സ്വാതന്ത്ര്യദിന പതിപ്പ്

പി.ഒ. ലോനന്‍, കോന്തുരുത്തി

സത്യദീപം സ്വാന്ത്ര്യദിന പതിപ്പ് മികച്ചതായി. എല്ലാ വിഭവങ്ങളും ഒന്നിനൊന്ന് മെച്ചം. എം.വി. ബെന്നിയുടെ ഓര്‍മയുണ്ടാകണം; കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഹിന്ദു രാജ്യത്തിലേക്കുള്ള പോക്കിനെ, ഗാന്ധിഘാതകനെ പൂവിട്ടു പൂജിക്കുന്ന നയത്തെ പരോക്ഷമായെങ്കിലും അംഗീകരിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തേണ്ടതായിരുന്നു എന്നു തോന്നി. കുഞ്ഞുമോന്‍ പുന്നപ്രയുടെ വീല്‍ച്ചെയറിലെ വിശ്വാസപ്രഘോഷണം ഏറെ ഹൃദ്യമാണ്. കവിതയില്‍ താത്പര്യമില്ലാത്തവര്‍ക്കുപോലും വായനാസുഖം നല്കുന്നതായി പ്രാസമൊപ്പിച്ചുള്ള ഡോ. ചെറിയാന്‍ കുനിയന്തോടത്തിന്‍റെ കവിത. ഒരു വിഷമം മാത്രമേയുള്ളൂ. മുന്‍ പേജിലെ ആദ്യതലക്കെട്ടായി എം.ടി. വാസുദേവന്‍ നായരുമായുള്ള അഭിമുഖസംഭാഷണം എന്നു കേട്ടപ്പോള്‍ ഇരുത്തം വന്ന ആ സാഹിത്യകാരന്‍റെ വചനമൊഴികള്‍ കുറേ ആസ്വദിക്കാമെന്നു കരുതി. എന്നാല്‍ പേജ് മറിച്ചപ്പോള്‍ കേള്‍വിക്കു പൊന്നോല കാഴ്ചയ്ക്ക് തെങ്ങോല എന്നു പറഞ്ഞതുപോലെയായി. ഇതെന്ത് അഭിമുഖ സംഭാഷണം; ഒന്നുമില്ല. അദ്ദേഹത്തിന്‍റെ വലിപ്പമുള്ള ഫോട്ടോയും തലക്കെട്ടും ഒഴിച്ചാല്‍ എന്താണു വായിക്കാനുള്ളത്? എം.ടി. മിതഭാഷിയാണെന്നറിയാം. മിതഭാഷിയായ അദ്ദേഹത്തിന്‍റെ വാക്കുകളുടെ പ്രസക്ത ഭാഗങ്ങള്‍ എന്താണെന്നു മനസ്സിലാകുന്നില്ല. ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണല്ലോ പ്രമാണം. ആ വിയോജിപ്പ് ഇവിടെ രേഖപ്പെടുത്തുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org