ദൈവത്തിനു കേള്‍വിക്കുറവുണ്ടോ?

ജോസഫ് തോട്ടുങ്കല്‍, ചേര്‍ത്തല

സത്യദീപം ലക്കം 27-ല്‍ 'ദൈവത്തിനു കേള്‍വിക്കുറവുണ്ടോ?' എന്ന തലക്കെട്ടില്‍ ശ്രീ. സജി ജോസഫ്, ശ്രീമതി ബീന സജി എന്നിവര്‍ കൂട്ടായി എഴതിയ കത്തു വളരെ ശ്രദ്ധേയമായിരിക്കുന്നു. മാധ്യമപ്രവര്‍ത്തകരായ ഇവര്‍ ശബ്ദമലിനീകരണം ശരിക്കും അനുഭവിച്ചവരാണെന്നു തോന്നുന്നു. ജനുവരി മുതല്‍ ഏപ്രില്‍, മേയ് വരെ ഉത്സവങ്ങളുടെയും തിരുനാളുകളുടെയും കാലഘട്ടമാണ്; അതോടൊപ്പം ഒരാഴ്ചയോളം നടക്കുന്ന കരിസ്മാറ്റിക് ധ്യാനങ്ങള്‍, സപ്താഹയജ്ഞങ്ങള്‍. കുട്ടികളുടെ വര്‍ഷാവസാന പരീക്ഷകള്‍ നടക്കുന്ന കാലഘട്ടംകൂടിയാണിത്. വെളുപ്പിനെ നാലു മണി മുതല്‍ രാത്രി 12 മണിവരെയുള്ള ഈ ആഘോഷങ്ങളില്‍ നിന്ന് ഉണ്ടാകുന്ന കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങള്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും താമസിക്കുന്നവരെ ഭ്രാന്ത് പിടിപ്പിക്കുന്ന തരത്തിലുള്ളവയാണ്. രാവിലെ 4 മുതല്‍ 7 വരെയും വൈകീട്ട് 10 മണി വരെയും കുട്ടികള്‍ പഠിക്കുന്ന സമയമാണ്.

പള്ളികളിലും അമ്പലങ്ങളിലും നടക്കുന്ന പ്രാര്‍ത്ഥനകളും ആരാധനകളും വഴിയേ പോകുന്നവരെയും വീട്ടിലിരിക്കുന്നവരെയും കേള്‍പ്പിക്കാനുള്ള തത്രപ്പാടാണിത്. പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നവര്‍ അതില്‍ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ എന്നതാണു സത്യം. ആയതിനാല്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്ക് കേള്‍ക്കാന്‍ ആവശ്യമായ ബോക്സുകള്‍ മാത്രമേ സ്ഥാപിക്കപ്പെടേണ്ടതുള്ളൂ. കോളാമ്പികള്‍ നിരോധിച്ചിരിക്കുകയാണ്. എന്നിട്ടും വളരെ ദൂരംവരെ കേബിള്‍ വലിച്ചു കോളാമ്പികള്‍ സ്ഥാപിക്കുന്നു.

ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്ന് അഭിവന്ദ്യ പിതാക്കന്മാര്‍ ഇടയലേഖനങ്ങള്‍ വഴി അറയിച്ചിട്ടുള്ളതുമാണ്. ഉത്തരവാദിത്വപ്പെട്ട ആഘോഷകമ്മിറ്റികള്‍ ജനങ്ങള്‍ക്കുകൂടി പ്രാധാന്യം നല്കിക്കൊണ്ടു സ്വയംതിരുത്തുവാന്‍ തയ്യാറായാല്‍ നമ്മുടെ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വലിയ അനുഗ്രഹമായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org