പള്ളിക്കൊരു പുസ്തകശാല

ജോസഫ് കരോട്ടത്തയ്യില്‍, ഇടപ്പള്ളി

"പള്ളിക്കൊരു പള്ളിക്കൂടം" എന്ന ആശയം സാക്ഷര കേരളത്തിനു സമ്മാനിച്ചതു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനാണ്. ജാതി ചിന്തയും തൊട്ടുകൂടായ്മയും നിലനിന്നിരുന്ന കാലത്ത്, എല്ലാ ജാതിമതവിഭാഗങ്ങളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുവാന്‍ കളമൊരുക്കിയ പള്ളിക്കൂടങ്ങള്‍, പള്ളിയോടു ചേര്‍ന്നുതന്നെ ആരംഭിച്ച്, അദ്ദേഹം നമുക്കു നല്ലൊരു മാതൃക കാണിച്ചുതന്നു. ഈ കാലഘട്ടത്തില്‍ "പള്ളിക്കൊരു പുസ്തകശാല" എന്ന സ്വപ്നത്തിലേക്കു നാം മാറിചിന്തിക്കേണ്ടിയിരിക്കുന്നു.

പുതിയ തലമുറ വായനയില്‍ നിന്നും വളരെ അകലെയാണ്. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ അത്ര മാത്രം നമ്മുടെ യുവതലമുറയെ സ്വാധീനിച്ചുകഴിഞ്ഞിരിക്കുന്നു. അക്ഷരലോകത്തിലേക്കും വായനാശീലത്തിലേക്കും നമ്മെ പിച്ചവച്ചു നടത്തിയ നമ്മുടെ പഴയ തലമുറ തുടങ്ങിവച്ച പള്ളിയോടു ചേര്‍ന്നുള്ള പള്ളിക്കൂടങ്ങള്‍ ഇന്നും നമുക്കു മാതൃകകളാണ്. ഇനി "പള്ളിക്കൊരു പുസ്തകശാല" എന്ന കാല്‍ വയ്പിലേക്കു നാം കടക്കണം. അത് ആധുനിക രീതിയിലുള്ള ഒരു "smart class room" പോലെയായിരിക്കണം. വായനയ്ക്കും ദൃശ്യ-ശ്രാവ്യമാധ്യമങ്ങളുടെ നല്ല രീതിയിലുള്ള ഉപയോഗത്തിനും ഉപകരിക്കുന്ന ഒരു പുസ്തകശാല. കത്തോലിക്കാസഭയെക്കുറിച്ചുള്ള വ്യാജവാര്‍ത്തകളില്‍ നിന്നും വിശ്വാസിസമൂഹത്തെ ബോധവത്കരിക്കുക, സഭാനുബന്ധ പുസ്തകങ്ങള്‍ വായിക്കുവാനുള്ള അഭിരുചി കുട്ടികളില്‍ വളര്‍ത്തിയൈടുക്കുക, സത്യമറിഞ്ഞു സഭാസ്നേഹത്തില്‍ ആഴപ്പെടാന്‍ പുതു തലമുറയെ സഹായിക്കുക, ബൈബിള്‍ പഠനത്തില്‍ ആഴപ്പെടാന്‍ ഉപകരിക്കുക തുടങ്ങിയവയായിരിക്കണം ഈ പു സ്തകശാലയുടെ ലക്ഷ്യം.

നമ്മുടെ ഇടവകകളെ സംബന്ധിച്ചിടത്തോളം മതബോധന വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും കുടുംബ യൂണിറ്റുകളുടെയും സഹകരണത്തോടെ വീടുകളില്‍ നിന്നും നല്ലൊരു പുസ്തകശേഖരണം നടത്തുവാന്‍ കഴിയും. വിശുദ്ധ ചാവറ പിതാവിന്‍റെ 150-ാം ചരമവാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷം എന്തുകൊണ്ട് ഈ സ്വപ്നപദ്ധതിയെക്കുറിച്ചു കേരളസഭയ്ക്കു ചിന്തിച്ചുകൂടാ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org