കുര്യാക്കോസ് ഭരണികുളങ്ങര പിതാവിന് ബിഗ് സല്യൂട്ട്

കെ.ജെ. ജസ്റ്റിന്‍, പോണേക്കര

സഭയില്‍ അടുത്തകാലത്തുണ്ടായ വിവാദങ്ങളില്‍ വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ മാപ്പ് അപേക്ഷിച്ചുകൊണ്ട് കുര്യാക്കോസ് ഭരണികുളങ്ങര പിതാവ് മാപ്പപേക്ഷിച്ചു കണ്ടു. പൊതുസമൂഹത്തില്‍ ഉണ്ടാകുന്ന ധാര്‍മ്മികമായ അപചയം മതനേതൃത്വത്തെയും സംവിധാനങ്ങളെയും ബാധിക്കുക സ്വാഭാവികം മാത്രം. അതുകൊണ്ടുതന്നെ സഭയിലും സഭാ നേതൃത്വത്തിലും ജാഗ്ര ത കുറവുകൊണ്ട് സംഭവിച്ചുപോകുന്ന പോരായ്മകള്‍ ഒരു വിശ്വാസി എന്ന നിലയില്‍ എന്നെ അലോസരപ്പെടുത്തുന്നില്ലെങ്കിലും അത്തരം വീഴ്ചകളോട് സഭ പ്രതികരിക്കുന്ന രീതി എന്നെ അസ്വസ്ഥനാക്കുന്നു.

പ്രതിസന്ധിഘട്ടങ്ങളില്‍ സഭയുടെ പ്രതികരണ ശൈലിയാണ് സഭയുടെ വിശുദ്ധിയുടെയും ക്രൈസ്തവികതയുടെയും മാനദണ്ഡം. നിര്‍ഭാഗ്യവശാല്‍ അടുത്തിടെ സംഭവിച്ച മൂന്ന് വിവാദങ്ങളില്‍ സഭ എടുത്ത നിലപാടുകള്‍ അങ്ങേയറ്റം നിരുത്തരവാദപരവും നിലവാരമില്ലാത്തതുമായി പോയി എന്ന് പറയാതെ വയ്യ. ദൈവത്തെ നാമെല്ലാവരും ധാര്‍മികതയുടെ, മൂല്യങ്ങളുടെ സമഗ്രതയായാണ് കാണുക. ഞാനാണ് വഴിയും സത്യവും ജീവനും എന്ന് ഈശോ പഠിപ്പിക്കുകയും ചെയ്തു. ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരാണ് ആത്മീയ നേതാക്കന്മാരും ഗുരുക്കന്മാരും. അവരില്‍ നിന്ന് ഏവരും പ്രതീക്ഷിക്കുക ഉയര്‍ന്ന ധാര്‍മികതയാണ്. എന്നാല്‍ അടുത്തിടെ ഉണ്ടായ പ്രതിസന്ധിഘട്ടങ്ങളില്‍ നാം എടുത്ത നിലപാടുകള്‍ സമൂഹത്തില്‍ കാണുന്ന ശരാശരി ധാര്‍മ്മികതയേക്കാള്‍ താഴ്ന്നതായി പോയി.

സഭാനേതൃത്വത്തിന് മാത്രമല്ല സഭാ വിശ്വാസികള്‍ക്കും ക്ഷതമേറ്റ ഈ സംഭവം സാമാന്യവല്‍ക്കരിക്കാന്‍ സഭാനേതൃത്വം ശ്രമിക്കുന്നതും കണ്ടു. ബുദ്ധികൊണ്ടും യുക്തികൊണ്ടുമല്ല മറിച്ച് ഹൃദയത്തിന്‍റെ ഭാഷയില്‍ സംസാരിക്കാന്‍ നമ്മുടെ പിതാക്കന്മാര്‍ക്ക് കഴിയട്ടെ. ആത്മാവിന്‍റെ പ്രവര്‍ത്തനത്തെ യുക്തികൊണ്ടോ സാമൂഹിക സ്വീകാര്യത കൊണ്ടോ വിലങ്ങിടാന്‍ ശ്രമിക്കരുത്. ഭരണികുളങ്ങര പിതാവ് ചെയ്തതും അതാണ്. എന്‍റെ പിഴ എന്‍റെ പിഴ എന്ന് പറയുവാന്‍ ആത്മീയ നേതൃത്വം കാണിക്കുന്ന മടി ആത്മാവിന്‍റെ പ്രവര്‍ത്തനത്തിന് ശക്തമായ വിലങ്ങുതടിയായി നില്‍ക്കുന്നു. സഭയുടെ നവീകരണത്തെ അത് തടയുകയും ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org