും. രൂപതാധികാരിക്ക് തീരുമാനിക്കാവുന്ന കാര്യം. പങ്കെടുക്കുന്ന നൂറു പേരും ഒരുമിച്ചല്ല പള്ളിയില്‍ വരുന്നത്; തിരികെ പോകുന്നതും. അങ്ങനെയാകാമല്ലോ ഈശോയ്ക്ക് വേണ്ടി ഒരു അനുസരണം.

സഭയുടെ പൗരോഹിത്യനേതൃത്വം ഇതിനെപ്പറ്റി ആലോചിക്കണം. ആവശ്യമായ പ്രാത്ഥനയും വിചിന്തനങ്ങളും നടത്തി കൃത്യമായ മാര്‍ഗരേഖ തയ്യാറാക്കണം. വ്യക്തമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. അതോടൊപ്പം സര്‍ക്കാരിന് ആവശ്യമായ നിവേദനം നല്‍കി ദേവാലയങ്ങള്‍ സര്‍ക്കാര്‍ നിബന്ധനകളോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കു അനുസൃതമായി പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദം വാങ്ങിക്കുകയും വേണം. ഇത് എത്രയും വേഗം ചെയ്താല്‍ ടി വി കൂദാശകള്‍ അപ്രസക്തമാകും; അല്ലെങ്കില്‍ അവ ലഹരിയാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org