കത്തോലിക്കാസഭയിലെ സാമ്പത്തിക കോലാഹലങ്ങള്‍

എം.ആര്‍. ജോണ്‍, കൈപ്പട്ടൂര്‍

കേരള കത്തോലിക്കാസഭയില്‍ പ്രത്യേകിച്ചു സീറോ-മലബാര്‍ സഭയില്‍ ഈയിടെയായി നടക്കുന്നു എന്നു പറയപ്പെടുന്ന സാമ്പത്തിക തിരിമറികളും കെടുകാര്യസ്ഥതയും വ്യക്തതയില്ലാത്ത അഭിപ്രായപ്രകടനങ്ങളും ചുരുക്കം ഇടവകകളുടെയും സ്ഥാപനങ്ങളുടെയും രൂപതാകേന്ദ്രങ്ങളുടെയും മേല്‍ കരിനിഴല്‍ വീഴ്ത്തിയതില്‍ വിശ്വാസികളുടെ ഇടയില്‍ അതൃപ്തിയും ആശങ്കയും ഉണ്ടായിട്ടുണ്ട്. ടിവിയും മറ്റു മാധ്യമങ്ങളും ഇതിനെ പൊടിപ്പും തൊങ്ങലും വച്ചു ചര്‍ച്ച ചെയ്ത് ആഘോഷിക്കുമ്പോള്‍, സത്യമറിയാതെ വിശ്വാസിസമൂഹം പല തുരുത്തുകളായി മാറിക്കൊണ്ടിരിക്കുന്ന അപകടം സഭാനേതൃത്വം ശ്രദ്ധിക്കുന്നുണ്ടോ? സഭയുടെ സ്വത്തുക്കള്‍ വിശ്വാസികള്‍ നല്കിയ ചെറുതും വലുതുമായ സംഭാവനകളാല്‍ കെട്ടിപ്പടുത്തതാണ്. പ്രത്യേക നിയോഗങ്ങള്‍ക്കായി അവര്‍ നല്കുന്ന പണം ശരിയായ രീതിയില്‍ ചെലവഴിച്ചു എന്നു ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടത് അതു വാങ്ങുന്നവരുടെ കടമയാണ്. കിട്ടുന്ന സംഭാവനകള്‍ വഴിമാറ്റി ചെലവാക്കുന്നതും സ്വന്തം താത്പര്യങ്ങള്‍ക്കായി മാറ്റിവയ്ക്കാന്‍ ശ്രമിക്കുന്നതും അനീതിയാണ്.

സഭയുടെ ഏതു തലങ്ങളിലായാലും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുവാന്‍ അറിവും കഴിവും നീതിബോധവുമുള്ള ഉദ്യോഗസ്ഥരും റിട്ടയര്‍ ചെയ്തവരും, അനുദ്യോഗസ്ഥരുമായ ധാരാളം അല്മായര്‍ സഭയിലുണ്ട്. അതതു കേന്ദ്രങ്ങളിലെ ഭരണാധികാരിയും ഇവരില്‍ നാലോ അഞ്ചോ പേരും ചേരുന്ന ഒരു ഉന്നതാധികാരസമിതി ഇടവക മുതല്‍ അതിരൂപതവരെയുള്ള സാമ്പത്തിക ഇടപാടുകളും നടത്തിപ്പും ഇടയ്ക്കിടയ്ക്കു പരിശോധിച്ചാല്‍ കാര്യങ്ങളില്‍ വ്യക്തവും കൃത്യവുമായ നടപടിയും തീരുമാനങ്ങളും ഉണ്ടാകില്ലേ?

സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തമായ രേഖകളും രസീതും വൗച്ചറും ക്രമമായി സൂക്ഷിച്ചാല്‍ തര്‍ക്കങ്ങളില്‍ അതു വ്യക്തമായ രേഖകളാക്കി മാറ്റാം. സഭയുടെ പേരില്‍ ഏതു കാര്യത്തിനായാലും ആരു പണം വാങ്ങിയാലും രസീതു കൊടുക്കണം. സമ്പത്തിന്‍റെ മോഹവലയത്തില്‍നിന്നു മോചനം ലഭിക്കുവാനും സഭയില്‍ ഇപ്പോള്‍ വന്നുപെട്ടിരിക്കുന്ന പ്രതിസന്ധിക്കു സമാധാനപൂര്‍ണമായി പരിഹാരം കാണുവാനും സഭയൊന്നാകെ പ്രാര്‍ത്ഥിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org