ക്രിസ്മസ് കരോളും സാന്താക്ലോസും

പിയ മേരി എബ്രാഹം, പടമുഗള്‍

ഏതൊരു ക്രിസ്മസ്ആഘോഷത്തിനും മാറ്റു കൂട്ടുന്ന ഒന്നാണല്ലോ ക്രിസ്മസ് കരോള്‍. സാന്‍റാക്ലോസിനെയാണു കരോള്‍ എന്നു കേള്‍ക്കുമ്പോള്‍ പലപ്പോഴും ആദ്യം മനസ്സില്‍ വരിക. എന്നാല്‍ കരോളിന്‍റെ ലക്ഷ്യം യേശുവിന്‍റെ ജനനത്തെ അറിയിക്കുകയാണല്ലോ. അപ്പോള്‍ കരോളിന്‍റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രവും ആയിരിക്കേണ്ടത് ഉണ്ണീശോയല്ലേ?

വി. നിക്കോളാസ് എന്ന മെത്രാനുമായി ബന്ധപ്പെടുത്തിയാണു സാന്താക്ലോസ് പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 'സാന്താക്ലോസ്' എന്നതു 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തോമസ് നാസ്റ്റ് എന്ന കാര്‍ട്ടൂണിസ്റ്റിന്‍റെ ഭാവനയില്‍ വിരിഞ്ഞ ഒരു സാങ്കല്പിക കഥാപാത്രമാണ്.

ക്രിസ്മസിന്‍റെ ഹരമായി നമ്മളും സാന്താക്ലോസിനെ ഉള്‍ക്കൊണ്ടിട്ടു വര്‍ഷങ്ങളായി. പല കുട്ടികള്‍ക്കും ക്രിസ്മസ് എന്നാല്‍ സാന്താക്ലോസാണ്. തീരെ ചെറിയ കുട്ടികളില്‍ ചിലര്‍ക്കെങ്കിലും സാന്തായെ കാണുമ്പോള്‍ പേടിയുമാണ്. സന്തോഷമായാലും പേടിയായാലും സാന്താക്ലോസ് എന്ന കഥാപാത്രം, ഉണ്ണീശോയ്ക്ക് അര്‍ഹതപ്പെട്ട ശ്രദ്ധയും സ്നേഹവും കൊടുക്കുന്നതില്‍നിന്നും ഒരു പരിധിവരെയെങ്കിലും കുട്ടികളെയും ചിലപ്പോള്‍ മുതിര്‍ന്നവരെയും തടയുന്നില്ലേ?

സാന്താക്ലോസിനെ ഒഴിവാക്കി ക്രിസ്മസിന്‍റെ യഥാര്‍ത്ഥ ചൈതന്യത്തോടെ കരോള്‍ ആഘോഷിക്കാനും കുട്ടികളെ ഉണ്ണീശോയിലേക്ക് ആകര്‍ഷിക്കാനും നമുക്കു കടമയില്ലേ? കരോളില്‍ നിന്നു മാത്രമല്ല, നമ്മുടെ സ്ഥാപനങ്ങളിലൂടെയും വീടുകളിലെയും പൊതുവായ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്നും സാന്താക്ലോസ് എന്ന സാങ്കല്പികസൃഷ്ടിയെ ഒഴിവാക്കുന്നതല്ലേ ഉചിതം?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org