നോമ്പുകാല അഭ്യാസങ്ങള്‍

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

ഒരിക്കല്‍കൂടി ഈസ്റ്ററിനു മുന്നോടിയായിട്ടുള്ള നോമ്പുകാലം എത്തിയിരിക്കുകയാണ്, അതോടൊപ്പം ഉപവാസവും അനുതാപകാലവും. യേശു ക്രിസ്തു പരസ്യജീവിതത്തിനു മുന്നോടിയായി അനുഷ്ഠിച്ച ഭക്ഷണമില്ലാത്ത 40 ദിവസത്തെ ഉപവാസത്തെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്. എന്നാല്‍ സഭയില്‍ ഏ.ഡി. 325 ലെ നിഖ്യാ സൂനഹദോസില്‍ വച്ചാണ് ഔദ്യോഗികമായി നോമ്പാചരണം ആരംഭിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

പൗരസ്ത്യ സഭകളിലും പാശ്ച്യാത്യ സഭകളിലും വ്യത്യസ്ത രീതികളിലാണ് ഇവ അനുഷ്ഠിച്ചു പോന്നിരുന്നത്. കാലക്രമത്തില്‍ തീവ്രത കുറഞ്ഞെങ്കിലും അനുഷ്ഠാനങ്ങള്‍ വ്യത്യസ്ത രീതികളില്‍ ആചരിച്ചു പോരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രത്യേകിച്ചും കത്തോലിക്കാസഭയില്‍ നോമ്പെന്ന് പറയുന്നത് മദ്യം, ഇറച്ചി, മീന്‍, മുട്ട എന്നിവ കഴിക്കാത്ത കാലം എന്ന് മാത്രമായി തീരുന്നില്ലേ എന്ന് സംശയിച്ചുപോകുകയാണ്. നാം എന്ത് കഴിക്കുന്നു അല്ലെങ്കില്‍ കഴിക്കാതിരിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല നോമ്പ് എന്ന് വ്യക്തമാവുന്നു.

മറിച്ചു മനോഭാവങ്ങളിലും ജീവിതരീതിയിലുമാണ് നോമ്പ് കാലത്തില്‍ മാറ്റങ്ങളുണ്ടാകേണ്ടത്. ഭക്ഷണം ഇന്ന് വലിയ ഒരു വിഷയമല്ല. ഉപവസിക്കുക എന്നാല്‍ കൂടെ വസിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. ആരുടെ കൂടെ എന്ന് ചോദിച്ചാല്‍ ദൈവത്തിന്‍റെ കൂടെ. അപ്പോള്‍ ഉപവസിക്കുമ്പോള്‍ നാം എന്തെല്ലാം ആചരിക്കണം. പ്രാര്‍ത്ഥനയില്‍ അധിഷ്ഠിതമായ ജീവിതം. കൂടുതല്‍ സമയം പ്രാര്‍ത്ഥിക്കണം, വിശുദ്ധ കുര്‍ബാന അര്‍പ്പണവും, സ്വീകരണവും, ബൈബിള്‍ വായന, ആഘോഷമല്ലാത്ത ഭക്ഷണവും, ജീവിതരീതികളും കൂടാതെ മദ്യപാനം, പുകവലി, സോഷ്യല്‍ മീഡിയ, ടിവി എന്നിവയുടെ അടിമയായവര്‍ അതില്‍ നിന്നും മാറി നില്‍ക്കാന്‍ ഇക്കാലത്തു പരിശീലിച്ചു ദൈവത്തെ പ്രീതിപ്പെടുത്തണം. മാര്‍പാപ്പാ പറഞ്ഞതുപോലെ ഫോണ്‍ താഴെ വച്ചിട്ട് കുടുംബങ്ങള്‍ ഒത്തൊരുമിച്ചു സംസാരിക്കണം, പ്രാര്‍ത്ഥിക്കണം. കാരുണ്യ പ്രവൃത്തികളാണ് നോമ്പ് കാലത്തിന്‍റെ ഏറ്റവും പ്രധാന ദൈവിക പ്രവൃത്തി. എല്ലാത്തരത്തിലുമുള്ള വഴക്കുകളില്‍ നിന്നും, അത് കോടതികളിലും, പൊലീസ് സ്റ്റേഷനുകളില്‍ നില്ക്കുന്നതാണെങ്കില്‍പ്പോലും മാധ്യസ്ഥതയിലൂടെ ഇല്ലാതാക്കാനും ഈ നോമ്പു കാലം ഉപയോഗപ്പെടുത്തണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org