തിരുസ്വരൂപങ്ങളിലെ മ്ലാനത

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

കത്തോലിക്കാസഭയിലെ ആരാധനാലയങ്ങളില്‍ മാത്രമാണു തിരുസ്വരൂപങ്ങള്‍ അല്ലെങ്കില്‍ വിശുദ്ധരുടെ പ്രതിമകളുള്ളത് എന്നാണ് എനിക്കു തോന്നുന്നത്. കത്തോലിക്കാസഭയില്‍ തിരുസ്വരൂപങ്ങള്‍ ആരാധനയ്ക്കുവേണ്ടിയല്ല മറിച്ചു ബഹുമാനിക്കുന്നതിനും ഓര്‍മ സദാ നിലനിര്‍ത്തുന്നതിനും വേണ്ടിയാണു പ്രതിഷ്ഠിച്ചിരിക്കുന്നത്.

പണ്ടു കാലങ്ങളില്‍ ജനങ്ങള്‍ക്കു വായിച്ചു മനസ്സിലാക്കി കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരം പ്രതിമകളിലൂടെയാണു ജനങ്ങള്‍ വിശുദ്ധരെ മനസ്സിലാക്കിയിരുന്നതും ബഹുമാനിച്ചിരുന്നതും ഓര്‍മ പുതുക്കുന്നതുമെല്ലാം. പക്ഷേ, കാലങ്ങള്‍ മാറിയെങ്കിലും ഇന്നും സഭയില്‍ ആ പാരമ്പര്യം നില നില്ക്കുന്നു. അതില്‍ തെറ്റൊന്നും കാണാന്‍ കഴിയില്ല. എന്നാല്‍ എന്നെ ബുദ്ധിമുട്ടിക്കുന്നതു തിരുസ്വരൂപങ്ങളിലെ ദുഃഖഭാവമാണ്? വിശുദ്ധരാകുന്നതു ദുഃഖകരമാണോ? എന്തുകൊണ്ടാണു നമ്മുടെ വിശുദ്ധരുടെ പ്രതിമകള്‍ ദുഃഖഭാവത്തോടെ നിര്‍മിക്കുന്നത്. വി ജോണ്‍ പോളും വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയും മാത്രമാണ് ഇതിന് ഒരു അപവാദം – ഉയിര്‍ത്തെഴുന്നേല്ക്കുന്ന ക്രിസ്തുവിന്‍റെ രൂപത്തില്‍പോലും സന്തോഷം ദര്‍ശിക്കുവാന്‍ കഴിയുന്നില്ല. ഇതു പ്രാര്‍ത്ഥിക്കുവാന്‍ വരുന്ന വിശ്വാസിയിലും ആരാധനയ്ക്ക് നേതൃത്വം കൊടുക്കുന്ന വൈദികരിലും സിസ്റ്റേഴ്സിലും പ്രസന്ന ഭാവം ഇല്ലാതാക്കാന്‍ ഇടയാക്കില്ലേ? അതിനാല്‍ പുതിയ പ്രതിമകള്‍ നിര്‍മിക്കുമ്പോഴും ചിത്രങ്ങള്‍ അച്ചടിക്കുമ്പോഴും അവരുടെ മുഖത്തു ദൈവമഹത്ത്വം ദര്‍ശിക്കുന്ന രീതിയില്‍ നിര്‍മിക്കാന്‍ ശ്രമിച്ചാല്‍ നന്നായിരുന്നു. മാത്രമല്ല, പല രൂപങ്ങളും ചിത്രങ്ങളും പ്രാര്‍ത്ഥിക്കാന്‍ അണയുന്നവനു ദര്‍ശനം നല്കാതെ തല കുമ്പിട്ടുനില്ക്കുന്ന രീതിയിലാണു നില്ക്കുന്നത്. ഇതിനു മാറ്റം വരണമെന്നു തോന്നുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org