സന്യാസജീവിതത്തിന്‍റെ ഉള്‍പ്പൊരുള്‍

ജോസഫ് പാമ്പയ്ക്കല്‍ വി.സി.

ആരെങ്കിലും എന്നെ അനുഗമിക്കന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ" (മത്താ. 16:24). ഇതാണു സന്യാസജീവിതത്തിന്‍റെ കാതല്‍. തന്നെത്തന്നെയും തനിക്കുള്ളതിനെയും പരിത്യജിച്ചുകൊണ്ടുള്ള ഒരു ജീവിതം! ദൈവത്തിനും ദൈവജനത്തിനും സമ്പൂര്‍ണമായി സമര്‍പ്പിച്ചുകൊണ്ടുള്ള ഒരു ജീവിതം! സഹോദരങ്ങള്‍ക്കു സേവ ചെയ്യാന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ടുള്ള ഒരു ജീവിതം, സ്വാര്‍ത്ഥത്തെ ത്യജിച്ചുകൊണ്ടും അതിജീവിച്ചുകൊണ്ടുമുള്ള ഒരു ജീവിതം – അതാണു സന്ന്യാസം.

പരിശുദ്ധാത്മാവാല്‍ പ്രചോദിതരായി, പരിശുദ്ധിയുടെ മാതൃകയും പ്രബോധകനുമായ യേശുനാഥനെ അടുത്ത് അനുകരിക്കാന്‍ വേണ്ടി, തങ്ങളെത്തന്നെ ഒരു നവ്യവും സവിശേഷവുമായ അടിസ്ഥാനത്തില്‍, അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ മൂന്നു വ്രതങ്ങളെടുത്ത് ഒരു സന്ന്യാസസഭയുടെ ചട്ടങ്ങളും ക്രമങ്ങ ളുമനുസരിച്ച് ഒരു മേലധികാരിയുടെ കീഴില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണു സന്ന്യാസജീവിതം.

സന്ന്യാസജീവിതം ഇന്നു സമൂഹജീവിതംകൂടിയാണ്; ഏകാന്തവാസമല്ല; പ്രത്യേകിച്ചു കത്തോലിക്കാസഭയില്‍. ഒരു സമൂഹം ഉടലെടുക്കുന്നതും നിലനില്ക്കുന്നതും ചില വ്യവസ്ഥകളുടെ പശ്ചാത്തലത്തിലാണ്. അതിന്‍റെ ബൈലോസ് – നിയമങ്ങള്‍ – അനുസരിച്ചു മാത്രമേ അംഗങ്ങള്‍ക്കു പ്രവര്‍ത്തിക്കാനാവൂ. അതിലെ അംഗങ്ങളുടെയും ഭാരവാഹികളുടെയും കടമകളും അവകാശങ്ങളും അതിന്‍റെ നിയമാവലിയില്‍ വ്യക്തമായി പ്രതിപാദിച്ചിരിക്കും.

സാധാരണ ഒരു സൊസൈറ്റിക്കു രൂപം കൊടുക്കുമ്പോള്‍ ആദ്യമായിത്തന്നെ അതിന്‍റെ ഭരണഘടനയും പ്രവര്‍ത്തനങ്ങളും എന്ത്, എങ്ങനെ എന്നു വ്യവച്ഛേദിച്ചിരിക്കണം; അതുപോലെ തന്നെ അതിന്‍റെ ഭരണാധികാരികളുടെയും അംഗങ്ങളുടെയും കര്‍ത്തവ്യങ്ങളും കടമകളും അവകാശങ്ങളും ഒക്കെയും നിയമാവലിയില്‍ സ്പഷ്ടമാക്കിയിരിക്കും. അതുപോലെതന്നെയാണു സന്യാസസമൂഹത്തിന്‍റെ നിയമാവലിയും നിബന്ധനകളും. തിരുസ്സഭയുടെ കാനന്‍ നിയമത്തില്‍ പൊതുവായ നിയമങ്ങളും നിര്‍ദ്ദേശങ്ങളും അവയ്ക്കു വിപരീതമാകാതെ, ഓരോ സമൂഹത്തിനും ഉണ്ടായിരിക്കും. അവയെല്ലാം അനുഷ്ഠിക്കുവാന്‍ ആ സമൂഹത്തിലെ അംഗങ്ങള്‍ ബാദ്ധ്യസ്ഥരുമാണ്.

സന്യാസജീവിതത്തിന്‍റെ പൊതുതത്ത്വം അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നീ മൂന്ന് വ്രതാനുഷ്ഠാനങ്ങളില്‍ അധിഷ്ഠിതമാണെങ്കിലും അതു ജീവിതത്തില്‍ പ്രായോഗികവും സാദ്ധ്യവുമാക്കിത്തീര്‍ക്കാനുള്ള സംരക്ഷണോപാധികളും മാര്‍ഗങ്ങളുമെല്ലാം ഓരോ സന്യാസസമൂഹത്തിന്‍റെയും നിയമസംഹിതയില്‍ ആവിഷ്കരിച്ചിരിക്കും. കൂടാതെ തങ്ങളുടെ ജീവി തത്തിലും പ്രവര്‍ത്തനങ്ങളിലുമൊക്കെ പാലിക്കേണ്ട നിബന്ധനകളും നിയമാവലിയില്‍ ആവിഷ്കരിച്ചിരിക്കും. ആ നിയമങ്ങളും ക്രമങ്ങളും വ്രതബദ്ധമായ ജീവിതത്തില്‍ അനുസരിക്കുക, അനുഷ്ഠിക്കുക ആവശ്യമാണ്.

