“കെട്ട്യോളാണെന്‍റെ മാലാഖ”

കെ.എം. ദേവ്, കരുമാലൂര്‍

യുവമനസ്സുകളില്‍ ലൈംഗികതയുടെ വികല ചിന്തയുണര്‍ത്തുന്ന ഒരു സിനിമയെ പ്രതീകമാക്കി പുരുഷന്‍റെ ലൈംഗിക അധീശത്വചോദനയെ നിയന്ത്രിക്കാന്‍ ശ്രമിച്ചുള്ള, പ്രണയാധിഷ്ഠിതമായ ലൈംഗികതയെ ഉത്തേജിപ്പിക്കുവാന്‍ ശ്രമിച്ചുള്ള, ഡോ. തോമസ് പനക്കളത്തിന്‍റ ലേഖനം 'കെട്ട്യോളാണെന്‍റെ മാലാഖ' വായിച്ചു (ലക്കം 19).

പള്ളിയോടുള്ള ആഭിമുഖ്യം, അമ്മ-പെങ്ങന്മാരോടൊത്തുള്ള ജീവിതസാഹചര്യം, തനി നാട്ടുമ്പുറത്തുകാരന്‍ എന്നിങ്ങനെയുള്ള ഒരുവനില്‍, അവന്‍റെ ലൗകികജീവിതത്തിന് ഇത്രയേറെ അരാജകത്വം സംഭവിക്കുമെന്നു പറയുന്ന ഒരു സിനിമയെ ലേഖകന്‍ മുറുകെപ്പിടിച്ചു സാമാന്യവത്കരിച്ച് ഇന്നത്തെ യുവതയ്ക്ക് മാര്‍ഗദര്‍ശകമാക്കാന്‍ ശ്രമിച്ചിരിക്കുന്നു!

നമ്മുടെ ആണ്‍കുട്ടികളില്‍ രതിയുടെ മന്ദാരങ്ങള്‍ പ്രണയത്തിലൂടെ പൂത്തുവിരിയണമെന്നും അതിനായി ഇന്നുള്ള മൊബൈല്‍ വിഡീയോയും നെറ്റിലെ നഗ്നതാപ്രകാശനങ്ങളും മാത്രം പോരായെന്നും ലേഖകന്‍ സങ്കടപ്പെടുന്നു! സമസ്ത സൃഷ്ടികളിലും പ്രകൃതി കനിഞ്ഞു നല്കിയ ജന്മസിദ്ധമായ ലൈംഗിക ചോദനയ്ക്കുപരി, രതി സ്വാഭാവികവും സ്വച്ഛന്ദവുമായ ഒരനുഭവമാകണം എന്ന ഒരനിതരസാധാരണ ഉപദേശം കൂടി ലേഖകന്‍ യുവതയുടെ 'നല്ല നടപ്പിനായി' നല്കിയിരിക്കുന്നു! ആശ്ചര്യമെന്നുതന്നെ പറയട്ടെ, ഉത്തമജീവതം പുലരാന്‍ നമ്മുടെ ആണ്‍കുട്ടികള്‍ക്ക് "…ഗതമഭിസാരേ" എന്നു ലേഖകന്‍ ഉപദേശിക്കാതിരുന്നത് എന്തായാലും നന്നായി!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org