ദിവ്യബലിയോടുള്ള അനാദരവല്ലേ?

പി.ഒ. ലോനന്‍, കോന്തുരുത്തി

സത്യദീപം ലക്കം 27-ല്‍ 'ദിവ്യബലിയോടുള്ള അനാദരവല്ലേ?' എന്ന അഡ്വ. ഫിലിപ്പ് പഴേമ്പള്ളിയുടെ കത്തു കണ്ടു. വിശുദ്ധ കുര്‍ബാനയ്ക്കിടയ്ക്ക് അറിയിപ്പുകളും സഭാബാഹ്യമായ മറ്റു കാര്യങ്ങളും കടന്നുകൂടുന്നു എന്നാണല്ലോ അദ്ദേഹത്തിന്‍റെ പരിദേവനം. എന്നാല്‍ ഇതു രണ്ടും ഒഴിവാക്കാവുന്നതാണോ? വാരാന്ത്യത്തില്‍ ഒരുമിച്ചു കൂടുന്ന വിശ്വാസിയെ പലതും അറിയിക്കാനുണ്ടാകുമല്ലോ? സന്ദര്‍ഭം ആവശ്യപ്പെടുന്ന അവസരത്തില്‍ മിതമായി പൊതുകാര്യങ്ങള്‍ പറഞ്ഞാല്‍ എന്താണു തെറ്റ്. ഫ്രാന്‍സിസ് മാര്‍പാപ്പപോലും അതു വേണ്ടെന്നുവയ്ക്കുന്നില്ല എന്നു നാം മനസ്സിലാക്കുന്നു.

പിന്നെ ഇടയലേഖനത്തിന്‍റെ കാര്യം. അടുത്തകാലത്തായി അതിന്‍റെ എണ്ണം കുറയുകയല്ലേ? ഒരു മുപ്പതു കൊല്ലാം പിറകോട്ടു പോയാല്‍ അതിന്‍റെ എണ്ണം കൂടുതലായിരുന്നുവെന്നു കാണാം; ദൈര്‍ഘ്യവും അങ്ങനെതന്നെ. ഇടയലേഖനം കുര്‍ബാനയ്ക്കു മുമ്പോ ശേഷമോ വായിച്ചാല്‍പ്പോരേ എന്ന ചോദ്യം പ്രായോഗികമാണോ? വിശ്വാസികള്‍ കേള്‍ക്കാനാണു വായിക്കുന്നതെങ്കില്‍ ഈ രണ്ടു സമയവും ശരിയല്ല. സാധാരണ ഗതിയില്‍ ഇപ്പോള്‍ കുര്‍ബാനയ്ക്കു പള്ളി നിറയുന്നതു ബൈബിള്‍ വായനയോടടുപ്പിച്ചാണ്. കുര്‍ബാന കഴിഞ്ഞാല്‍ ഒരു പാച്ചിലാണ്. പിന്നെ, വൈദികരും എന്തു ചെയ്യും? അതുകൊണ്ട് അടിച്ചു വഴിയെ പോകാത്തതിനാല്‍ പോയ വഴിയെ അടിക്കുകയാണ്. ഇതിനൊക്കെ ബോധവത്കരണം ആവശ്യമായിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org