ചര്‍ച്ച്ബില്ല്, നമ്മെ ജാഗ്രതയുള്ളവരാക്കാന്‍

Published on

ജോസ്മോന്‍, ആലുവ

പാവങ്ങള്‍ക്കുവേണ്ടി ദൈവം നല്കിയതാണ് സഭയുടെ ഇന്നു കാണുന്ന സ്വത്തും വസ്തുവകകളും… അതിന്‍റെ ചരിത്രം ബൈബിളിലെ അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ ആരംഭിക്കുന്നു. "അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു" (അപ്പ. പ്ര. 2:45).

വിശ്വാസിസമൂഹം ചോര നീരാക്കി അദ്ധ്വാനിച്ചതിന്‍റെ ഓഹരിയും ദശാംശവുമായിരുന്നു ആദിമസഭയുടെ സ്വത്ത്. പിന്നീടു 'കെട്ടുതേങ്ങയും' 'പിടിയരിയും' സംഭാവനകളും വന്നു. അവകാശികളില്ലാത്തതിന്‍റെ പേരില്‍ അനേകര്‍ സഭയ്ക്കു കൈമാറിയ സ്വത്തുക്കള്‍ വേറെ. ഇന്നത്തെ നിലവിലുള്ള വിവിധ വരുമാനസ്രോതസ്സുകള്‍… അങ്ങനെ കേരളസഭ സമ്പന്നയായി. ഇതിനിടയില്‍ എപ്പോഴോ നമ്മുടെ മുന്‍ഗണനാക്രമം തെറ്റി. പ്രഥമ പരിഗണനയര്‍ഹിക്കുന്ന പാവപ്പെട്ടവന്‍ തഴയപ്പെട്ടു.

ഇനിയെങ്കിലും നമ്മുടെ ദേവാലയങ്ങള്‍, മഠങ്ങള്‍, സെമിത്തേരി, സഭാസ്ഥാപനങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, അത്യാവശ്യം കൃഷിസ്ഥലങ്ങള്‍, കളിസ്ഥലങ്ങള്‍ എന്നിവ ഒഴിച്ചുള്ള 'മിച്ചഭൂമി'യും സമ്പാദ്യങ്ങളും പട്ടിണിപ്പാവങ്ങള്‍ക്കു വിട്ടുനല്കണം.

നാം ഇന്ന് അനുഭവിക്കുന്ന ഈ സുഖസൗകര്യങ്ങള്‍ ഈ പാവങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണ്. ഈ സുരക്ഷിതജീവിതം പാവപ്പെട്ടവന്‍റെ പേരില്‍ ദൈവം നല്കിയതാണെന്നും ഓര്‍ക്കണം. അതുകൊണ്ടു ദൈവസന്നിധിയിലേക്ക് ഉയരുന്ന ബലഹീനമായ സഹോദരങ്ങളുടെ നിലവിളി നാം കേള്‍ക്കാതെ പോകരുത്.

പാവങ്ങള്‍ക്കുവേണ്ടി ദൈവം നല്കിയ സ്വത്തും വസ്തുവകകളും ആ നിയോഗങ്ങള്‍ക്കുവേണ്ടിത്തന്നെ ചെലവഴിക്കണം. അതിനു നാം തയ്യാറാവുന്നില്ലെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ അത് അര്‍ഹതയില്ലാത്ത അന്യരുടെ കരങ്ങളില്‍ എത്തിച്ചേരും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org