മലയാറ്റൂര്‍ തീര്‍ത്ഥാടനവും മരം നശീകരണവും

ജോയ് മഴുവഞ്ചേരി, വേങ്ങൂര്‍

പ്രസിദ്ധമായ കുരിശുമുടി മലകയറ്റം തുടങ്ങിക്കഴിഞ്ഞുവല്ലോ. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വര്‍ധിച്ചു വരുന്ന ഒരു പ്രവണതയാണ് കത്തിനാധാരം. യുവാക്കള്‍ സംഘമായി കൂറ്റന്‍ കുരിശുമായി മല കയറുന്നു. ഇതിനു വേണ്ടി നാട്ടില്‍ നിന്നും വന്‍ മരങ്ങള്‍ വെട്ടി ഉണക്കി ഭീമന്‍ കുരിശുകള്‍ നിര്‍മ്മിച്ചു ലോറിയിലും മറ്റും കയറ്റി അടിവാരത്തെത്തിക്കുന്നു. അതിനുശേഷം അനേകം പേര്‍ ചേര്‍ന്ന് മുകളില്‍ എത്തിക്കുന്നു. മറ്റുള്ള തീര്‍ത്ഥാടകര്‍ക്ക് മലകയറ്റം ബുദ്ധിമുട്ടായി മാറുന്നു. ഈ ഭീമന്‍ കുരിശുകള്‍ ഉപേക്ഷിക്കുന്നിടത്ത് ഒട്ടും ഇടമില്ല. ഇത് കൊണ്ട് എന്ത് ആത്മീയ നന്മയാണ് ലഭിക്കുന്നത്? അനേകം യുവാക്കള്‍ക്ക് ഇതിനിടയില്‍ വീണും മറ്റും വലിയ അപകടവും പറ്റുന്നുണ്ട്. കൊടും ചൂടില്‍ ഉരുകുന്ന നാട്ടില്‍ നിന്ന് ഇങ്ങനെ അനാവശ്യമായി ഒരുപാടു മരങ്ങള്‍ മുറിക്കുന്നതിന്‍റെ ദോഷഫലങ്ങള്‍ ആരും ചിന്തിക്കുന്നില്ല. വളരെയധികം അധ്വാനവും പണവും ഇതിനായി ദുര്‍വ്യയം ചെയ്യുന്നുണ്ട്. എത്രയോ നല്ല കാര്യങ്ങള്‍ പകരം ചെയ്യാനാകും. ആത്മീയ നന്മകള്‍ക്കായി ചെയ്യുന്നവ തിന്മയാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ രൂപതാതലത്തിലും ഇടവക തലത്തിലും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി നടപ്പാക്കണം. ഇക്കോ ഫ്രണ്ട്ലി തീര്‍ത്ഥാടന വിജയത്തിനു വേണ്ടി എല്ലാവരുടെയും സഹകരണം ആവശ്യമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org