ദിവ്യബലി ഒരു ചടങ്ങാക്കുന്നു

ഒ.ജെ. പോള്‍, പാറക്കടവ്

പൊതുദിവ്യബലിയില്‍ വ്യക്തിഗത കാര്യങ്ങള്‍ പാടില്ലെന്നാണ് സഭാനിയമം. എന്നാല്‍ ഞായറാഴ്ചകളിലെ ദിവ്യബലിമദ്ധ്യേ വ്യക്തിഗതപരിപാടികള്‍ ഉള്‍പ്പെടുത്തി, അഭിനന്ദനങ്ങളും കയ്യടിയുമൊക്കെ ആക്കി ദിവ്യബലിയുടെ പരിശുദ്ധിയെ ഇല്ലാതാക്കുന്നു. അപൂര്‍വ നേട്ടങ്ങള്‍ കൈവരിച്ചവരെ അഭിനന്ദിക്കുന്നതു മനസ്സിലാക്കാം. എന്നാല്‍ ഒരു ഇടവകയില്‍ പതിനായിരം പേരുണ്ടെങ്കില്‍, എല്ലാവര്‍ക്കും വര്‍ഷത്തില്‍ ഒരിക്കല്‍ ഉണ്ടാകുന്നതാണു ജന്മദിനം. അവരെയൊക്കെ ദിവ്യബലിമദ്ധ്യേ അഭിനന്ദിക്കുവാന്‍ തുടങ്ങിയാല്‍, ദിവ്യബലിയുടെ പ്രസക്തി എന്താകുമെന്നു ചിന്തിക്കണം.

കുട്ടിയുടെ അഞ്ചാം ജന്മദിനം ആഘോഷിക്കുന്നത് ഇന്നാണെന്നു പറയുമ്പോള്‍ ഉച്ചയ്ക്കു വീട്ടില്‍ കുപ്പിയും കോഴിയും ഉണ്ടാകുമെന്ന ഒരു ദ്വയാര്‍ത്ഥവും അതിനുണ്ട്. ബഹു. വൈദികരുടെ ജന്മദിനത്തില്‍ (മുമ്പൊക്കെ feast ആയിരുന്നു. ഇപ്പോള്‍ birth day ആണ്) കുര്‍ബാനമദ്ധ്യേ കേക്ക് മുറിക്കുന്നതും ഉചിതമായി തോന്നുന്നില്ല. ഞായറാഴ്ചകളില്‍ പല പരിപാടികള്‍മൂലം ജനം വളരെ തിരക്കിലാണ്. അപ്പോള്‍ മറ്റുള്ളവരുടെ ജന്മദിനാശംസകള്‍ കേട്ടിട്ടേ പോകാവൂ എന്നു നിര്‍ദ്ദേശിച്ചാല്‍ അതു മുഖവിലയ്ക്കെടുത്തെന്ന് വരില്ല. അതുകൊണ്ട് ഇത്തരം പരിപാടികള്‍ ദിവ്യബലിക്കുശേഷം നടത്തുന്നതല്ലേ ശരിയായ രീതി?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org