വണക്കമാസാചരണങ്ങളുടെ പ്രസക്തി

പി.ഒ. ലോനന്‍, കോന്തുരുത്തി

വണക്കമാസാചരണങ്ങളുടെ പ്രസക്തി എന്ന വി.എം. ഉലഹന്നാന്‍റെ ലേഖനം (ലക്കം 41) ഏറെ പ്രസക്തവും കാലോചിതവുമായിരുന്നു. വണക്കമാസ പുസ്തകങ്ങള്‍ ആവശ്യമായി വന്ന സാഹചര്യവും അതിന്‍റെ ഉത്ഭവചരിത്രവും ഏറെക്കുറെ സമഗ്രമായി വിവരിച്ചിരിക്കുന്നത് കൗതുകകരമാണ്. ഇപ്പോള്‍ 70 പിന്നിട്ട എന്‍റെ ചെറുപ്പകാലത്ത് ഓരോ ഭവനത്തിലും ഇത് ഉത്സവംപോലെ കൊണ്ടാടിയിരുന്നത് ഓര്‍ക്കുന്നു.

ആ നല്ല നാളുകള്‍ എങ്ങോ പോയ്മറഞ്ഞു. ഇന്നു വീടുകളില്‍ വണക്കമാസവായന അപൂര്‍വമായിരിക്കുന്നു. ഇപ്പോള്‍ പുതിയ പുസ്തകമാണല്ലോ? ആദ്യകാലത്തെ പുസ്തകങ്ങളില്‍ ശുദ്ധ മലയാളമല്ലാത്ത പാട്ടുകളും അവിശ്വസനീയമായ ചില സംഭവങ്ങളും ഇടംപിടിച്ചിരുന്നു. ഈ വണക്കമാസ പുസ്തകം പരിഷ്കരിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കു വിരല്‍ചൂണ്ടുന്ന ഒരു കത്ത് ഏതാണ്ട് അമ്പതു വര്‍ഷം മുമ്പു ഞാന്‍ സത്യദീപത്തിന് അയച്ചിരുന്നു. അതു പ്രസിദ്ധീകരിക്കുകയും ചെയ്തത് ഇപ്പോഴും ഓര്‍ക്കുന്നു. എല്ലാ പ്രാര്‍ത്ഥനാവശ്യങ്ങള്‍ക്കും ബൈബിള്‍ മാത്രം മതിയെന്ന പ്രചാരവേലയാണോ ഇത്തരം പ്രാര്‍ത്ഥനാസ്തുതിപ്പുകള്‍ അപ്രസക്തമാക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും നമ്മുടെ പൈതൃകസ്വത്തായ പുത്തന്‍പാനയും വണക്കമാസവും നമുക്കു തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org