വിശ്വാസവും യുക്തിയും…

Published on

കെ.എം. ദേവ്, കരുമാലൂര്‍

"വിശ്വാസവും യുക്തിയും നീതിയില്‍ ആവിഷ്കൃതമാകേണ്ടതാണ്" എന്ന ശ്രീ. സുനില്‍ പി. ഇളയിടത്തിന്‍റെ ലേഖനം (ലക്കം 24) ചിന്തോദ്ദീപകമാണ്.

നിയമലംഘനം കുറ്റകരമാണെന്ന അടിസ്ഥാന തത്ത്വത്തിന്‍റെ നിഴലില്‍ കഴിയുന്ന സമൂഹജീവിക്ക് നിയമം നീതിയുടെ ആവിഷ്കാരമല്ലെങ്കില്‍ ലംഘിക്കാമെന്നും ആ ലംഘിക്കലാണു നീതിയെന്നും ലേഖകന്‍ പറഞ്ഞുവയ്ക്കുന്നത് അര്‍ത്ഥഗര്‍ഭമാണ്. യുക്തിയും വിശ്വാസവും നീതിയുടെ തുലാസിലിട്ടു നോക്കിയാല്‍ അവ നീതിക്കൊപ്പമാണെന്നു വന്നാല്‍ മാത്രം സാധൂകരിക്കാമെങ്കില്‍ യുക്തിയും വിശ്വാസവും തികച്ചും ആപേക്ഷികമാകയാല്‍ കേവലനീതിയുടെ തുലാസില്‍ അവ പലപ്പോഴും ഒപ്പമാകണമെന്നില്ല. മാനിക്കപ്പെടേണ്ട മൂല്യങ്ങളാണു നീതി എന്ന സങ്കല്പമായി ലേഖകന്‍ കാണുന്നത്. ആ നീതിയെന്ന സങ്കല്പം ഉരുത്തിരിഞ്ഞു കിട്ടാന്‍ നമ്മോടുതന്നെ നിരന്തരം ചോദിക്കണമെന്നു വരുമ്പോള്‍, മൂല്യാധിഷ്ഠിത ചിന്ത വിശ്വാസത്തിനും യുക്തിക്കും വളരെ വിദൂരമാണെന്നല്ലേ മനസ്സിലാകുന്നത്?

ക്രിസ്തുമതം സ്വീകരിക്കുവാന്‍ ശ്രീനാരായണഗുരുവിനോട് ഒരു ക്രൈസ്തവ പുരോഹിതന്‍ ആവശ്യപ്പെട്ടപ്പോള്‍, ഗുരു പറഞ്ഞ യുക്തിയെന്ന നീതിയിലേക്കു നാമെത്തിച്ചേരാന്‍, ആചാരങ്ങള്‍ക്കതീതമായി നൈതികമാനത്തെ മുന്‍നിര്‍ത്തിയുള്ള വിശ്വാസമെന്ന നീതിയിലേക്കു നാമെത്തിച്ചേരാന്‍ അതിതീക്ഷ്ണമായിത്തന്നെ, നാം നമ്മുടെ മനസ്സിനെ മനനം ചെയ്യേണ്ടിയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org