നവതിയിലും നവോഢ

ജോസഫ് ജോര്‍ജ്, കോതമംഗലം

57 വയസ്സ് കഴിഞ്ഞ ഞാന്‍ ഓര്‍മ്മ വച്ചനാള്‍ മുതല്‍ വീട്ടില്‍ കാണുന്ന ഒരു കത്തോലിക്കാ പ്രസിദ്ധീകരണമാണു 'സത്യദീപം'. കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാന്‍ ഓരോ ലക്കവും കൃത്യമായി എടുത്തുവയ്ക്കുന്നു; മുഴുവനായി വായിച്ചുതീര്‍ക്കുന്നു. നവതി ആഘോഷിച്ച മുത്തശ്ശിക്ക് ഇപ്പോഴും മധുരപ്പതിനേഴു തന്നെ; ഒരു സംശയവുമില്ല. വസ്തുനിഷ്ഠമായ വിലയിരുത്തലുകള്‍, സ്വയം വിമര്‍ശനങ്ങള്‍ ഇവകൊണ്ടെല്ലാം സത്യദീപം 'സത്യം' പ്രചരിപ്പിക്കുന്ന 'വെളിച്ചം' തന്നെ; സംശയമില്ല.

ആഗസ്റ്റ് 31-ലെ എഡിറ്റോറിയല്‍ ഗംഭീരമായി. ഈയിടെ നാട്ടില്‍ കലാപം വിതച്ച ഗുര്‍മീത് റഹീമിനെക്കുറിച്ചു പരാമര്‍ശിച്ച്, അവസാനം നമ്മുടെ സഭയിലെ പുഴുക്കുത്തുകള്‍ അവിടെ അനാവരണം ചെയ്യുന്നു. കൂണുപോലെ മുളച്ചുപൊങ്ങുന്ന ധ്യാനകേന്ദ്രങ്ങളും ആത്മീയവ്യാപാരികളും എല്ലായിടത്തും പണമാണ് ആവശ്യപ്പെടുന്നത്. ഏതു വിധേനയും അല്പം മനഃശാന്തി തേടി പാവം വിശ്വാസികള്‍ അവിടെയെല്ലാം എത്തിപ്പെടും. അന്യമതസ്ഥരോടു കൂടുതല്‍ അടുപ്പം കാണിക്കരുതെന്നും ചില പ്രത്യേക തരം പൂച്ചെടികള്‍ വീട്ടില്‍ നടരുതെന്നും ഓണം എന്ന നമ്മുടെ ദേശീയോത്സവം വെറുക്കപ്പെടേണ്ടതാണെന്നും പറയുന്ന വചനപ്രഘോഷകരെ ഞാന്‍ ശ്രവിച്ചിട്ടുണ്ട്. ഒരു ബഹുസ്വരസമൂഹത്തില്‍ നമ്മള്‍ ഒറ്റപ്പെടുന്ന ഒരവസ്ഥയല്ലേ ഇത്? ബഹു. അടപ്പൂരച്ചനെപ്പോലുള്ളവര്‍ ഇത്തരം കാര്യങ്ങളെക്കുറിച്ചു വസ്തുനിഷ്ഠമായി എഴുതിയ ലേഖനവും സത്യദീപത്തില്‍ ഞാന്‍ വായിച്ചു. ക്രിസ്തുവിനെയും അവിടുത്തെ ദര്‍ശനങ്ങളെയും മാററിനിര്‍ത്തിക്കൊണ്ടുള്ള ആത്മീയ വ്യാപാരംനമ്മെ എവിടെ കൊണ്ടുപോയി എത്തിക്കുമെന്ന് ആശങ്കപ്പെട്ടു പോകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org