നന്മയുടെ ചിന്തകളില്‍ അഭിരമിക്കാന്‍…

കെ.എം. ദേവ്, കരുമാല്ലൂര്‍

"നന്മയുടെ ചിന്തകളില്‍ അഭിരമിക്കാന്‍…" ഡോ. ഡെയ്സണ്‍ പാണേങ്ങാടന്‍റെ ലഹരിവിരുദ്ധ ലേഖനം (ലക്കം 28) വായിച്ചു. ഇന്നത്തെ കൗമാരം അഭിരമിക്കുന്ന ലഹരിയുടെ ലോകം, അതിലേക്കുള്ള വഴികള്‍, സാഹചര്യങ്ങളുടെ പ്രലോഭനങ്ങള്‍ മുതലായവ നന്നായിത്തന്നെ ലേഖകന്‍ വിവരിച്ചിരിക്കുന്നു. മാതാപിതാക്കള്‍ മാതൃകയാകേണ്ടവരും മക്കളെ മനസ്സിലാക്കേണ്ടവരുമാണെന്നും ലേഖകന്‍ അടിവരിയിട്ടു പറയുന്നുണ്ട്.

ഏതൊരു ശരാശരി രക്ഷകര്‍ത്താവും അക്കാര്യങ്ങളില്‍ ശ്രദ്ധാലുവുമായിരിക്കും. അപവാദങ്ങള്‍ ഇല്ലെന്നു പറയുന്നില്ല; വഴിതെറ്റിക്കുന്ന കുടുംബ പശ്ചാത്തലങ്ങള്‍ ഏറെയുണ്ടുതാനും. എന്നാല്‍ ഏതു സംവിധാനമാണ് ഇന്ന് ഒരു ലഹരിവിമുക്ത തലമുറയ്ക്കുവേണ്ടി പ്രവര്‍ത്തനനിരതമായുള്ളത്? 'ജനതയുടെ ആ രോഗ്യത്തിനും കുടുംബഭദ്രതയ്ക്കും' വേണ്ടി നല്ലൊരു 'റവന്യൂ' കണ്ടെത്താന്‍ – 'വിഷമാണ്, ആരോഗ്യത്തിനു ഹാനികരമാണ്' എന്ന ലേബലൊട്ടിച്ചു യഥേഷ്ടം അവ ലഭ്യമാക്കുന്നവരോ? ആദ്ധ്യാത്മികതലത്തില്‍ ലഹരി പാപമാണെന്നു പഠിപ്പിക്കുമ്പോള്‍ തന്നെ ശീതളപാനീയം കണക്കെ പെട്ടിക്കടയില്‍പ്പോലും ലഭ്യമാക്കണമെന്നു വാദിക്കുന്നവരോ?

മസ്തിഷ്കം മരവിച്ചൊരു തലമുറ നാടിനാപത്താണെന്ന് ഉറക്കെ പറയേണ്ട കലാ-സാംസ്കാരികരംഗത്തെ സിനിമ/ ദൃശ്യമാധ്യമങ്ങള്‍ കൗമാരക്കാര്‍ക്ക് എന്തു ലഹരിവിരുദ്ധ സന്ദേശമാണിന്നു നല്കുന്നത്? സമൂഹം ഒരുവശത്ത് ഒരു 'സ്റ്റാറ്റസ്കോ' ആയി ഇതിനെ പരിഗണിക്കുമ്പോള്‍, ആര് ആരോടാണ് അരുതെന്നു പറയുക? ബോധവത്കരണത്തിനായി സഭാതലത്തില്‍ത്തന്നെ, ലക്ഷങ്ങള്‍ മുടക്കിയ സെമിനാറുകളും ലഘുലേഖകളും മറ്റും എന്തു ഗുണം ചെയ്തു? ആഗോള നെറ്റ് വര്‍ക്കിന്‍റെ സ്വാധീനവലയത്തില്‍ മാതാപിതാക്കളുടെ നിര്‍ദ്ദേശ-ഉപദേശങ്ങള്‍ക്ക് എന്തു വില? പ്രലോഭനങ്ങളെ അതിജീവിച്ച്, മക്കള്‍ നന്മയുടെ ചിന്തയില്‍ അഭിരമിക്കുവാന്‍ പ്രാര്‍ത്ഥനയല്ലാതെ മാതാപിതാക്കള്‍ക്ക് ഇന്നു മറ്റെന്താണ് വഴി?

ലഹരിയുടെ വിപത്തുകളെ മനസ്സിലാക്കി സ്വയം അവബോധത്തോടെ നന്മയില്‍ അഭിരമിക്കുന്ന ഒരു തലമുറയെ നാളെയെങ്കിലും നമുക്കു പ്രതീക്ഷിക്കാമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org