നല്ല മനസ്സോടെ, സ്വയം സന്നദ്ധരായി വരുന്നവര്‍ മാത്രമാണു സന്യാസജീവിതത്തിലേക്കു സ്വീകൃതരാവുക. ആരും ആരെയും ഒരിക്കലും നിര്‍ബന്ധിക്കുന്നില്ല സന്യാസജീവിതത്തിന്. സ്വമനസ്സാലേ ജീവിതാന്തസ്സു തിരഞ്ഞെടുക്കാന്‍ – സന്ന്യാസജീവിതമോ ഏകാന്തജീവിതമോ സമൂഹജീവിതമോ കുടുംബജീവിതമോ തെരഞ്ഞെടുക്കുവാന്‍ ഏവര്‍ക്കും മതപരവും സാമൂഹികവുമായ വ്യക്തിസ്വാതന്ത്ര്യമുണ്ട്. അതു ഹനിക്കപ്പെട്ടാല്‍ ആ തെരഞ്ഞെടുപ്പുതന്നെ അസാധുവാകും. നിര്‍ബന്ധംകൊണ്ട്, ഭയപ്പെടുത്തല്‍കൊണ്ട്, ബാഹ്യസമ്മര്‍ദ്ദംകൊണ്ട് ഒരാള്‍ വിവാഹം കഴിച്ചാല്‍ അതു സാധുവാകില്ല. അതുപോലെതന്നെ ബാഹ്യസമ്മര്‍ദ്ദംകൊണ്ട് ഒരാള്‍ സന്യാസവ്രതം അനുഷ്ഠിക്കാമെന്നു വാഗ്ദാനം ചെയ്താല്‍ അതും അസാധുവാകുന്നു.

ഏറ്റെടുത്ത വിവാഹജീവിതത്തില്‍ നിന്നു മോചനം നേടാന്‍ ഒരാള്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് അത്ര എളുപ്പമാവില്ല. കാരണം അതു രണ്ടു വ്യക്തികള്‍ തമ്മില്‍, ഏകമനസ്സോടെ ജീവിച്ചുകൊള്ളാമെന്നു ദൈവസമക്ഷവും സഭാസമക്ഷവും വാഗ്ദാനം ചെയ്ത് ഏറ്റെടുത്ത ഒരു ജീവിതാവസ്ഥയാണ്. അതൊരു കൂദാശയുമാണ്. എന്നാല്‍ സന്യാസജീവിതത്തില്‍നിന്ന്, സന്യാസവ്രതവാഗ്ദാനങ്ങളില്‍ നിന്ന് അതിലേറെ എളുപ്പത്തില്‍ വിമുക്തി നേടാനാവും. ഒരാള്‍ക്കു സന്യാസജീവിതം മടുത്തു, അതില്‍ തുടരാന്‍ ഇഷ്ടമില്ല, അതു ക്ലിഷ്ടകരമാണ് എന്നു ബോദ്ധ്യമായാല്‍, ആ ജീവിതത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നു കാണിച്ച് ഒരപേക്ഷ അധികാരികള്‍ക്കു നല്കിയാല്‍, അതിന്‍റെ നിജാവസ്ഥ പരിശോധിച്ച് ആവശ്യമെങ്കില്‍ വിടുതല്‍ നല്കാന്‍ തിരുസ്സഭാധികാരികള്‍ക്ക് അധികാരമുണ്ട്. സന്യാസജീവിതം ഒരു കൂദാശയല്ല എന്ന കാര്യവും സ്മര്‍ത്തവ്യമാണ്. അത് അലംഘനീയമായ ഉടമ്പടിയാണെങ്കിലും അതില്‍ നിന്ന് ഒരു വ്യക്തിയെ വിമുക്തമാക്കാന്‍ അതു സ്വീകരിക്കുന്ന അധികാരികള്‍ക്ക് അധികാരമുണ്ട്.

സന്യാസജീവിതം അതിശ്രേഷ്ഠമായ ഒരു ജീവിതാവസ്ഥതന്നെയാണ്; അതു പരിപാവനമായി കാത്തുപാലിക്കുക ആ ജീവിതം ഏറ്റെടുക്കുന്നവരുടെ കര്‍ത്തവ്യവും. വരാനിരിക്കുന്ന സ്വര്‍ഗീയമഹത്ത്വത്തിന്‍റെ ഈ ലോകത്തിലെ സാദൃശ്യവും പ്രതീകവും കളങ്കമില്ലാതെ ആ ജീവിതം പരിശുദ്ധമായി നയിക്കാന്‍ സന്യസ്തര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org