ഒരു വിയോജനക്കുറിപ്പ്

എം.ജെ. ബാബു മുല്ലക്കര,
കത്തോലിക്കാ എല്‍ഡേഴ്സ് ഫോറം തൃപ്പൂണിത്തുറ

"സമത്വത്തിന്‍റെ ചക്രവാളത്തിലേക്ക്" എന്ന തലക്കെട്ടോടുകൂടി സത്യ ദീപം ലക്കം 10-ലെ എഡിറ്റോറിയലാണ് ഈ കത്തിലെ വിഷയം. വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദ് ചെയ്തു. ഒറ്റനോട്ടത്തില്‍ ഇതു വളരെ വിപ്ലവകരമായ ഒരു വിധിയായി തോന്നാം.

എഡിറ്റോറിയലിന്‍റെ നാലാം ഖണ്ഡികയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: "സാമൂഹികമാറ്റത്തിന്‍റെ അനന്തസാദ്ധ്യതകള്‍ തുറന്നിടുന്ന ഈ നിയമകാഹളത്തിന്‍റെ സ്വരത്തെ കേരളസഭ അതിന്‍റെ പൂര്‍ണാര്‍ത്ഥത്തില്‍ മനസ്സിലാക്കിയിട്ടുണ്ടോ എന്ന സംശയം നിലനില്ക്കുന്നു. വിവാഹേതരബന്ധം ഇനി ഒരു കുറ്റമല്ലെന്നും ഇതു ഭാരതീയസംസ്കാരത്തിന്‍റെ ഭദ്രതയ്ക്കു ധാര്‍മ്മികമായി പോറലേല്പിക്കുമെന്നും വിശ്വസിക്കുന്നവരുണ്ട്.

സത്യദീപത്തിന്‍റെ മേല്പറഞ്ഞ വിവരണങ്ങളില്‍ നിന്നും ഒരു സാധാരണ വിശ്വാസി മനസ്സിലാക്കുന്നത്, ഇനി വിവാഹേതരബന്ധം ഒരു കുറ്റമല്ലാത്തതിനാല്‍ യഥേഷ്ടം അത് ആസ്വദിച്ചുകൊള്ളുക എന്നൊരാഹ്വാനം കൊടുത്തിരിക്കുകയാണെന്നു തോന്നിപ്പോയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

സത്യദീപത്തിന്‍റെ ആഹ്വാനം, എന്തും ചെയ്യുവാന്‍ ഒരുങ്ങിനില്ക്കുന്ന യുവതലമുറയെ സംബന്ധിച്ച് ഭാര്യാ-ഭര്‍ത്തൃബന്ധം ഒന്നുമല്ലാതാകുകയും യഥേഷ്ടം ജീവിക്കുവാന്‍ പ്രേരണയാക്കുകയും കുടുംബജീവിതത്തിന്‍റെ ഭദ്രത നഷ്ടപ്പെടുത്തുകയും കുടുംബങ്ങളില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കാനും വിവാഹമോചന കേസുകളുടെ എണ്ണം വര്‍ദ്ധിക്കുവാനും ഇടയാക്കുകയും ചെയ്യും.

സ്ത്രീയുടെ അധികാരി ഭര്‍ത്താവല്ലെന്നും സ്ത്രീക്കും പുരുഷനും തുല്യതയുണ്ടെന്നും വിവേചനം അതിന്‍റെ ഏതു രൂപത്തിലും ഭരണഘടനാവിരുദ്ധമാണെന്നും ഈ വിധി വ്യക്തമാക്കുന്നു. അതു ശരിതന്നെ. പക്ഷേ, ക്രിസ്ത്യാനികളെ സംബന്ധിച്ച് അവരുടെ ആത്മീയജീവിതത്തിനു ദൈവം നല്കിയ നിയമങ്ങള്‍ തന്നെയാണു പരിപാലിക്കപ്പെടേണ്ടത്. ലോകത്തിന്‍റെ നിയമങ്ങളുമായി ഒരിക്കലും ആത്മീയനിയമങ്ങള്‍ പൊരുത്തപ്പെടുകയില്ല.

ലോകചരിത്രത്തെ മാറ്റി മറിച്ച നിര്‍ണായക ശക്തിയാണ് കത്തോലിക്കാ സഭ. സഭയെടുത്ത തീരുമാനങ്ങള്‍ മനുഷ്യസാഹോദര്യത്തിനും ലോകസമാധാനത്തിനും ധാര്‍മ്മികചിന്തകളുടെ ഉദയത്തിനും എന്നും പ്രേരകശക്തിയായി. മനുഷ്യന്‍റെ ആസക്തികളെയും ദുര്‍വാസനകളെയും പ്രോത്സാഹിപ്പിക്കുന്നത്, സത്യത്തിനും നീതിക്കും സാമൂഹ്യനന്മയ്ക്കും പുരോഗതിക്കും വേണ്ടി എക്കാലവും നിലനില്ക്കുന്ന ക്രിസ്തുവിന്‍റെ സഭയ്ക്ക് ഒരിക്കലും ചിന്തിക്കാനാവില്ല. സഭ അതിന്‍റെ പ്രഖ്യാപിത നിലപാടുകളില്‍നിന്നും ഒരിക്കലും വ്യതിചലിച്ചുകൂടാ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org