തുറവിനു തുരങ്കം വയ്ക്കുന്നവരെപ്പറ്റി

ജോസഫ് ഇഞ്ചിപ്പറമ്പില്‍, തൃപ്പൂണിത്തുറ

ഒക്ടോബര്‍ 18-ാം തീയ തിയിലെ സത്യദീപത്തില്‍ 'തുറവിന് തുരങ്കം വയ്ക്കുന്നവര്‍' എന്ന തലക്കെട്ടില്‍ വന്ന പത്രാധിപക്കുറിപ്പിനെ പൂര്‍ണമായി സ്വാഗതം ചെയ്യുന്നു. കേരളസഭയില്‍ വളര്‍ന്നുവരുന്ന ഒരു കാന്‍സറിന്‍റെ നേരെയാണു സത്യദീപം വിരല്‍ചൂണ്ടുന്നത്.

നമ്മുടെ വിശ്വാസികളെ തെറ്റായ വഴികളിലേക്കു നയിക്കുന്നതിനു ശ്രമിക്കുന്ന ഈ പ്രബോധകരെ സഭാപിതാക്കന്മാര്‍ നേരില്‍ കണ്ട് അവരുടെ നാവുകള്‍ക്കു കടിഞ്ഞാണിടണം എന്ന് ഈ എഡിറ്റോറിയല്‍ ആവശ്യപ്പെടുന്നു.

സഭാമേലദ്ധ്യക്ഷന്മാരുടെ വ്യക്തിഗത നടപടികള്‍ക്കു പുറമെ മറ്റു ചില പരിപാടികള്‍കൂടി സ്വീകരിക്കുന്നതു പ്രയോജനകരമായേക്കാം. പള്ളിയിലെ പ്രസംഗങ്ങള്‍ക്കിടയില്‍ ഉപദേശങ്ങള്‍ വഴിയും കുടുംബയോഗങ്ങളിലെ ചര്‍ച്ചകള്‍ വഴിയും ധ്യാനകേന്ദ്രങ്ങളെപ്പറ്റിയുള്ള വിലയിരുത്തലുകള്‍ നടത്തണം. എല്ലാ പള്ളികളിലും വാര്‍ഷികധ്യാനങ്ങള്‍ക്കു പുറമേ സൗകര്യപ്രദമായ ദിവസങ്ങളില്‍ പ്രത്യേക വിഭാഗങ്ങള്‍ക്കായി ഏകദിന, അര്‍ദ്ധദിന ധ്യാനങ്ങള്‍ ഒരുക്കണം. മാനസിക, ആരോഗ്യവിഷയങ്ങളില്‍ നല്ല പഠനം ഉള്ളവരെ മാത്രം കൗണ്‍സലര്‍മാരായി കൊണ്ടുവരണം.

ചില സ്ഥലങ്ങളില്‍ ഇടവകവൈദികര്‍ അറിയാതെ തന്നെ പ്രാര്‍ത്ഥനായോഗങ്ങള്‍ നടക്കുന്നുണ്ട്. മതതീവ്രതയും പ്രാമാണിത്വത്തിലുള്ള ആവേശവും നിറഞ്ഞ ചിലരാണ് ഈ യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇത്തരം പ്രവണതകളെ ഇടവകകള്‍ നിരുത്സാഹപ്പെടുത്തണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org