സന്ന്യാസം തുടരട്ടെ, സന്ന്യാസജീവിതം തിരുത്തട്ടെ

ലൂക്ക് പൂത്തൃക്കയില്‍

ഈ കാലഘട്ടത്തില്‍ ഏറെ തിരുത്തേണ്ട ഒരു മേഖലയാണു സന്ന്യാസജീവിതം. വ്രതങ്ങളോടു പ്രതിബദ്ധതയും യേശുവിനോട് അടുപ്പവും സു വിശേഷമൂല്യങ്ങളോടു താത്പര്യവും മിഷന്‍ പ്രവര്‍ത്തനത്തോട് ആഭിമുഖ്യവും വളര്‍ത്താതെ സന്ന്യാസം ആധുനികവത്കരിക്കപ്പെടുകയില്ല. സ്ഥാപകന്‍റെ കാരിസവും സംവിധാനത്തിന്‍റെ ബലവും തുടര്‍ന്നുപോരുന്ന ശൈലിയും വ്യതിയാനം വരുത്തുവാന്‍ ഇനിയും കാത്തിരിക്കരുത്. അക്ഷരാര്‍ത്ഥത്തിലുള്ള മിഷനറി പ്രവര്‍ത്തനത്തിനു പകരംവയ്ക്കാവുന്ന ഒന്നുംതന്നെ കേരളത്തിലെ ഇന്നത്തെ സന്ന്യാസത്തിലില്ലെന്നു പറയേണ്ടിയിരിക്കുന്നു. സന്ന്യാസം സന്ന്യാസത്തിനുവേണ്ടിയുള്ളതല്ല. സഭയ്ക്കും ലോകത്തിനും പാവപ്പെട്ടവര്‍ക്കും യേശുവിനെ ഇനിയും അറിയാന്‍ സാധിക്കാത്തവര്‍ക്കുമുള്ളതാണ്. സുരക്ഷിതത്വത്തിന്‍റെ നീറ്റല്‍ അനുഭവിക്കാതെ ദൈവജനത്തിന്‍റെ ഹൃദയ സ്പന്ദനങ്ങള്‍ അറിയാതെ സന്ന്യാസം നിലനില്ക്കില്ല. കരിയറിസവും പ്രൊഫഷണലിസവും സന്ന്യാസത്തെ വല്ലാതെ ഗ്രസിച്ചുകളഞ്ഞു. ഭൗതികമായതിനെയെല്ലാം ആര്‍ജ്ജിച്ചും ലൗകികമായതിനെ അന്വേഷിച്ചും സന്ന്യാസം കുതിക്കുന്നു. ഈ കുതിപ്പ് കിതപ്പാകാതെ പോകണമെങ്കില്‍ സെക്കന്‍റ് ഗിയറിലേക്കോ ഫസ്റ്റ് ഗിയറിലേക്കോ സന്ന്യാസവേഗത്തെ പിടിച്ചുനിര്‍ത്തണം.

സന്ന്യാസത്തില്‍, കാണാതെ പോയതിനെ കണ്ടെത്താന്‍ ശ്രമിക്കണം. പഴയകാല ദാരിദ്ര്യവും അനുസരണവും ജീവിതശുദ്ധിയും തിരികെ പിടിക്കണം. ദാരിദ്ര്യത്തിലെ ഒന്നുമില്ലായ്മയും സഹനങ്ങളിലെ സംതൃപ്തിയും ശുശ്രൂഷകളിലെ തിടുക്കവും വീണ്ടും കണ്ടെത്തണം. ജീവിതത്തില്‍ ചെയ്യാന്‍ പറ്റുന്ന നന്മ പ്രൊഫഷണലിസത്തിലൂടെയും കരിയറിസത്തിലൂടെയും ചെയ്യാന്‍ പറ്റുമെന്നു ചിന്തിക്കേണ്ട. ഫ്രാന്‍സിസ് സേവ്യറിനെപ്പോലെ, ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ, വിന്‍സന്‍റ് ഡി പോളിനെപ്പോലെ, മദര്‍ തെരേസയെപ്പോലെ, ഫാ. ഡാമിയനെപ്പോലയുള്ളവരെയാണ് ഇന്നത്തെ ലോകത്തിനാവശ്യം.

സന്ന്യാസികള്‍ എന്നും ഉയരത്തിലേക്കാണു നോക്കുക. സമ്പന്നരെ, ജോലിക്കാരെ, ബിസിനസ്സുകാരെയൊക്കെ നോക്കാതെ തങ്ങളേക്കാള്‍ താഴ്ന്നവരെ, പാര്‍ശ്വങ്ങളിലുള്ളവരെ, പാര്‍ശ്വവത്കരിക്കപ്പട്ടവരെയാണു തിരയേണ്ടത്.

നിരന്തരമായ നവീകരണത്തിനു സന്ന്യാസം സമ്മതിക്കുന്നില്ലെങ്കില്‍ സമര്‍പ്പണത്തിന്‍റെ നന്മ സമൂഹത്തിനും ഇല്ലാതെപോകും. സന്ന്യാസം ലോകത്തിനു നല്കലാണല്ലോ. നല്കല്‍ എന്നു പറയുന്നത് ഒരു ജോലി നന്നായി ചെയ്യുന്നു എന്നതല്ല. നന്നായി ചെയ്യുന്നതിനേക്കാള്‍ 'വേണ്ടതു ചെയ്യുക' എന്നതാണു മുഖ്യം. ത്യജിക്കുന്നതിനേക്കാള്‍ വാരിക്കൂട്ടാന്‍ പറ്റുന്ന ജീവിതാവസ്ഥയായി സന്ന്യാസം. കാലഹരണപ്പെട്ട ആവശ്യങ്ങളും കാഴ്ചപ്പാടുകളും മാറ്റാനുള്ള ഇച്ഛാശക്തിയും ആര്‍ജ്ജവത്വവും സന്ന്യാസികള്‍ സ്വീകരിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org