സത്യം സ്വീകാര്യമല്ലേ?

കെ.എന്‍. ജോര്‍ജ് തപോവനം, മലപ്പുറം

സത്യദീപം 13-ാം ലക്കത്തില്‍ ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍, പൗലോസിന്‍റെ രണ്ടാമത്തെ മാനസാന്തരവും ചില വിസ്മൃതസത്യങ്ങളും എന്ന ലേഖനത്തില്‍, പൗലോസ് ശ്ലീഹാ ആദ്യകാലങ്ങളില്‍ ബദല്‍ മാതൃകകളില്‍ അതായതു ഗ്രീക്ക്, യവനതത്ത്വശാസ്ത്രങ്ങളുടെ സ്വാധീനത്തില്‍ ക്രിസ്തുരഹസ്യം അവതരിപ്പിക്കുവാന്‍ ശ്രമിച്ചു പരാജയപ്പെട്ടു എന്നു സൂചിപ്പിക്കുന്നു. ഉറവിടം ഏതാണെങ്കിലും അദ്ദേഹത്തിന്‍റെ പ്രബോധനങ്ങള്‍ സത്യസന്ധമാണെങ്കില്‍ അവ സ്വീകരിക്കുന്നതില്‍ അപാകതയുണ്ടോ? ലേഖനകര്‍ത്താവ് എടുത്തുകാട്ടിയ രണ്ട് ഉദാഹരണങ്ങള്‍ തന്നെ പരിശോധിക്കാം. ഒന്നാമത്തേത്, ദൃശ്യങ്ങള്‍ നശ്വരങ്ങളാണ്, അദൃശ്യങ്ങള്‍ അനശ്വരങ്ങളും (2 കോറി. 4:18). ആത്മാവിന്‍റെയും ഈശ്വരന്‍റെയും അനശ്വരതയെ കുറിക്കുന്ന ഒരു പ്രബോധനമാണിത്. ലോകവും അതിലുള്ള സകലവും നശിച്ചുപോകുന്നതാണ്. അതുകൊണ്ട് നാശമില്ലാത്ത ഈശ്വരനിലേക്കു തിരിയുക എന്നതാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഭാരതീയ ദാര്‍ശനിക ആചാര്യനായ ശ്രീശങ്കരന്‍ ലോകത്തെ മായ എന്ന പദംകൊണ്ടാണു വിവക്ഷിക്കുന്നത്. വിശുദ്ധ യോഹന്നാന്‍റെ ലോകത്തെയോ ലോകത്തിലുള്ളവയെയോ സ്നേഹിക്കരുതെന്നു കല്പിച്ചതും (1. യോഹ. 2:15) ഇതേ അര്‍ത്ഥത്തില്‍തന്നെയാണ്.

രണ്ടാമതായി, അദ്ദേഹം എടുത്തുകാട്ടുന്ന ഉദാഹരണം പൗലോസ് ശ്ലീഹാ സെനക്കയുടെ ദര്‍ശനം അതേപടി ഉദ്ധരിക്കും എന്നാണ്. "ദൈവം നമ്മില്‍നിന്നും അകലെയല്ല, അവനിലാണു നമ്മള്‍ നില്ക്കുന്നത്, ചരിക്കുന്നത്, ആയിരിക്കുന്നത് (നട. 17:28). ഈ പ്രബോധനവും ദൈവത്തെപ്പറ്റിയുള്ള ഉദാത്തമായ ഒരവതരണമാണ്. ദൈവം എന്തിലും ഏവരിലും നിറഞ്ഞും കവിഞ്ഞും നിന്നുകൊണ്ടു സര്‍വലോകത്തെയും അനുനയിക്കുന്ന ആ ശക്തിസ്പന്ദനമാണ്. ദൈവത്തെപ്പറ്റിയുള്ള ഇത്തരം ഒരവബോധമില്ലെങ്കില്‍ ആകാശത്തിന്‍റെ ഏതോ ഒരു കോണില്‍ ഭൂമിയില്‍ പാപം ചെയ്യുന്നവരെ ശിക്ഷിക്കാന്‍ വടിയുമായി ഭൂമിയിലേക്കു നോക്കിയിരിക്കുന്ന താടിയും തലയും നരച്ച ഒരു അപ്പൂപ്പനായി മാത്രമേ നമുക്കു ദൈവത്തെ സങ്കല്പിക്കുവാന്‍ കഴിയുകയുള്ളൂ. വിശുദ്ധ ഗ്രന്ഥത്തിലുടനീളം ഇത്തരം അനുകരണങ്ങള്‍ കാണാവുന്നതാണ്. ഉദാഹരണത്തിനു പത്തു കല്പനകള്‍തന്നെയെടുക്കാം. മൂശയ്ക്കു സീനായ് മലയില്‍വച്ചു ദൈവം കല്പലകകളില്‍ എഴുതി നല്കിയതെന്നു വിശ്വസിക്കുന്ന പത്തു പ്രമാണങ്ങള്‍, സുമേറിയന്‍ നിയമസംഹിതകളില്‍ പ്രത്യേകിച്ചു ഹമ്മുറാബി ശിലാലിഖിതങ്ങളില്‍ കണ്ടെത്താന്‍ കഴിയും. അനുകരണമെന്നു കരുതി അവ പാലിക്കരുതെന്നു പറയുവാന്‍ കഴിയുമോ? അതിനാല്‍ ഒരു പ്രബോധനം നമ്മുടെ ആത്മീയവളര്‍ച്ചയ്ക്ക് ഉപകരിക്കുമെങ്കില്‍ അതിന്‍റെ ഉറവിടം പരിഗണിക്കാതെ സ്വീകരിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org