വൈദികരെ വളര്‍ത്തുന്നവര്‍ക്കു പറയാനുള്ളത്

പി. ലോനന്‍, കോന്തുരുത്തി

സത്യദീപം, ലക്കം 31, മുഖപേജിലെ 'വൈദികരെ വളര്‍ത്തുന്നവര്‍ക്കു പറയാനുള്ളത്' എന്ന ശീര്‍ഷകത്തില്‍ വിവിധ സെമിനാരികളിലെ വൈദിക വിദ്യാര്‍ത്ഥി ജീവിതത്തെക്കുറിച്ച് സ്ഥാനമൊഴിയുന്ന രണ്ടു റെക്ടര്‍മാരും ഒരു മുന്‍ റെക്ടറുമായുള്ള അഭിമുഖം ശ്രദ്ധിച്ചു. ഏറെ പ്രസക്തമായ ചോദ്യങ്ങളാണ് മൂവരോടും ചോദിച്ചിരിക്കുന്നത്. വിഷയത്തിന്‍റെ പൊതുസ്വഭാവം കൊണ്ടാകാം ചോദ്യോത്തരങ്ങള്‍ക്ക് ചിലയിടങ്ങളില്‍ സമാനത അനുഭവപ്പെടുന്നത്.

സഭാപിതാക്കന്മാരും വൈദികരും സന്യസ്തരും മുമ്പില്ലാത്തവിധം സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ സഭയുടെ പ്രധാന ഊര്‍ജ്ജസ്രോതസ്സുകളായി നിലകൊള്ളുന്ന അജപാലകരുടെ പിള്ളത്തൊട്ടിലായ സെമിനാരികളുടെ പ്രവര്‍ത്തനത്തെപ്പറ്റി സമഗ്രമായല്ലെങ്കിലും ഏറെക്കുറെ അറിവു നല്‍കാന്‍ ബന്ധപ്പെട്ടവരോടുള്ള ചോദ്യോത്തരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചില അഭിഷിക്തരുടെ കുറവുകള്‍ ഉയര്‍ത്തിപ്പിടിച്ച് സഭ മുഴുവന്‍ അത്തരക്കാരാണെന്നു വിലയിരുത്തുന്ന ഒരു ന്യൂനപക്ഷമെങ്കിലുമുണ്ട്. നീണ്ടകാലത്തെ പഠനവും പരിശീലനവും കഴിഞ്ഞാണ് ഒരാള്‍ വൈദികനാകുന്നത്. അച്ചനായിട്ട് അല്ലെങ്കില്‍ മെത്രാനായിട്ട് മോശമായ ജീവിതം നയിക്കാമെന്ന് അവര്‍ കരുതുന്നുണ്ടാവില്ലല്ലോ. യൗവ്വനവും ആരോഗ്യവും വിദ്യാഭ്യാസവുമുള്ളവര്‍ക്ക് ഈ ലോകത്തിന്‍റെ സുഖലോലുപതയില്‍ ജീവിക്കാന്‍ വൈദികനാകേണ്ട കാര്യവുമില്ല. എന്നാല്‍ ചിലരുടെ കാര്യത്തില്‍ പാളിച്ച സംഭവിക്കുന്നുണ്ട്. തിരുത്തല്‍ ആവശ്യമുണ്ട്. സാമൂഹ്യവത്കരിക്കുന്നതു ശരിയല്ല.

വര്‍ഷങ്ങള്‍ മുന്നൊരുക്കം നടത്തി, പരീക്ഷണ ഘട്ടത്തില്‍ കാലിടറുന്നവരെ ഒഴിവാക്കി ശേഷിക്കുന്നവരെ സ്ഫുടം ചെയ്തെടുത്ത് അള്‍ത്താരയില്‍ ബലിയര്‍പ്പണത്തിന് യോഗ്യരാക്കുമ്പോള്‍ ക്ഷേത്രകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന ഒരു പൂജാരിയുടെ സ്ഥാനമല്ല ഒരു വൈദികനുള്ളതെന്നോര്‍ക്കണം. മംഗലപ്പുഴ സെമിനാരിയുടെ പ്രത്യേകതകള്‍ വിവരിച്ചത് ഏറെ ശ്രദ്ധേയമായി. "ഇവിടെ നിന്നു പട്ടം സ്വീകരിച്ച് വിശുദ്ധജീവിതം നയിച്ച അനേകരില്‍ 12 പേരുടെ നാമകരണ പ്രക്രിയ നടക്കുന്നുണ്ട്. ആഗോളസഭയില്‍ തന്നെ ഏതെങ്കിലും പ്രാദേശിക സെമിനാരിയില്‍ നിന്നും ഇത്രയും പേരുടെ നാമകരണ നടപടികള്‍ നടക്കുന്നുണ്ടോ എന്നറിഞ്ഞുകൂടാ" എന്നു റെക്ടര്‍ ഇല്ലത്തുപറമ്പിലച്ചന്‍ പറയുമ്പോള്‍ സഭാമക്കള്‍ക്ക് അതൊരു പുതിയ അറിവായിരിക്കും. വിഷയത്തിന്‍റെ കാലിക സ്വഭാവം ഉള്‍ക്കൊണ്ട് ഇത്തരം അഭിമുഖം തയ്യാറാക്കിയ സത്യദീപം അഭിനന്ദനം അര്‍ഹിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org