വേദനകള്‍ കണ്ടു രസിക്കുന്ന ദൈവം?

ജസ്റ്റിന്‍, മഞ്ഞപ്ര

കാശ്മീരിലെ പെണ്‍കുട്ടിയുടെ പീഡനവിവരം കേട്ടതിനുശേഷം ഒരു കൂട്ടുകാരന്‍  whatsappല്‍ ഇട്ട കമന്‍റ് ആണ്, പീഡനം കണ്ടു രസിച്ച ദൈവത്തോട് പ്രാര്‍ത്ഥിച്ചിട്ട് കാര്യമില്ലെന്ന്.

പലര്‍ക്കും ഈ സംശയം ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. കാശ്മീരില്‍ ആ പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ എന്തേ ദൈവം ഒന്നും ചെയ്തില്ല എന്ന്, ദൈവം എന്താണെന്ന് മനസ്സിലാക്കാത്തതുകൊണ്ടാണ് പലപ്പോഴും ഇത്തരം ചോദ്യങ്ങള്‍ നമ്മിലുണ്ടാകുന്നത്. സ്വര്‍ഗത്തിലിരുന്നു കാഴ്ചകള്‍ കണ്ടു രസിക്കുന്ന ഒരു വ്യക്തിയല്ല ദൈവം. മറിച്ച്, ഒരു ശക്തി അഥവാ ഊര്‍ജ്ജമാണ്.

ഐന്‍സ്റ്റീന്‍റെ e = mc2 കേട്ടിട്ടില്ലേ? ആ equation പ്രകാരം ഒരു ഗ്രാമില്‍ നിന്നും ഉണ്ടാക്കാവുന്ന ഊര്‍ജ്ജം എന്ന് പറയുന്നത് നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്.

അത്ര വലിയ ആ ശക്തിയെ, കേവലം ഒരു വ്യക്തിയായി തെറ്റിദ്ധരിക്കുന്നതു മൂലമാണ് മുകളില്‍ പറഞ്ഞതു പോലെയുള്ള ചില അര്‍ത്ഥശൂന്യമായ ചോദ്യങ്ങള്‍ നമ്മുടെ മനസ്സില്‍ രൂപപ്പെടുന്നത്.

ഒരു മനുഷ്യന്‍ കരണ്ടടിച്ച് മരിച്ചാല്‍, കരണ്ട് ആ മനുഷ്യനെ കൊന്നു എന്ന് (ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കൊന്നു എന്ന് പറയുന്ന അര്‍ത്ഥത്തില്‍) പറയില്ലല്ലോ. കാരണം കരണ്ടിന് ബള്‍ബ് കത്തണമെന്നോ ആളെ കൊല്ലണമെന്നോ ഉദ്ദേശമില്ലല്ലോ. ആ മനുഷ്യന്‍ മരിക്കുന്നത് കരണ്ട് കണ്ടു രസിച്ചു എന്ന്, അല്ലെങ്കില്‍ ആ മനുഷ്യനെ രക്ഷിക്കാന്‍ കരണ്ട് ഒന്നും ചെയ്തില്ല എന്നൊക്കെ പറയുന്നത് എന്ത് വിഡ്ഢിത്തമാണ്. ദൈവം നമ്മുടെ വേദനകള്‍ കണ്ടു രസിച്ചു, അല്ലെങ്കില്‍ ആ വേദന മാറ്റാന്‍ ഒന്നും ചെയ്തില്ല എന്നൊക്കെ പറയുന്നതും ഇതേ പോലെ അര്‍ത്ഥശൂന്യമാണ്.

ഇതിനോട് ബന്ധപ്പെട്ട മറ്റൊരു ചിന്തയാണ്, ഒത്തിരി പ്രാര്‍ത്ഥിച്ചിട്ടും ഒന്നും നടന്നില്ല എന്ന് പറയുന്നത്. ഈ പ്രപഞ്ചം മുഴുവന്‍ ആ ശക്തിയില്‍ നിന്ന് രൂപംകൊണ്ടത് കൊണ്ട് നമ്മളും ദൈവത്തിന്‍റെ ഭാഗമാണ്, അല്ലെങ്കില്‍ ദൈവം തന്നെയാണ് എന്ന് പറയാം.

ആ ശക്തിയെ ഒരല്പം കൂടുതല്‍ അറിയുമ്പോള്‍, ആ ശക്തിയോട് അല്പം കൂടുതല്‍ ചേര്‍ന്ന് നില്ക്കുമ്പോള്‍, ആ ശക്തിയില്‍ വളരെ ചെറിയ ഒരു സ്വാധീനം ചെലുത്തപ്പെടുമ്പോഴായിരിക്കാം അത്ഭുതങ്ങളും മാറ്റങ്ങളുമുണ്ടാകുന്നത്. അല്ലാതെ നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, ഇവന്‍റെ പ്രാര്‍ത്ഥന കൊള്ളാം ഒക്കെ ചെയ്തു കൊടുത്തേക്കാം, അവന്‍റെ പ്രാര്‍ത്ഥന അത്ര പോരാ വിശ്വാസം അല്പംകൂടി ആവാം, എന്നൊക്കെ പറയുന്ന കോമാളിയല്ല ദൈവം. നേര്‍ച്ചപ്പെട്ടിയില്‍ പണമിട്ടിട്ട് എനിക്കിത് വേണം, അത് വേണം എന്ന് പറയുമ്പോള്‍ ചെയ്തു തരാന്‍ നമ്മുടെ പണിക്കാരനുമല്ല ദൈവം. ദൈവത്തെ ഒരു വ്യക്തിയായി തെറ്റിദ്ധരിക്കാതിരിക്കുക, ഒരു ശക്തിയായി മനസ്സിലാക്കാന്‍ ശ്രമിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org