സൗജന്യ ഉച്ചഭക്ഷണ പദ്ധതി

ജോയി വടക്കുഞ്ചേരി, തുരുത്തിപ്പുറം

തൃപ്പൂണിത്തുറ സെന്‍റ് മേരീസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ദരിദ്രരും രോഗികളും വൃദ്ധരുമായ വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഉച്ചഭക്ഷണം നല്കുന്ന 'പാഥേയം' എന്ന പദ്ധതി മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് ഉദ്ഘാടനം നിര്‍വഹിക്കുന്ന വാര്‍ത്ത മേയ് 22-ലെ സത്യദീപം പ്രാദേശിക വാര്‍ത്താ പേജില്‍ വായിക്കുവാന്‍ ഇടവന്നു. വിശപ്പിന്‍റെ വേദന അറിയുന്ന സഹോദരങ്ങള്‍ക്ക് ദിവസവും ഒരു നേരം അപ്പം മുറിച്ചു നല്കി വിശുദ്ധ ബലി അര്‍പ്പിക്കുന്നു; നല്ല കാര്യം.

രാവിലെ മുതല്‍ പാതിര വരെ വിശപ്പില്ലാത്ത ലക്ഷക്കണക്കിനു സഹോദരങ്ങള്‍ക്കു നേര്‍ച്ചകാഴ്ചകളായി ഭക്ഷണം വിളമ്പാന്‍ ദേവാലയങ്ങള്‍ മത്സരിക്കുമ്പോള്‍ ചുക്കിച്ചുളിഞ്ഞ ശരീരവും മുഷിഞ്ഞ വസ്ത്രവും ധരിച്ച്, ആരു കണ്ടാലും മുഖം തിരിക്കുന്ന ഈ പാവങ്ങള്‍ക്കു കരുണ വറ്റാത്ത തൃപ്പൂണിത്തുറയിലെ സെന്‍റ് മേരീസ് ഇടവകാംഗങ്ങള്‍ വയറു നിറച്ച് ഒരു നേരത്തെ ഭക്ഷണം സ്നേഹത്തോടെ വിളമ്പികൊടുക്കുന്നതു മാതൃകാപരമാണ്.

ഒരു നേരത്തെ ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്ന കുറച്ചു വ്യക്തികളെങ്കിലും നമ്മുടെ ഓരോ ഇടവക അതിര്‍ത്തികളിലും ഉണ്ടാകും. മാതൃകാപരമായ ഇത്തരം പ്രവൃത്തികള്‍ എല്ലാ ഇടവകകളിലും ആരംഭിക്കുന്നതിനുള്ള തിരിച്ചറിവു നമുക്കുണ്ടാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org