ഈ കുരിശു വഹിക്കല്‍ അപലപനീയം

ഡോ. പി.ഡി. ജോര്‍ജ്, പാലാ

മുപ്പതിലേറെ കൊല്ലങ്ങള്‍ക്കു മുമ്പാണ് ആദ്യമായി മലയാറ്റൂര്‍ തീര്‍ത്ഥാടനം നിര്‍വഹിച്ചത്. ഭക്തി സാന്ദ്രവും പ്രശാന്തവുമായ അന്തരീക്ഷം. ദാഹിക്കുന്നവര്‍ക്കു കുടിക്കുവാന്‍ പൈപ്പ് വഴി കുടിവെള്ളം ലഭ്യമായിരുന്നു. വിശക്കുന്നവര്‍ക്കു പള്ളി വക സ്റ്റാളുകളില്‍നിന്നും ഏത്തപ്പഴവും ചുക്കുകാപ്പിയും ലഭ്യം. പിന്നീടാണു പ്ലാസ്റ്റിക് ഭീകരന്‍റെ കടന്നുകയറ്റം ആരംഭിച്ചത്. എന്നാല്‍ ഈ വര്‍ഷം പ്ലാസ്റ്റിക് കുപ്പി വിമുക്ത മലയാറ്റൂര്‍ മലയാണു ദര്‍ശിക്കുവാന്‍ സാധിച്ചത്. മലയാറ്റൂര്‍ മലയെ പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നും മുക്തമാക്കുകയും പകരമായി ധാരാളം വാട്ടര്‍ പോയിന്‍റുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത അധികാരികള്‍ക്ക് ആശംസകളും നന്ദിയും അര്‍പ്പിക്കുന്നു.

പക്ഷേ, യഥാര്‍ത്ഥ ഭക്തരുടെ മനസ്സിനെ ഏറെ വേദനിപ്പിക്കുന്ന മറ്റൊരു 'ഭീകരത' ഏതാനും വര്‍ഷങ്ങളായി മലയാറ്റൂരിനെ ഗ്രസിച്ചിരിക്കുന്നു. ഭീമന്‍ മരക്കുരിശുകളുടെ രംഗപ്രവേശം. ഭക്തരെന്നു കരുതുന്ന കുറേ മനുഷ്യര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും മത്സരബുദ്ധിയോടെ ചുമന്നുകൊണ്ടു വരുന്ന ഭീമാകാരം പൂണ്ട നൂറുകണക്കിനു മരക്കുരിശുകളുടെ ശ്മശാനഭൂമിയായി മലയാറ്റൂര്‍ കുരിശുമല മാറിക്കഴിഞ്ഞിരിക്കുന്നു.

പതിന്നാല് സ്ഥലങ്ങളിലും മെഴുകുതിരികള്‍ കത്തിക്കുന്നതു വലിയ അഗ്നിബാധയ്ക്കു കാരണമാകും എന്നു മനസ്സിലാക്കി ഈ പുതുഞായര്‍ ദിവസങ്ങളില്‍ മെഴുകുതിരി കത്തിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയതു നല്ല കാര്യംതന്നെ. ഈ വര്‍ഷം ശ്രദ്ധേയമായ മറ്റൊരു കാര്യം യാചകനിരോധനമാണ്. തമിഴ്നാട്ടില്‍ നിന്നും കോണ്‍ട്രാക്ടേഴ്സ് കൊണ്ടുവരുന്നയാചകരെ ഒഴിവാക്കിയത് അഭിനന്ദനാര്‍ഹമാണ്. മലയാറ്റൂര്‍ മലയെയും പ്രകൃതിയെയും നമുക്കു സംരക്ഷിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org