ദൈവമില്ലാത്തവന്‍റെ നിലവിളി

Published on

ജോസഫ് കെമ്പന്‍, എളംകുളം, കൊച്ചി

ചിന്താജാലകം സ്ഥിരം വായനക്കാരനാണ് ഞാന്‍. ഈ ചിന്താവിഷയം പലപ്പോഴും സാധാരണക്കാരനായ ഒരു വിശ്വാസിക്ക് അകത്തു കയറിച്ചെല്ലാന്‍ സാധിക്കാതെ വരുന്നു. അതിരുകള്‍ ഭാഷയുടെ അര്‍ത്ഥങ്ങളുടെ രഹസ്യാത്മകതകൊണ്ടു വേലി കെട്ടുന്നു. ഇവിടെ 'ദൈവമില്ലാത്തവന്‍റെ' നിലവിളി മതിലുകളാല്‍ അടയ്ക്കപ്പെട്ട ഒരു രഹസ്യമാണോ…? ഒന്ന് പരിശോധിക്കാന്‍ ശ്രമക്കുകയാണ്.

ഇവിടെ 'എന്‍റെ ദൈവമേ, എന്‍റെ ദൈവമേ' എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു എന്ന യേശുവിന്‍റെ കുരിശില്‍ക്കിടന്നുള്ള വിലാപം ഒരു പ്രാര്‍ത്ഥനയാണെന്നു ലേഖകന്‍ കുറിക്കുന്നു. പ്രതീക്ഷയ്ക്കു പരിക്ക് പറ്റിയവന്‍റെ അവസാന പ്രാര്‍ത്ഥന എന്നു കൂട്ടിച്ചേര്‍ക്കുമ്പോള്‍ അതു വിഭ്രാന്തി ഉണ്ടാക്കുന്നു. അപ്പോള്‍ ഒരു സംശയമുദിക്കുന്നു. ഉത്ഥിതനാകുന്ന യേശുവിന്‍റെ പ്രതീക്ഷയ്ക്കു പരിക്ക് പറ്റിയവന്‍റെ മുഖമുണ്ടാകുന്നത് എങ്ങനെ…? ദൈവപുത്രനും മനുഷ്യപുത്രനുമായ യേശുവിനു സഹിക്കേണ്ടി വന്ന വേദനയില്‍ നിന്നുയര്‍ന്ന ഒരു പ്രാര്‍ത്ഥനയാണെന്നു മനസ്സിലാക്കാമെങ്കിലും, പ്രതീക്ഷയ്ക്കു പരിക്ക് പറ്റിയവന്‍റെ അവസാന പ്രാര്‍ത്ഥനയായി കാണാന്‍ മനസ്സ് അനുവദിക്കുന്നില്ല. യേശുവിന്‍റെ ദൈവത്വം പ്രതീക്ഷയ്ക്കു പരിക്കു പറ്റിയവന്‍റെ ഭാവം ഉള്‍ക്കൊള്ളുന്നില്ല. യേശുവിന്‍റെ മനുഷ്യത്വം അതൊരു പ്രാര്‍ത്ഥനയായി കാണാം എന്ന ഭാവം ഉള്‍ക്കൊള്ളുകയും ചെയ്യാം.

ദൈവത്തിന്‍റെ മരണവിലാപം ദൈവത്തിനുവേണ്ടിയുള്ള നിലവിളിയാണ്. അതായതു ദൈവപുത്രന്‍റെ മരണവിലാപം ദൈവത്തോടുള്ള മനുഷ്യപുത്രന്‍റെ നിലവിളിയാണ്. അങ്ങനെയെങ്കില്‍ മനുഷ്യപുത്രന്‍ ഉയര്‍ത്തുന്നത് ധര്‍മ്മബോധത്തിന്‍റെ പ്രതിഷേധമാണെങ്കില്‍ ദൈവമില്ലായ്മയുടെ നിലവിളിയായി അതു മാറിയേനെ. ദൈവപുത്രനും മനുഷ്യപുത്രനുമായ യേശുവിന്‍റെ കാര്യത്തില്‍ അതിനു സാദ്ധ്യതയില്ല. തിരിച്ചുവരുന്ന ഉത്ഥിതനായ യേശുവിന്‍റെ ദൈവത്വം മനുഷ്യപുത്രനും പ്രകടമാകണമെങ്കില്‍ ഒരിക്കലും പ്രതീക്ഷയ്ക്ക് പരിക്കു പറ്റുവാന്‍ പാടില്ലാത്തതാണ്. അവിടെയാണു പ്രതീക്ഷയ്ക്കു പരിക്ക് പറ്റിയവന്‍റെ അവസാനത്തെ പ്രാര്‍ത്ഥന എന്നു പറഞ്ഞു യേശുവിന്‍റെ മനുഷ്യത്വത്തെ വലുതായി ചിത്രീകരിക്കുന്നു.

ഇവിടെ മനുഷ്യത്വത്തെ ദൈവത്വത്തില്‍ നിന്നു മാറ്റിനര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ "എന്‍റെ ദൈവമേ…?" എന്നതു മനുഷ്യപുത്രന്‍റെ ദൈവത്തോടുള്ള നിലവിളിയായി ഉയരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org