ക്രിസ്ത്യാനിയായതില്‍ അഭിമാനിക്കുന്നു

ജസ്റ്റിന്‍, മഞ്ഞപ്ര

അച്ചന്മാരും മെത്രാന്മാരും ആകെ പ്രശ്നമാണെന്ന മട്ടില്‍ ചില മെസേജുകള്‍ കണ്ടു. തലേല്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയായത്രേ.

ക്രിക്കറ്റ്കളി തോല്ക്കുമ്പോള്‍ അത്രേം നാളും ജയ് വിളിച്ചു നടന്നവരൊക്കെകൂടി കളിക്കാരെ മുഴുവന്‍ കുറ്റം പറയുന്നതാണ് ഓര്‍മ്മ വരുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കിന്‍റെ പ്രത്യേകതയാണ് ഇത്.

സാധാരണക്കാരുടെ ഏറ്റവും വലിയ പ്രത്യേകതയാണ് സാമാന്യവത്കരിക്കുക എന്നുള്ളത്. അച്ചന്മാരും മെത്രാന്മാരുമാകെ അല്ല പ്രശ്നം, അച്ചന്മാരിലും മെത്രാന്മാരിലും പെട്ട ചില വ്യക്തികളാണ് പ്രശ്നം.

ലോകത്ത് മറ്റൊരു മതത്തിലും പറയാത്ത മറ്റൊരു ഗുരുവും പറയാത്ത, ശത്രുക്കളോട് ക്ഷമിക്കാന്‍ പറഞ്ഞ, പാപികളോട് ഏഴെഴുപത് പ്രാവശ്യം ക്ഷമിക്കാന്‍ പറഞ്ഞ ക്രിസ്തുവിനെ ചൊല്ലിയാണ്, ക്രിസ്ത്യാനിയായിരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നത്; അല്ലാതെ പതിനായിരക്കണക്കിന് സന്യസ്തരുടെ സദാചാരത്തിന്‍റെ അളവു കോലിന്‍റെ നീളം നോക്കിയല്ല. അവരില്‍ ചിലരുടെ വീഴ്ചയില്‍ എന്‍റെ വീഴ്ചകളില്‍ എന്ന പോലെ തന്നെ ഞാന്‍ വേദനിക്കുന്നു, അവരോടു ക്ഷമിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. പക്ഷേ എന്തൊക്കെ പ്രശ്നമുണ്ടായാലും ലോകത്തുള്ള ക്രിസ്ത്യാനികള്‍ മുഴുവന്‍ കള്ളന്മാരും അധാര്‍മ്മികരുമായാലും, തലയില്‍ ഒരു മുണ്ടുമിടാതെ, അഭിമാനത്തോടെ, തലയുയര്‍ത്തി പിടിച്ചു, ക്രിസ്ത്യാനിയായിതന്നെ ഞാന്‍ ജീവിക്കും; മരണം വരെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org