പൗരത്വനിയമം നല്ലത്; എന്നാല്‍ അതിന്‍റെ ഉദ്ദേശ്യശുദ്ധി നല്ലതോ?

പി.ജെ. വര്‍ഗീസ്, പുത്തന്‍വീട്ടില്‍, കുമ്പളം

രാജ്യത്തു സാമ്പത്തികമാന്ദ്യം മൂലം ജനങ്ങള്‍ വീര്‍പ്പുമുട്ടിക്കൊണ്ടിരിക്കുകയാണന്ന സത്യം ഭരണകര്‍ത്താക്കള്‍ അറിഞ്ഞിട്ടും ഒരു പുകമറ എന്നോണം ജനങ്ങള്‍ മറന്നുകളയുവാനുള്ള കണ്‍കെട്ടുവിദ്യയായി ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന നിയമം നടപ്പിലാക്കുവാന്‍ പോകുമ്പോള്‍ ജനങ്ങള്‍ കയ്യും കെട്ടി മാറിനില്ക്കണം, ഈ നിയമത്തിനെതിരെ ശബ്ദിക്കരുത് എന്നൊക്കെ പറയുന്ന കേന്ദ്ര ഭരണനേതൃത്വം സത്യത്തില്‍ ജനങ്ങളെ വഞ്ചിക്കുകയാണു ചെയ്യുന്നത്.

പൗരത്വനിയമം നടപ്പിലാക്കുന്നതിനോടു മുമ്പു ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരെടുത്ത സമീപനം എന്തുകൊണ്ട് ഈ സര്‍ക്കാരെടുക്കുന്നില്ല? പട്ടിണിയും വിലക്കയറ്റവും മൂലം പൊറുതി മുട്ടിയിട്ടും ഹിന്ദുവും മുസ്സല്‍മാനും ക്രിസ്ത്യാനിയും കൈകോര്‍ത്താണു കഴിഞ്ഞുപോകുന്നത്. മൊത്തത്തില്‍ ജാതിയുടെയും മതത്തിന്‍റെയും പേരില്‍ ശത്രുതയോ വഴക്കോ ഇല്ലാതെ ശാന്തമായി കഴിയുമ്പോള്‍ എങ്ങനെയെങ്കിലും ജനങ്ങളെ തമ്മിലടിപ്പിക്കുവാനും അതുമൂലം പകയുടെ വിത്തുപാകി എല്ലാ ഭാരതീയരും സഹോദരീസഹോദരന്മാരാണെന്ന ചിന്ത രാജ്യത്തില്‍ നിന്നും മാറ്റി ഒരു പ്രത്യേക മതത്തിന്‍റെ രാജ്യമാക്കി മാറ്റുവാന്‍ ഒരുമ്പെടുമ്പോള്‍ ജനങ്ങള്‍ കണ്ണുമടച്ചു വിഡ്ഢികളായി, പ്രതികരിക്കാതിരിക്കണം എന്ന ധാര്‍ഷ്ട്യം ഒരു ജനാധിപത്യ സര്‍ക്കാരിനും പാടില്ല.

രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളെയെല്ലാംഅടിച്ചമര്‍ത്തി കഴിഞ്ഞാല്‍ അവരെല്ലാവരും ഇന്ത്യ വിട്ട് എവിടെ പോകും? അഭയാര്‍ത്ഥികളായി പല രാജ്യങ്ങളിലും പോകണമെന്നാണു സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ അതിനു വലിയ വിലതന്നെ കൊടുക്കേണ്ടതായി വരും. സമാധാനവും ശാന്തിയും ഒരുക്കി ഓരോ പ്രജയെയും സംരക്ഷിക്കേണ്ടതിനു പകരം രാജ്യത്തുടനീളം അരാജകത്വം സൃഷ്ടിക്കുകയല്ലേ ഈ സര്‍ക്കാര്‍ ചെയ്യുന്നത്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org