അനാഥരെ സനാഥരാക്കുന്ന ദൈവകുലനിര്‍മ്മിതി

കെ.എം. ദേവ്, കരുമാല്ലൂര്‍

"കുഞ്ഞുങ്ങള്‍ക്കപ്പുറം കുലം തീര്‍ക്കുന്ന ദമ്പതികള്‍" എന്ന ഡോ. അഗസ്റ്റിന്‍ കല്ലേലിയുടെ ലേഖനം വായിച്ചു (ലക്കം 50).
ദൈവോന്മുഖരാക്കി മക്കളെ വളര്‍ത്തുക എന്ന ഉദാത്തമായ കടമയാണു വിവാഹത്തിലൂടെ ദമ്പതികള്‍ക്കു നിര്‍വഹിക്കാനുള്ളത്. അതോടൊപ്പം അവരുടെ സര്‍വതോന്മുഖമായ അഭിവൃദ്ധിക്കും സഭാഗാത്രസൃഷ്ടിയെന്ന വലിയ ഉത്തരവാദിത്വവും ദമ്പതകിള്‍ക്കു നല്കിയിരിക്കുന്നു. ഉത്തമരായ മക്കള്‍ മാതാപിതാക്കള്‍ക്ക് അഭിമാനവും അവരുടെ പദവിക്കുചിതം ചേരുന്നവരുമാണ്; ജീവിതസായാഹ്നത്തിലെ പ്രതീക്ഷയും.

ഹതഭാഗ്യരെന്നു തന്നെ പറയാവുന്ന, മക്കളില്ലാത്ത ദമ്പതികള്‍ക്ക്, സാക്ഷാല്‍കൃതമാകാതെ ജീവിതം തള്ളിനീക്കുന്നവര്‍ക്ക്, ദാമ്പത്യഫലദായകമായി ജീവന്‍റെ ദത്തെടുക്കലാണ് ഏറ്റവും പ്രധാനം എന്ന മാര്‍പാപ്പയുടെ പ്രബോധനം അര്‍ത്ഥവത്താണ്. അനാഥര്‍ക്കു സനാഥത്വം നല്കുന്ന പുണ്യത്തോടൊപ്പം ദമ്പതികളുടെ വാര്‍ദ്ധക്യകാല പരിരക്ഷയും അതില്‍ അന്തര്‍ലീനമായിരിക്കണം.

ജീവന്‍റെ ഉത്പാദനം സാദ്ധ്യമല്ലാത്ത ദമ്പതികള്‍ക്കായി ഒരു പ്രത്യേക ദാമ്പത്യഫലദായക പദ്ധതിയൊന്നും വേണമെന്നില്ല. ദത്തെടുക്കുക, അതുവഴി ഒരനുഗ്രഹീത കുടുംബം രൂപപ്പെടുത്തുക എന്നതുതന്നെ ഒരു 'ദൈ വകുല നിര്‍മ്മിതി'യാണ്. അനാഥാലയ നിര്‍മാണങ്ങള്‍ ഒരു ദൈവകുനിര്‍മ്മിതിയണെന്ന കാഴ്ചപ്പാട് ശരിയാകില്ല, ദമ്പതികള്‍ അനാഥത്വത്തിനു സ്വന്തം മക്കളെ വിട്ടുകൊടുക്കാതിരിക്കട്ടെ. ദത്തെടുക്കലിലൂടെ, മക്കളില്ലാത്ത ദമ്പതികള്‍ അശരണരായവരെ സനാഥരാക്കിയുള്ള ദൈവകുലനിര്‍മ്മാണം സാദ്ധ്യമാക്കട്ടെ. അനാഥാലയവാസികളാക്കാതെ സനാഥരായി വളരട്ടെ.

സഭ ചെയ്യേണ്ടത് ഒന്നേയുള്ളൂ; ദമ്പതികള്‍ക്കു നല്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍, ദത്തിലൂടെയായാലും അല്ലാതെയും ആത്മാര്‍ത്ഥമായി നിറവേറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സഭയ്ക്കു കഴിയുമോ? എങ്കില്‍ ഇവിടെ കുഞ്ഞുങ്ങളിലൂടെതന്നെ ദൈവകുലം സാദ്ധ്യമാകും. മാതാ-പിതാ-മക്കള്‍ കുടുംബത്തിലൂടെ സഭാഗാത്രം വളരും; അനാഥത്വം അന്യമാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org