തിരുനാളുകള്‍ പെരുന്നാളുകളാക്കരുത്

ജോസഫ് തറപ്പേല്‍, ചെങ്ങളം

"തിരുനാളുകള്‍ എങ്ങനെ പെരുന്നാളുകളായി" എന്ന ഫാ. മൈക്കിള്‍ കാരിമറ്റത്തിന്‍റെ സത്യദീപത്തില്‍ രണ്ടു ലക്കങ്ങളിലായി (ലക്കം 22, 23) വന്ന ലേഖനം ആശയസമ്പുഷ്ടതകൊണ്ട് അസ്സലായി. മനഃസാക്ഷിയുള്ളവര്‍ക്കും അതൊരു മാര്‍ഗദര്‍ശിതന്നെ.

നമ്മുടെ മാമ്മോദീസയുടെ അവസരത്തില്‍ സഭ നമുക്ക് ഓരോ മദ്ധ്യസ്ഥരെ തന്നു. നമുക്കു വഴികാട്ടികളാകുവാനാണ് അങ്ങനെ ചെയ്യുന്നത്. നമ്മള്‍ ദൈവത്തില്‍ നിന്നു വന്നു. ഇനി ദൈവത്തിലേക്കു തിരിച്ചു പോകണം. അപ്പോള്‍ അവര്‍ നമുക്കു വഴിവിളക്കുകളാകണം. അല്ലാതെ ദൈവത്തിന്‍റെ സ്ഥാനം പിടിച്ചെടുക്കുവാനല്ല, അഹറോന്‍റെ കാളക്കുട്ടിയാകുവാനല്ല അവര്‍ നിയുക്തരായത്.

ദൈവമാണു നമ്മുടെ എല്ലാം. ദൈവത്തിലാണ് നമ്മള്‍ എത്തിച്ചേരേണ്ടതും. അവിടുന്നു നമുക്ക് ആത്മീയസുസ്ഥിതിയും ശാരീരികസുസ്ഥിതിയും സാമ്പത്തിക സുസ്ഥിതിയും നല്കുന്നു. നമുക്കുവേണ്ടി അത്ഭുതം പ്രവര്‍ത്തിക്കേണ്ട ആവശ്യം വന്നാല്‍ അതു ചെയ്യുന്നതും ദൈവമാണ്. വിശുദ്ധര്‍ വഴികാട്ടികള്‍ മാത്രം. ക്രിസ്തു പറഞ്ഞിട്ടുണ്ട്. "നിങ്ങള്‍ ഒന്നുകൊണ്ടും ഉത്കണ്ഠാകുലരാകേണ്ട. നിങ്ങള്‍ക്ക് എന്തെല്ലാം ആവശ്യമാണെന്നു സ്വര്‍ഗസ്ഥനായ പിതാവിനറിയാം."

വിശുദ്ധരെയും തിരുശേഷിപ്പുകളുകളെയും നമ്മള്‍ ന്യായമായി ബഹുമാനിച്ചാല്‍ മതി. പരമ പ്രധാന ആരാധനയായ ദിവ്യബലിയില്‍ പങ്കെടുക്കുക. നൊവേനയ്ക്ക് അമിതപ്രാധാന്യം കൊടുക്കാതിരിക്കുക. നൊവേനകള്‍ക്കും തിരുശേഷിപ്പുകള്‍ക്കും അമിതപ്രാധാന്യം കൊടുക്കുന്നവരോട് അവിടുന്നു പറയും: "ആരും തര്‍ക്കിക്കേണ്ട, കുറ്റപ്പെടുത്തുകയും വേണ്ട. പുരോഹിതാ നിനക്കെതിരെയാണ് എന്‍റെ ആരോപണം. അജ്ഞത നിമിത്തം എന്‍റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്കരിച്ചതുകൊണ്ട് എന്‍റെ പുരോഹിതനായിരിക്കുന്നതില്‍ നിന്ന് നിന്നെ ഞാന്‍ തിരസ്കരിക്കുന്നു" (ഹോസി. 4:4-9). നീ എന്‍റെ ജനത്തെ എന്നിലേക്കു നയിക്കുകയല്ല ചെയ്യുന്നത്. നീ പള്ളിക്കു സ്വത്തു സ്വരക്കൂട്ടുന്നു. അതുകൊണ്ടു നിന്‍റെ മേലും എന്‍റെ ജനത്തിന്‍റെ മേലും എന്‍റെ അനുഗ്രഹം ഞാന്‍ വര്‍ഷിക്കുകയില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org