യേശുവും സത്യവും മുന്നില്‍ നില്ക്കട്ടെ

കെ.എം. ദേവ്, കരുമാലൂര്‍

"യേശുവിനെയും സത്യത്തെയും മുമ്പില്‍ നിര്‍ത്തി കാര്യങ്ങള്‍ മുമ്പോട്ട് കൊണ്ടുപോയാല്‍…" സത്യദീപം ലക്കം 22-ല്‍ 'വരികള്‍ക്കിടയി'ലൂടെ വായിച്ചെടുത്ത, വിലയേറിയ ഒരു വാചകത്തിന്‍റെ പ്രാരംഭ ഭാഗമാണത്.

പ്രസ്തുത നിര്‍ദ്ദേശം രണ്ടായിരത്തിലേറെ സംവത്സരങ്ങള്‍ക്കുശേഷവും നല്കപ്പെടേണ്ടി വരികയെന്നതു സഭയുടെ ഇന്നത്തെ പതര്‍ച്ചയെയാണു സൂചിപ്പിക്കുന്നത്. മുന്‍കാലങ്ങളിലൊന്നും കാര്യമായി മുഴങ്ങി കേള്‍ക്കാത്ത, ക്രൈസ്തവസഭകളുടെ ഐക്യത്തിന്‍റെ ആവശ്യകത, ഇന്ന് ചില കോണുകളില്‍ നിന്ന് കേള്‍ക്കുന്നതും സുറിയാനി ക്രൈസ്തവരുടെ സുതാര്യത ഒരു വീണ്ടുവിചാര സ്വഭാവത്തിലേക്കു കൊണ്ടുവരേണ്ടി വന്നതും സഭയില്‍ സംഭവിച്ച അപചയംകൊണ്ടു മാത്രമല്ലേ? സഭ ലാഭകേന്ദ്രീകൃതമാണ്; മനുഷ്യകേന്ദ്രീകൃതമല്ല എന്നു വിളിച്ചുപറയേണ്ടി വന്നത് എന്തുകൊണ്ടാണ്?

കരുണയുടെ പ്രവാചകനായ ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനങ്ങള്‍ക്കു പുറംതിരിഞ്ഞുനില്ക്കുന്നവര്‍ ഇന്നു നമ്മുടെ സഭയില്‍ ഇല്ലെന്നു പറയാനാകുമോ? യേശുവിന്‍റെ ദര്‍ശനങ്ങളും പരിത്യാഗവും മറ്റും ഇന്നും 'ഏട്ടിലെ പശു' തന്നെയല്ലേ?

ക്രൈസ്തവന്‍റെ ജീവിതത്തിലും പ്രവര്‍ത്തന പന്ഥാവിലും ഇന്നു ക്രിസ്തുവന്‍റെ സ്ഥാനമെവിടെ? ഉത്തരം കണ്ടെത്തണമെങ്കില്‍, പ്രാരംഭമായി കുറിച്ച വാചക ശേഷഭാഗംകൂടി ഉദ്ധരിക്കാം: "…സഭയിലെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും – അത് അനുയായികള്‍ അവധാനതയോടെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org