സ്വര്‍ഗത്തിലും കുറ്റം കണ്ടെത്തുന്നവര്‍

പി.ആര്‍. ജോസ്, ചൊവ്വൂര്‍

മറ്റുള്ളവരുടെ മനസ്സൊന്നു വിഷമിച്ചാലേ ചിലര്‍ ക്കു മനഃസുഖമുണ്ടാകൂ. ഒരാള്‍ ചെയ്ത നിര്‍മാണപ്രവൃത്തിയിലോ മറ്റേതെങ്കിലും മേഖലയിലോ കുറവുകള്‍ മാത്രം കണ്ടെത്തുന്ന സ്വഭാവം ഇന്നു പലരിലുമുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച വീടിന്‍റെ ഹൗസ് വാമിങ്ങ് പരിപാടിയില്‍ വീടിന്‍റെ കുറ്റങ്ങളും കുറവുകളും മാത്രം പറഞ്ഞു രസിക്കുന്നവരേറെയുണ്ട്. ബെഡ്റൂമിനു സാധാരണ വലിപ്പമേയുള്ളുവെങ്കില്‍ കുറച്ചുകൂടി വലിപ്പമാകാമായിരുന്നുവെന്നും വിശാലമായ ബെഡ് റൂമാണെങ്കില്‍ ഇത്രയും വലിപ്പമെന്തിനാണെന്നും പറയാന്‍ ഇവര്‍ മടിക്കാറില്ല. അവര്‍ പണിതീര്‍ത്ത ബെഡ്റൂമില്‍ അഭിപ്രായദാതാക്കളല്ല വീട്ടുടമസ്ഥര്‍ തന്നെയാണു കിടക്കേണ്ടതെന്ന ചിന്തപോലും അഭിപ്രായം പറയുന്നവര്‍ക്കില്ല.

പൊതുവിദ്യാലയത്തിലെ കേരള സിലബസിലാണ് കുട്ടിയെ ചേര്‍ത്തതെങ്കില്‍ കേന്ദ്ര സിലബസാണു മെച്ചമെന്നും മലയാളം മീഡിയത്തിലാണു ചേര്‍ത്തതെങ്കില്‍ ഇംഗ്ലീഷ് മീഡിയമാണു നല്ലതെന്നും പറയും. ഇഷ്ടപ്പെട്ട കോഴ്സ് തിരഞ്ഞെടുത്തു പഠിക്കുന്ന കുട്ടിയോട് ആ കോഴ്സ് മോശമാണെന്നും ജോലിസാദ്ധ്യത കുറവാണെന്നും കോളജ് മോശമാണെന്നും യാതൊരു തത്ത്വദീക്ഷയുമില്ലാതെ വിളമ്പാന്‍ ഒരു സങ്കോചവുമില്ല. ഈ അഭിപ്രായം കേള്‍ക്കുന്ന രക്ഷിതാവിന്‍റെയും കുട്ടിയുടെയും ആത്മവിശ്വാസം തകരുമെന്ന് ഇവര്‍ ചിന്തിക്കുന്നതേയില്ല.

ഇനി രോഗികളുടെ കാര്യം നോക്കാം. കുടുംബനാഥന്‍ രോഗിയെ തന്‍റെ അറിവിലുള്ള മികച്ച ആശുപത്രിയിലെത്തിച്ചു ചികിത്സിക്കുകയാണെങ്കില്‍ രോഗീസന്ദര്‍ശനത്തിന്‍റെ പേരില്‍ അവിടെയും അഭിപ്രായമെത്തും. ഇപ്പോഴുള്ള ഈ ആശുപത്രി മോശമാണെന്നും ഡോക്ടര്‍മാര്‍ പ്രഗത്ഭരല്ലെന്നുമുള്ള വിലയിരുത്തല്‍ രോഗിയെയും കുടുംബത്തെയും ദുഃഖത്തിലാഴ്ത്തുകതന്നെ ചെയ്യും.

പ്രവര്‍ത്തിക്കു ശേഷമല്ല പ്രവര്‍ത്തിക്കുമുമ്പാണ് അഭിപ്രായം പറയേണ്ടത്. അങ്ങനെയുള്ളവരാണ് ഉത്തമസുഹൃത്തുക്കള്‍. മരുമകളുടെ കുറവുകള്‍ മാത്രം കണ്ടെത്തുന്ന അമ്മായിയമ്മയും അമ്മായിയമ്മയുടെ കുറ്റങ്ങള്‍ നിരത്തുന്ന മരുമകളും കുടുംബസമാധാനം തകര്‍ക്കുമെന്നു പറയേണ്ടതില്ലല്ലോ. എന്തിലും ഏതിലും കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്നവര്‍ സ്വര്‍ഗത്തില്‍ ചെന്നാലും അവ മാത്രമേ കാണുവാന്‍ ശ്രമിക്കൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org