വീണ്ടും ദേവാലയസംഗീതത്തെപ്പറ്റി

എം.സി. ജോസഫ്, മണിമലക്കുന്നേല്‍

കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ദേവാലയസംഗീതം നേരെചൊവ്വേയാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സാക്ഷാല്‍ ജെറി അമല്‍ദേവിനെത്തന്നെ സ്മരിച്ചുകൊണ്ട് ഇതെഴുതുന്നു. ഹാര്‍മോണിയത്തിന്‍റെ മാത്രം ശ്രുതി മധുരമായ പശ്ചാത്തലത്തില്‍ നാലോ അഞ്ചോ പേര്‍ ഒരു മൈക്രോഫോണിലൂടെ ചേര്‍ന്നുനിന്നു പാടിയിരുന്ന കാലം ഓര്‍മയില്‍ വരുന്നു. പിന്നീടു തബലയും ഗിത്താറും വയലിനും മറ്റും എത്തി; ഇപ്പോള്‍ കീബോര്‍ഡിലെത്തി നില്ക്കുന്നു.

അതൊരുക്കുന്ന ഈ ശബ്ദകോലാഹലത്തില്‍ വി. കുര്‍ബാനയില്‍ പങ്കുകൊള്ളുന്ന വിശ്വാസികളുടെ ശബ്ദം അലിഞ്ഞില്ലാതാകുന്നു. മറ്റൊന്ന് സിനിമാപ്പാട്ട് പോലെ ഹമ്മിംഗ് മ്യൂസിക്കും പല്ലവിയുടെ ആവര്‍ത്തനവുമാണ്; നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണിത്. എട്ടു വരി പാടുന്നുണ്ടെങ്കില്‍ ആവര്‍ത്തിക്കാതെ എട്ടുവരി മാത്രം പാടുക. ആവര്‍ത്തനവിരസത ഒഴിവാക്കാം.

ക്വയറുകാര്‍ പാട്ടിനു തുടക്കമിട്ടു വിശ്വാസികളെ പാടാന്‍ പ്രോത്സാഹിപ്പിക്കുക. അപ്പോള്‍ വിശ്വാസികളുടെ പങ്കാളിത്തവും ഒന്നിച്ചുചേര്‍ന്നു ബലിയര്‍പ്പിക്കുന്നതിന്‍റെ നിറവും അനുഗ്രഹവുമുണ്ടാകും. മറ്റൊന്ന് അര്‍ത്ഥസമ്പുഷ്ടവും പ്രായഭേദമെന്യേ എല്ലാവര്‍ക്കും പാടാവുന്നതുമായ നിരവധി ഭക്തിഗീതങ്ങള്‍ നമുക്കുണ്ട്. അതിനു പകരം തട്ടിക്കൂട്ട് സംഗീതത്തില്‍ ചെയ്ത പുതിയ ഭക്തിഗാനങ്ങള്‍ വ്യത്യസ്തതയ്ക്കുവേണ്ടി ചില ദേവാലയങ്ങളില്‍ ആലപിക്കുന്നതു കേള്‍ക്കാം. അവ ഒഴിവാക്കിയാല്‍ വിശ്വാസികളുടെ പങ്കാളിത്തം വി. കുര്‍ബാനയില്‍ കൂടുതലാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org