അച്ചടക്കം അനിവാര്യം

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

സോഷ്യല്‍ അല്ലാത്ത സോഷ്യല്‍ മീഡിയ എന്ന മുഖപ്രസംഗത്തിലൂടെ സത്യദീപം ധാരാളം വലിയ യാഥാര്‍ത്ഥ്യങ്ങളിലേക്കു നമ്മെ നയിക്കുന്നുണ്ട്. അതില്‍ ഫെയ്സ്ബുക്കിലൂടെ സഭ നേരിടുന്ന ചില പ്രശ്നങ്ങളെക്കുറിച്ചു ചിലതു പറയട്ടെ.

ഏതു സമൂഹത്തിന്‍റെയും നില്പിനും നിലനില്പിനും ഐശ്വര്യത്തിനും പുരോഗതിക്കും അച്ചടക്കത്തിനും അനുസരണത്തിനും അതിലൂടെ നേടുന്ന അനുഗ്രഹത്തിനും ആശീര്‍വാദങ്ങള്‍ക്കും വലിയ സ്ഥാനമുണ്ട്. അവ ഇല്ലാതാകുമ്പോള്‍ നാശത്തിലേക്കുള്ള വഴി പിശാച് ചൂണ്ടിക്കാണിച്ചു തരുകയും ചെയ്യും. ഇന്നു സീറോ-മലബാര്‍ സഭ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഈ ദുര്‍വിധിയാണ്. സാധാരണ വിശ്വാസികളുടെ ഭാഗത്തുനിന്നാണ് ഇത്തരം പ്രവണതകള്‍ കണ്ടുവരാറുള്ളത്. പക്ഷേ, ഇന്നു നാം കണ്ടു കൊണ്ടിരിക്കുന്നത് അത് വൈദികരിലും കന്യാസ്ത്രീകളിലുമാണെന്നത് വിശ്വാസികളില്‍ ആശങ്കയുണര്‍ത്തുന്നു. ഇപ്പോള്‍ വൈദികരും സിസ്റ്റേഴ്സും പ്രായഭേദമെന്യേ ഫെയ്സ് ബുക്കിലൂടെ സഭയ്ക്കെതിരെയും മേലധികാരികള്‍ക്കെതിരെയും പിതാക്കന്മാര്‍ക്കെതിരെയും പരസ്പരവും ചെളിവാരിയെറിഞ്ഞു സന്തോഷിച്ചു നശിപ്പിക്കുകയാണ്. ലോകത്തിന്‍റെചില ഭാഗങ്ങളില്‍ സഭാമക്കളും സ്ഥാപനങ്ങളും ഭീകരാക്രമണത്തിനു വിധേയമാകുമ്പോഴാണ് ഇത്തരം തീക്കളി എന്നതു വേദനാജനകമാണ്.

കുറ്റങ്ങളും കുറവുകളും ഇല്ലാത്തവരായി ആരുമില്ല. അതു തീര്‍ച്ചയായും തിരുത്തണം, പരിഹരിക്കണം. സഭയിലെ കാര്യങ്ങള്‍ വിളമ്പാനുള്ളതല്ല ഫെയ്സ്ബുക്ക് പേജ്. അവിടെ സ്വന്തം കാര്യം മാത്രം അവതരിപ്പിച്ചാല്‍ മതി. ആരും സ്വന്തം വീട്ടിലെ അപ്രിയസത്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കാറില്ലല്ലോ. അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടികള്‍ വേണം. ആ നടപടികള്‍ തിരുത്തലിനും മറ്റുള്ളവര്‍ അനുകരിക്കാതിരിക്കുന്നതിനും കാരണമാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org