പള്ളികള്‍ ഭംഗിയുള്ളതും സൗകര്യമുള്ളതുമാകണം

റാണി തോമസ് ഈരത്തറ, എറണാകുളം

2018 ഏപ്രില്‍ 11-ാം തീയതിയിലെ സത്യദീപത്തില്‍ ശ്രീ. ജെയിംസ് കണ്ടത്തില്‍ കണ്ടനാട് എഴുതിയ കത്ത് വായിച്ചു. വലിയ സംഖ്യ ചെലവു വരുന്ന ഒരു കാര്യവും പള്ളികളില്‍ നടത്തരുതെന്ന ഒരു സന്ദേശമാണു കത്തില്‍നിന്നു ലഭിച്ചത്. ആധുനിക മാറ്റങ്ങളോട് നാം പുറംതിരിഞ്ഞു നില്ക്കേണ്ടതുണ്ടോ?

സാധുസംരക്ഷണത്തിന്‍റെ പേരില്‍ നമ്മുടെ പള്ളികളും കപ്പേളകളും വളരെ ജീര്‍ണാവസ്ഥയില്‍ നിലനിര്‍ത്തി കാപട്യം കാണിക്കേണ്ടതുണ്ടോ? ആദര്‍ശത്തിന്‍റെ പേരില്‍ രാപാര്‍ക്കാന്‍ വേണ്ടി മാത്രമുള്ള വീടുകളാണോ നാം പണിയുന്നത്? അയലത്ത് പ്ലാസ്റ്റിക് ഷീറ്റുകളുടെ കീഴില്‍ ജീവിക്കുന്ന സഹോദരനെ കണ്ടുകൊണ്ടു നമ്മുടെ വീടിന്‍റെ മോടി അല്പം കുറച്ച് ആ സഹോദരന് ഓട് മേയാനുള്ള സഹായമെങ്കിലും ചെയ്തുകൊടുക്കാന്‍ തയ്യാറാകുന്നവര്‍ എത്ര പേരുണ്ട്?

പള്ളി പണിയാന്‍ എതിരു നില്ക്കുന്ന ചിലര്‍ക്കെങ്കിലും പ്രത്യേക അജണ്ട ഉണ്ടായിരിക്കും; നിരീക്ഷിച്ചാല്‍ അതു മനസ്സിലാക്കാം. ചിലര്‍ക്കു പള്ളിപണിക്കു നേതൃത്വം കൊടുക്കുന്നവരോടുള്ള അഭിപ്രായവ്യത്യാസമായിരിക്കും. നമ്മുടെ പള്ളികള്‍ ഭംഗിയുള്ളതും സൗകര്യമുള്ളതുമാകട്ടെ. പള്ളി പണിതാലും പണിതില്ലെങ്കിലും സാധുക്കളെ സംരക്ഷിക്കാന്‍ നാം കടപ്പെട്ടവരാണ്.

നേര്‍ച്ചസദ്യയുടെ കാര്യവും എഴുതിയിരുന്നല്ലോ. നമ്മള്‍ ഫാമിലി മീറ്റ് നടത്താറുണ്ടല്ലോ. ഒരേ കുടുംബത്തില്‍പ്പെട്ട എല്ലാവരും ഒരു വീട്ടില്‍ സമ്മേളിക്കുമ്പോള്‍ ഉണ്ടാകുന്ന ആഹ്ലാദം നല്ലതും പരസ്പര സ്നേഹബന്ധങ്ങള്‍ ഉറപ്പിക്കുന്നതുമാണ്. അതുപോലെ തന്നെ ഇടവകാംഗങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒന്നിച്ചുകൂടി കറിക്കരിഞ്ഞു ഭക്ഷണമുണ്ടാക്കുകയും ഒരു പ്രാര്‍ത്ഥനയ്ക്കുശേഷം വലിപ്പ ചെറുപ്പമില്ലാതെ ഒരുമിച്ചിരുന്നു ഭക്ഷിക്കുകയും ചെയ്യുന്നത് ഒരു മനോഹര കാഴ്ചയല്ലേ? അത് പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. വെറും ഒരു സദ്യ അല്ലെങ്കില്‍ സമൃദ്ധമായ ഒരു ഭക്ഷണം എന്നതിലുപരി വിശ്വാസികളുടെ ഒരു കൂട്ടായ്മയായി ഇതിനെ കാണേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org