ആരാധനക്രമ ഏകീകരണം

കെ.എം. ദേവ് കരുമാലൂര്‍

സീറോ-മലബാര്‍ സിനഡ് ആരാധനാക്രമത്തിന്‍റെ ഏകീകരണശ്രമത്തിലാണെന്നറിയുന്നു. അതുകൊണ്ടു ലക്ഷ്യമിടുന്നത് എന്താണെന്നു മനസ്സിലാകുന്നില്ല. ആരാധനാക്രമ പരിഷ്കരണംകൊണ്ട് ആത്മീയത വളരാനാണെങ്കില്‍, അതിനു നിലവില്‍ സാദ്ധ്യത കാണുന്നുമില്ല. ആരാധനാപദാവലികളില്‍ അര്‍ത്ഥശൂന്യതകൊണ്ടോ, ആവശ്യ അനാവശ്യകത കൊണ്ടോ തിരുത്തപ്പെടേണ്ടതുണ്ടെങ്കില്‍ അതാവാം. നമ്മുടെ ആരാധനാക്രമത്തില്‍ ഔസേപ്പിതാവ് കടന്നുവന്നത് അങ്ങനെയല്ലേ?

ആരാധനക്രമത്തെ എങ്ങനെ പരിഷ്കരിച്ചാലും അനുഷ്ഠാനത്തിനു ക്രമമില്ലെങ്കില്‍ എല്ലാം അര്‍ത്ഥ ശൂന്യമാവില്ലേ? നിലവിലുള്ള നമ്മുടെ കുര്‍ബാനക്രമത്തിന് എന്താണു ന്യൂനത? ജനസാന്നിദ്ധ്യമുണ്ടെങ്കിലും അനുഷ്ഠാന പങ്കാളിത്തമില്ലെന്നതാണു സത്യം! ഉച്ചഭാഷിണിയുടെ അതിരുവിട്ട ഉപയോഗം ഇന്നു കുര്‍ബാനയര്‍പ്പണത്തില്‍ വിശ്വാസികളെ ശ്രോതാക്കളും കാണികളുമാക്കുന്നു. ഇവിടെയാണു പരിഷ്കരണം ആവശ്യമാകുന്നത്. കുര്‍ബാനയര്‍പ്പണത്തില്‍ ജനം പ്രത്യുത്തരിക്കേണ്ട പ്രാര്‍ത്ഥനകളില്‍ നിന്ന് ഉച്ചഭാഷിണി തീര്‍ത്തും ഒഴിവാക്കുക. പ്രാര്‍ത്ഥനകള്‍ ജനം ഐകകണ്ഠേന ഉച്ചരിക്കട്ടെ. ലുത്തിനിയകളില്‍ 'ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ' എന്നു ജനം ഏറ്റുചൊല്ലട്ടെ. ഗായകസംഘത്തെ ഗാനങ്ങളിലേക്ക് ഒതുക്കുക. ആത്മീയനിറവാര്‍ന്ന ഒരു ആരാധനക്രമം അങ്ങനെ സംജാതമാകട്ടെ. ആത്മീയ ഉണര്‍വിന് അതല്ലേ ഇന്നു കരണീയമായിട്ടുള്ളത്. ആരാധനക്രമ പരിഷ്കരണത്തിന്‍റെ പേരില്‍ സഭാതനയരെ ഇനിയുമൊരു ചേരിപ്പോരിനു രംഗത്തിറക്കേണ്ടതുണ്ടോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org