ശരിയായ ആത്മീയത

എം.ജെ. തോമസ്

വളരെ ശ്രദ്ധേയമായ രണ്ടു ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച സത്യദീപത്തിന് (നവംബര്‍ 20) നന്ദിയും അഭിനന്ദനങ്ങളും. ആദ്യലേഖനം സുനില്‍ പി. ഇളയിടത്തിന്‍റേതാണ്. എല്ലാ മതങ്ങള്‍ക്കും സ്വന്തമായ ആചാരാനുഷ്ഠാനങ്ങളും കാഴ്ചപ്പാടുകളുമുണ്ട്. അവയൊക്കെ ആവശ്യമാണെങ്കിലും യഥാര്‍ത്ഥ ആത്മീയത അതിലൊന്നിലുമല്ല. അതിലൂന്നിപ്പിടിക്കുമ്പോള്‍ വ്യത്യസ്തതയും സഹജീവികളുമായുള്ള അകല്‍ച്ചയും വളരും. എല്ലാ മതങ്ങളുടെയും അന്തഃസത്ത (ദൈവം) നിരുപാധിക സ്നേഹമാണ്, ശത്രുസ്നേഹമാണ് എന്നു തിരിച്ചറിയുന്നവര്‍ സഹാനുഭൂതിയിലും ഐക്യത്തിലും വളരും. സ്നേഹം എല്ലാവരെയും ചേര്‍ത്തുപിടിക്കും. സ്നേഹം കര്‍മനിരതവുമാണ്. ഇതാണു ശരിയായ ആദ്ധ്യാത്മികത. ഇതാണു വ്യത്യസ്തയുടെ പേരില്‍ തമ്മിലടിച്ചു നശിക്കുന്ന ലോകത്തിനുള്ള സുവിശേഷം എന്ന ഇളയിടത്തിന്‍റെ കാഴ്ചപ്പാട് മനോഹരമാണ്.

രണ്ടാമത്തെ ലേഖനം ഫാ. റാഫേല്‍ നീലങ്കാവിലിന്‍റേതാണ്. ഇതില്‍ ഫ്രാന്‍സിസ് പാപ്പയുടെ ദൗത്യം സ്നേഹശൂന്യരായ മനഷ്യരെ മനുഷ്യത്വത്തിലേക്ക് ഉണര്‍ത്താനുള്ള പരിശ്രമമായി കാണുന്നു. ശരിയായ ആത്മീയത കൃത്യതയിലോ വൈകാരികതയിലോ ഊന്നിയ അനുഷ്ഠാനങ്ങളല്ല എന്ന് എടുത്തുപറയുന്നു. 'പരി. കുര്‍ബാനയില്‍ അവിടുത്തെ ആരാധിച്ചു തിരിച്ചു വീട്ടില്‍ പോയി സൗകര്യമായും സമാധാനമായും ജീവിക്കുന്ന വിശ്വാസികളും പുരോഹിതരും സന്ന്യസ്തരും യേശുവില്‍ നിന്ന് അഭിന്ദനങ്ങള്‍ നേടിക്കൊണ്ടിരിക്കുന്ന വിശുദ്ധരല്ല എന്ന അപ്രിയസത്യം ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു.

സഭയിലെ പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികള്‍ അധികാരികള്‍ തന്നെയാണെന്നും, പ്രശ്നപരിഹാരം അവരില്‍ നിന്നാരംഭിക്കണമെന്നും ലേഖകന്‍ സ്ഥാപിക്കുന്നു. "നൂറ്റാണ്ടുകളായി മനുഷ്യര്‍ പള്ളിയിലേക്കു വരുക എന്ന ക്രമം മറന്നെങ്കില്‍ അതിനു കാരണം അവിടെ വിശ്വാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും മനുഷ്യജീവിതത്തിന്‍റെയും വളര്‍ച്ചയ്ക്കു കാര്യമായൊന്നും ലഭിക്കുന്നില്ല" എന്നത് ഒരു വൈദികന്‍റെ കുമ്പസാരമാണ്. ഉത്തരവാദിത്വം ഏറ്റെടുക്കലാണ് – പഴിചാരലല്ല.

'ആത്മാവില്‍ ദരിദ്രരേ' സ്വന്തം തെറ്റ് ഏറ്റുപറയൂ. നൂറ്റാണ്ടുകളായി സംഭവിച്ചുപോയ മതപരഅബദ്ധങ്ങള്‍ തിരുത്തൂ. ആത്മാവില്‍ ദരിദ്രരേ 'ദൈവമെന്ന 'അനന്തസഹന ആ സ്തിക്യം എവിടെയും എല്ലാറ്റിലും അനന്തഅളവില്‍ പ്രവര്‍ത്തിക്കുന്നു എന്ന യാഥാര്‍ത്ഥ്യം' അനുഭവിച്ചറിയൂ. 'സാര്‍വത്രികമായി സ്നേഹിക്കുവാന്‍' ശ്രമിക്കൂ. 'ലോക മഹാസാഹോദര്യത്തിനായി' എല്ലാം മാറ്റിവയ്ക്കൂ. ഫ്രാന്‍സിസ് പാപ്പയെപ്പോലെ മനുഷ്യകുലത്തിനെയും ജീവജാലങ്ങളെയും ഭൂമിയെയും രക്ഷിക്കാന്‍' സ്വയം സമര്‍പ്പിക്കൂ.

ശരിയായ ആത്മീയതയ്ക്കും സഭാനവീകരണത്തിനുമായി ലേഖകന്‍ മുന്നോട്ടുവയ്ക്കുന്ന എട്ടു നിര്‍ദ്ദേശങ്ങള്‍ പഠിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org